മകരവിളക്ക് മഹോത്സവത്തിന് ശബരിമല ഒരുങ്ങി; ഒരു ലക്ഷത്തിലധികം ഭക്തരെ പ്രതീക്ഷിക്കുന്നു, ഒരുക്കങ്ങൾ പൂർത്തിയായി

ശബരിമലയിലെ 41 ദിവസം നീണ്ടുനിന്ന മണ്ഡലകാല തീർത്ഥാടനത്തിന് സമാപനമായതോടെ, ഇപ്പോൾ മകരവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ സന്നിധാനത്ത് പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഓരോ വർഷവും ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന ശബരിമലയിൽ, ഇത്തവണയും തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മകരവിളക്ക് ദർശനത്തിനായി സന്നിധാനത്തും പമ്പയിലും വിപുലമായ സുരക്ഷാ-സൗകര്യ ക്രമീകരണങ്ങൾ പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

മകരവിളക്ക് ദിനത്തിൽ ഒരു ലക്ഷത്തിലധികം ഭക്തർ ദർശനത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത 35,000 പേരും ഉൾപ്പെടുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. ഭക്തർക്ക് സുരക്ഷിതമായി മകരജ്യോതി ദർശിക്കുന്നതിനായി സന്നിധാനത്തെ പ്രധാന പോയിന്റുകളിലെ ക്രമീകരണങ്ങൾ പ്രസിഡന്റും ഉന്നത ഉദ്യോഗസ്ഥരും നേരിട്ട് വിലയിരുത്തി.

മകരവിളക്കിനോടനുബന്ധിച്ച് പമ്പ മുതൽ സന്നിധാനം വരെയും പുല്ലുമേട് ഉൾപ്പെടെയുള്ള കാനന പാതകളിലും അതീവ ജാഗ്രതയാണ് പോലീസ് പുലർത്തുന്നത്. തീർത്ഥാടകർക്ക് ആവശ്യമായ കുടിവെള്ളം, ലഘുഭക്ഷണം, വൈദ്യസഹായം എന്നിവ ഉറപ്പാക്കാൻ വിവിധ വകുപ്പുകൾ ഏകോപിതമായി പ്രവർത്തിക്കുന്നു. അപകടസാധ്യതയുള്ള ഇടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചും വോളന്റിയർമാരെ വിന്യസിച്ചും സുരക്ഷാ സന്നാഹം ശക്തമാക്കിയിട്ടുണ്ട്.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്തർക്ക് മകര ജ്യോതി ദർശനത്തിനായി അനുവദിച്ചിട്ടുള്ള പ്രത്യേക സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുൻകൂട്ടി നൽകുന്നത് സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ സുഗമമാക്കാൻ സഹായിക്കും. മാത്രമല്ല മകരവിളക്ക് ദർശനത്തിനുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായി, ജനുവരി 12 ന് സ്പോട്ട് ബുക്കിംഗ് നിർത്തലാക്കും.

മകരജ്യോതി ദർശന കേന്ദ്രങ്ങൾ

മകരജ്യോതി ദർശിക്കുന്നതിനായി സന്നിധാനത്ത് ഏകദേശം 15 സ്ഥലങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിരുമുറ്റം, മാളികപ്പുറം, അന്നദാനം മണ്ഡപം, പാണ്ടിത്താവളം, ഡോണർ ഹൗസ് അങ്കണം, ഇൻസിനറേറ്റർ ഏരിയ, പാണ്ടിത്താവളം, വാട്ടർ ടാങ്ക് ഏരിയ, ഹോട്ടൽ സമുച്ചയത്തിന് പിന്നിലെ ഗ്രൗണ്ട്, ദർശൻ കോംപ്ലക്സ്, ബിഎസ്എൻഎൽ ഓഫീസ് പരിസരം, കൊപ്രക്കളം, ആഴിക്ക് സമീപം, ജ്യോതി നഗർ, ഫോറസ്റ്റ് ഓഫീസ് പരിസരം, വാട്ടർ അതോറിറ്റി ഓഫീസ് പരിസരം എന്നിവയാണ് പ്രധാന സ്ഥലങ്ങൾ. പമ്പയിൽ കുന്നിൻ മുകളിലെ പ്രദേശവും ജ്യോതി ദർശനത്തിനായി ലഭ്യമാകും.

മകരവിളക്കിന് ശബരിമല ഒരുങ്ങി; ഒരു ലക്ഷത്തിലധികം ഭക്തരെ പ്രതീക്ഷിക്കുന്നു

അയ്യപ്പ ഭക്തരുടെ ശ്രദ്ധയ്ക്ക്

  • മകരവിളക്ക് കാണുന്നതിനായി ഭക്തർ കെട്ടിടങ്ങൾക്ക് മുകളിൽ കയറാൻ പാടില്ല
  • പർണശാലയിൽ താമസിക്കുന്നവർ ഭക്ഷണം പാകം ചെയ്യരുത്.
  • പോലീസും വനം ഉദ്യോഗസ്ഥരും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
  • ദർശനത്തിനുശേഷം ഭക്തർ കൂട്ടത്തോടെ മലയിറങ്ങരുത്.

