ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് സന്തോഷവാർത്ത! ഇന്ന് ജൂലൈ 1 മുതൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ നിരവധി മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേ പുതിയൊരു മൊബൈൽ ആപ്ലിക്കേഷവും എത്തുന്നു. പിഎൻആർ, പാഴ്‌സൽ വിവരങ്ങൾ മുതൽ ഐആർസിടിസി ടിക്കറ്റ് ബുക്കിംഗ് വരെ ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഉറപ്പാക്കാം. എല്ലാ ഓൺലൈൻ റെയിൽവേ സേവനങ്ങളും ആക്‌സസ് ചെയ്യാൻ കഴിയുന്ന ഈ പുതിയ ആപ്പാണ് റെയിൽവൺ. ഇന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഈ ആപ്ലിക്കേഷൻ അവതരിപ്പിച്ചത്.
റെയിൽവൺ ആപ്ലിക്കേഷൻ: പ്രധാന അപ്ഡേറ്റ്
റെയിൽവൺ ആപ്ലിക്കേഷൻ ഐആർസിടിസി ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കുക മാത്രമല്ല, നിലവിലുള്ള 'അൺറിസർവ്ഡ് ടിക്കറ്റുകൾ ഉറപ്പാക്കാനും ഈ ആപ്പിലൂടെ സാധിക്കും. അതായത്, പ്ലാറ്റ്‌ഫോം ടിക്കറ്റുകളും, അൺറിസർവ്ഡ് വിഭാഗത്തിലുള്ള ട്രെയിൻ ടിക്കറ്റുകളും റെയിൽവൺ ആപ്ലിക്കേഷൻ വഴി വാങ്ങാൻ സാധിക്കും. യാത്രക്കാരുടെ സുരക്ഷയ്ക്ക് റെയിൽവേ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ടെന്നും, റെയിൽവൺ ആപ്ലിക്കേഷന്റെ പ്രധാന സവിശേഷതകൾ എടുത്തുപറഞ്ഞുകൊണ്ട് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

റെയിൽവൺ ആപ്ലിക്കേഷന്റെ പ്രധാന സവിശേഷതകൾ
- ഏകദേശം ഐആർസിടിസി, യുടിഎസ് ആപ്ലിക്കേഷനുകളിലെ എല്ലാ ഫീച്ചറുകളും റെയിൽവൺ ആപ്ലിക്കേഷനിലുമുണ്ട്. കൂടാതെ, ട്രെയിൻ സ്റ്റാറ്റസ് പരിശോധിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.
- യാത്ര ആരംഭിക്കുന്ന സ്റ്റേഷന്റെ പേരും, ലക്ഷ്യസ്ഥാനവും നൽകി ട്രെയിനുകൾ സെർച്ച് ചെയ്യാൻ സാധിക്കും. യാത്രയുടെ തീയതിയും ഇതിനൊപ്പം നൽകണം.
- ഐആർസിടിസി ആപ്ലിക്കേഷനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതുപോലെ, റെയിൽവൺ ഉപയോഗിച്ചും 'റിസർവ്ഡ്' ടിക്കറ്റ് ഓപ്ഷൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതിനായി യാത്രയുടെ ആരംഭ, അവസാന സ്റ്റേഷനുകൾ, തീയതി, യാത്രാ വിഭാഗം എന്നിവ തിരഞ്ഞെടുക്കണം. റിസർവ്ഡ് ടിക്കറ്റ് ബുക്കിംഗിന് പുറമെ, അൺറിസർവ്ഡ് ടിക്കറ്റുകളും, പ്ലാറ്റ്‌ഫോം ടിക്കറ്റുകളും റെയിൽവൺ ആപ്ലിക്കേഷൻ വഴി എടുക്കാവുന്നതാണ്.
- പിഎൻആർ സ്റ്റാറ്റസ് പരിശോധന, ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യൽ, റീഫണ്ട് ഫയൽ ചെയ്യൽ തുടങ്ങിയ സൗകര്യങ്ങളും ആപ്ലിക്കേഷനിലുണ്ട്.
ഐആർസിടിസി ആപ്പിൽ നിന്ന് റെയിൽവൺ എങ്ങനെ വ്യത്യസ്തമാകുന്നു?
ഐആർസിടിസി ആപ്ലിക്കേഷനിലുള്ള എല്ലാ ഫീച്ചറുകളും റെയിൽവണിനുണ്ടെങ്കിലും, ചില പ്രത്യേകതകൾ ഇതിനെ വേറിട്ടതാക്കുന്നു. അൺറിസർവ്ഡ് ടിക്കറ്റുകൾ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ എന്നിവ ബുക്ക് ചെയ്യാനുള്ള സൗകര്യം ഐആർസിടിസി ആപ്ലിക്കേഷനിലില്ല. ട്രെയിനിന്റെ റണ്ണിംഗ് സ്റ്റാറ്റസ്, കോച്ച് പൊസിഷൻ, ട്രെയിൻ ഷെഡ്യൂൾ എന്നിവയെല്ലാം ആപ്ലിക്കേഷനിൽ ലഭ്യമാണ്. മാത്രമല്ല ഈ പുതിയ ആപ്പിൽ ഒന്നിലധികം പാസ്‌വേഡുകൾ ഉപയോഗിക്കാതെ ഒറ്റത്തവണ മാത്രം സൈൻ ഇൻ ചെയ്താൽ മതി.
റെയിൽ വൺ ആപ്പ്: എങ്ങനെ ലോഗിൻ ചെയ്യാം?
- ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് റെയിൽവൺ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
- മൊബൈൽ നമ്പറും, ഇമെയിൽ ഐഡിയും ഉപയോഗിച്ച് പുതിയ അക്കൗണ്ട് ആരംഭിക്കുക. ഐആർസിടിസിയിലോ യുടിഎസിലോ അക്കൗണ്ടുള്ളവർക്ക് അതേ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്.
- നിങ്ങൾക്ക് നിലവിൽ ഐആർസിടിസി അക്കൗണ്ട് ഉണ്ടെങ്കിൽ, ആ വിവരങ്ങൾ നൽകുക.
- ഒടിപി കോഡ് നൽകി ലോഗിൻ ചെയ്യാം.
റെയിൽവേ യാത്രക്കാരുടെ സൗകര്യത്തിനായി പുറത്തിറക്കിയ റെയിൽവൺ ആപ്ലിക്കേഷൻ എല്ലാത്തരം സേവനങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുന്നു.
തത്കാൽ ബുക്കിംഗ്
തത്കാൽ ബുക്കിംഗിലെ സുപ്രധാന മാറ്റവും ഇന്നു മുതലാണ് ആരംഭിച്ചത്. ഇന്ന് ജൂലൈ 1 മുതൽ അധാർ പരിശോധനയിലൂടെ മാത്രമേ ഇനി ഉപയോക്താക്കൾക്ക് തത്കാൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവാദമുള്ളൂ. ജൂലൈ അവസാനത്തോടെ ഒടിപി അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണവും നിർബന്ധമാക്കും.


Click it and Unblock the Notifications