2025 ലെ കേന്ദ്ര ബജറ്റിൽ വമ്പൻ നികുതി ഇളവുകളായിരുന്നു ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ സാധാരണക്കാർക്ക് പുതിയൊരു സന്തോഷ വാർത്ത കൂടി എത്തിയിരിക്കുന്നു. ഇന്ന് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി (MPC) പോളിസി റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 6.25% ശതമാനമാക്കാൻ ഏകകണ്ഠമായി തീരുമാനിച്ചു.
റിപ്പോ നിരക്ക് കുറച്ചതോടെ വായ്പ എടുക്കുന്നവർക്ക് വലിയ ആശ്വാസമേകുന്നു. വ്യക്തിഗത വായ്പകൾ, ഭവന വായ്പകൾ, കാർ വായ്പകൾ തുടങ്ങിയവയുടെ പലിശ നിരക്ക് കുറയും. 2023 ഫെബ്രുവരിക്ക് ശേഷം ആദ്യമായിട്ടാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. മാത്രമല്ല ആർ.ബി.ഐ ഗവർണറായി സ്ഥാനമേറ്റതിനു ശേഷം സഞ്ജയ് മൽഹോത്രയുടെ ആദ്യത്തെ മോണിറ്ററി പോളിസി കമ്മിറ്റിയാണ് ഇന്ന് നടന്നത്. മുൻ ഗവർണർ ശക്തികാന്ത ദാസിന്റെ കീഴിൽ തുടർച്ചയായി 11 പോളിസികൾക്ക് നിരക്കുകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
ഫെബ്രുവരി 5 മുതൽ ആറ് അംഗ എം.പി.സിയുടെ മൂന്ന് ദിവസത്തെ നയരൂപീകരണ യോഗത്തിൽ സഞ്ജയ് മൽഹോത്ര അധ്യക്ഷത വഹിച്ചു. അതിന്റെ ഭാഗമായിട്ടാണ് ഇന്ന് നയങ്ങൾ പ്രഖ്യാപിച്ചത്. ഇത് സാധാരണക്കാരെ വലിയ രീതിയിൽ സ്വാധീനിക്കുന്നു. പലിശ നിരക്ക് 25 ബിപിഎസ് കുറച്ചതോടെ വായ്പകളുടെ പലിശ നിരക്ക് കുറയുന്നു. ഇത് പ്രധാനമായും ഭവന വായ്പകൾ എടുക്കുന്നവർക്കും വ്യക്തിഗത വായ്പകൾ എടുക്കുന്നവർക്കും വലിയ ആശ്വാസം തരുന്നു.

പലിശ നിരക്കിന്റെ ചരിത്രം....
ശക്തികാന്ത ദാസിന്റെ നേതൃത്വത്തിൽ ആർ.ബി.ഐ 2023 ഫെബ്രുവരി മുതൽ 2024 ഡിസംബർ വരെയുള്ള പണനയങ്ങൾക്കിടയിൽ തുടർച്ചയായി 11-ാം തവണയും പലിശ നിരക്ക് മാറ്റമില്ലാതെ 6.5% ആയി നിലനിർത്തി. ഇതിന്റെ ഫലമായി സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്.ഡി.എഫ്) നിരക്ക് മുമ്പ് 6.25 ശതമാനത്തിൽ തന്നെയായിരുന്നു നിലനിർത്തിയത്. അതേസമയം മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എം.എസ്.എഫ്) നിരക്കും ബാങ്ക് നിരക്കും 6.75 ശതമാനമായിട്ടാണ് നിലനിർത്തിയത്.
റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം മൂലമുള്ള കടുത്ത പണപ്പെരുപ്പ സമ്മർദ്ദം പലിശ നിരക്ക് വർദ്ധിപ്പിക്കാൻ കാരണമായി. അതിന്റെ ഭാഗമായി 2022 മെയ് മുതൽ 2023 ഫെബ്രുവരി വരെ റിപ്പോ നിരക്ക് 250 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചു. ആർ.ബി.ഐ മാത്രമല്ല ലോകത്തെ എല്ലാ സെൻട്രൽ ബാങ്കുകളും പ്രധാന പലിശ നിരക്കുകൾ ഉയർത്താൻ നിർബന്ധിതരായി. എന്നാൽ ആർബിഐയിൽ നിന്ന് വ്യത്യസ്തമായി യു.എസ് റിസർവ് ഫെഡും മറ്റ് സമ്പദ്‌വ്യവസ്ഥകളിലെ സെൻട്രൽ ബാങ്കുകളും 2024 ൽ നിരക്ക് ഗണ്യമായി ലഘൂകരിച്ചു.


Click it and Unblock the Notifications