സൗജന്യ ഭക്ഷണം ഉണ്ടായിരിക്കും.

മകരവിളക്ക് ദർശനത്തിനായി ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് സന്നിധാനത്ത് വിപുലമായ അന്നദാന സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി. ബിജു അറിയിച്ചു. ഭക്തർക്കായി പാണ്ടിത്താവളത്തിലും പർണശാലയിലുമാണ് സൗജന്യ ഭക്ഷണ വിതരണം ക്രമീകരിച്ചിരിക്കുന്നത്. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജനുവരി 13-ന് ഉച്ചയ്ക്കും രാത്രിയിലും, മകരവിളക്ക് ദിനമായ ജനുവരി 14-ന് മൂന്ന് നേരവും ഭക്തർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും.

സന്നിധാനത്തുള്ള എല്ലാ തീർത്ഥാടകർക്കും തടസ്സമില്ലാതെ ലഘുഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കും. മകരവിളക്ക് ദർശനത്തിനായി ഭക്തർ മണിക്കൂറുകളോളം കാത്തുനിൽക്കുന്ന സാഹചര്യത്തിലാണ് ഈ പ്രത്യേക ക്രമീകരണങ്ങൾ. മകരവിളക്ക് ദർശനത്തിന് ശേഷം മലയിറങ്ങുന്ന ഭക്തർക്കായി പമ്പയിൽ കൂടുതൽ ഭക്ഷണശാലകളും കുടിവെള്ള കൗണ്ടറുകളും തുറക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചു.

കെഎസ്ഇബിയും കൈകോർത്തു

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർത്ഥാടകർ തങ്ങുന്ന പ്രധാന കേന്ദ്രങ്ങളിലെല്ലാം തടസ്സമില്ലാത്ത വൈദ്യുതി വിതരണവും വെളിച്ചവും ഉറപ്പാക്കാൻ സജ്ജമായി കെഎസ്ഇബി. മകരജ്യോതി ദർശനത്തിനായി ഭക്തർ ഏറ്റവും കൂടുതൽ തടിച്ചുകൂടുന്ന സന്നിധാനം, പാണ്ടിത്താവളം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ വിപുലമായ സജ്ജീകരണങ്ങളാണ് പൂർത്തിയായിരിക്കുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈ മേഖലകളിലായി 3,000ലധികം ഹൈമാസ്റ്റ് - എൽ.ഇ.ഡി ലൈറ്റുകൾ ഇതിനോടകം സ്ഥാപിച്ചു.

തീർത്ഥാടകർക്ക് രാത്രികാലങ്ങളിൽ സുരക്ഷിതമായി മലകയറുന്നതിനും സന്നിധാനത്ത് തങ്ങുന്നതിനും ആവശ്യമായ പ്രകാശം ഉറപ്പാക്കുന്നതിനായി നിലവിലുള്ള ലൈറ്റുകൾക്ക് പുറമെ അധികമായി താത്കാലിക ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. സന്നിധാനത്തെ വിവിധ പോയിന്റുകളിൽ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ പ്രത്യേക കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിക്കും

മകരജ്യോതി ദർശനത്തിനുള്ള സ്ഥലങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ നേരിട്ടെത്തി വിലയിരുത്തി. തീർത്ഥാടകർ ഏറ്റവും കൂടുതലുണ്ടാവുന്ന പഞ്ഞിപ്പാറ, ഇലവുങ്കൽ, നെല്ലിമല, അട്ടത്തോട് വെസ്റ്റ് അപ്‌ലാൻഡ്‌സ്, അട്ടത്തോട് എന്നിവിടങ്ങളിലെ ഒരുക്കങ്ങളാണ് അദ്ദേഹം അവലോകനം ചെയ്തത്. കൂടാതെ, ളാഹ വനം വകുപ്പ് ഓഫീസിന് സമീപമുള്ള തിരുവാഭരണ ഘോഷയാത്രയുടെ വിശ്രമ കേന്ദ്രവും അദ്ദേഹം സന്ദർശിച്ചു.

ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പഞ്ഞിപ്പാറ, ഇലവുങ്കൽ, നെല്ലിമല ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ശക്തമായ ബാരിക്കേഡുകൾ സ്ഥാപിക്കാൻ കളക്ടർ നിർദ്ദേശം നൽകി. എല്ലാ ദർശന ഇടങ്ങളിലും ആരോഗ്യ വകുപ്പിന്റെ ആംബുലൻസ് സേവനവും ഫയർ ആൻഡ് റെസ്‌ക്യൂ യൂണിറ്റുകളും ഉണ്ടായിരിക്കും.

തിരക്ക് നിയന്ത്രിക്കുന്നതിനായി പോലീസും വോളന്റിയർമാരും ഈ കേന്ദ്രങ്ങളിൽ സേവനമനുഷ്ഠിക്കും. ദർശനം കഴിഞ്ഞ് ഭക്തർ മടങ്ങുമ്പോൾ ഉണ്ടാകാനിടയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇലവുങ്കൽ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X