സ്വർണ വില കുതിച്ചുയരുന്ന ഈ കാലത്ത് സ്വർണം കൊണ്ടൊരു വസ്ത്രം അണിഞ്ഞാലോ? ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്വർണത്തിൽ നിർമ്മിച്ച വസ്ത്രത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിരിക്കുന്നു. സൗദി അറേബ്യ ആസ്ഥാനമായുള്ള അൽ റൊമൈസാൻ ഗോൾഡ് ആൻഡ് ജ്വല്ലറി കമ്പനിയാണ് "ദുബായ് ഡ്രസ്സ്" എന്ന പേരിട്ടിരിക്കുന്ന ഈ വസ്ത്രം സൃഷ്ടിച്ചത്. ഈ വസ്ത്രം നിലവിൽ ഷാർജയിലെ 56-ാമത് വാച്ച് ആൻഡ് ജ്വല്ലറി എക്സ്പോ പവലിയനിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
4.6 ദശലക്ഷം ദിർഹം വിലമതിക്കുന്ന ശുദ്ധമായ 21 കാരറ്റ് സ്വർണത്തിൽ നിർമ്മിച്ച 10.0812 കിലോഗ്രാം ഭാരമുള്ള ഈ "ദുബായ് ഡ്രസ്സ്" ആരെയും മനംമയക്കുന്നു. 10.0812 കിലോഗ്രാം ഭാരമുള്ള ഈ വസ്ത്രത്തിന് 398 ഗ്രാം ഭാരമുള്ള ഒരു സ്വർണ്ണക്കിരീടം, 8,810.60 ഗ്രാം ഭാരമുള്ള മാല, 134.1 ഗ്രാം ഭാരമുള്ള കമ്മലുകൾ, 738.5 ഗ്രാം ഭാരമുള്ള ഹിയാർ അഥവാ അരക്കെട്ടിനുള്ള ആഭരണം എന്നിവ ഉൾപ്പെടുന്നു.
ഈ "ദുബായ് ഡ്രസ്സ്" പൂർണ്ണമായും 21 കാരറ്റ് സ്വർണം കൊണ്ട് നിർമ്മിച്ചിരിക്കുന്നു. 4.6 ദശലക്ഷം ദിർഹമാണ് ഈ വസ്ത്രത്തിൻ്റെ വില. മാസങ്ങളുടെ അധ്വാനത്തിലൂടെയാണ് ഈ സൃഷ്ടി അതിൻ്റെ പൂർണരൂപത്തിലേക്ക് എത്തിയിരിക്കുന്നത്.
ആഗോള ശ്രദ്ധയാകർഷിച്ച എക്സ്പോ
ഷാർജ എക്‌സ്‌പോ സെന്ററിൽ നടന്ന അന്താരാഷ്ട്ര ജ്വല്ലറി പ്രദർശനത്തിന് മികച്ച പ്രതികരണം നേടി മുന്നേറുന്നുണ്ട്. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ പിന്തുണയോടെ അഞ്ചുദിവസം നീണ്ടുനിന്ന ഈ പ്രദർശനം, ലോകത്തിലെ ഏറ്റവും വലിയ സ്വർണ-ആഭരണ വ്യാപാര പരിപാടികളിലൊന്നായി മാറി.

500-ലധികം പ്രാദേശിക, അന്താരാഷ്ട്ര പ്രദർശകരും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1800-ലധികം ഡിസൈനർമാർ, നിർമ്മാതാക്കൾ, വ്യവസായ പ്രൊഫഷണലുകൾ എന്നിവരും മേളയിൽ പങ്കെടുത്തു. ഈ വർഷത്തെ പ്രദർശനത്തിന്റെ പ്രധാന ആകർഷണം, പങ്കെടുത്തവരിൽ 68% പേരും യു.എ.ഇക്ക് പുറത്തുനിന്നുള്ളവരായിരുന്നു എന്നതാണ്. അത് മേളയുടെ ആഗോള വ്യാപ്തിയെ കണക്കാക്കുന്നു.
ഇറ്റലി, ഇന്ത്യ, തുർക്കി, യുണൈറ്റഡ് സ്റ്റേറ്റ്സ്, റഷ്യ, യുണൈറ്റഡ് കിംഗ്ഡം, ജപ്പാൻ, ചൈന, സിംഗപ്പൂർ, ഹോങ്കോങ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ ആഭരണ നിർമ്മാതാക്കളും പ്രൊഫഷണലുകളും മേളയിൽ പങ്കെടുത്തു. ഓസ്‌ട്രേലിയ, മ്യാൻമർ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇത്തവണ ആദ്യമായി പ്രദർശകരെത്തി. ഇത് മേളയുടെ അന്താരാഷ്ട്ര പ്രാതിനിധ്യം വർദ്ധിപ്പിച്ചു.
സൗദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈൻ, കുവൈറ്റ്, ലെബനൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ പ്രദർശകരുടെ സാന്നിധ്യവും എടുത്തു പറയേണ്ട കാര്യമാണ്. സ്വർണ-ആഭരണ വ്യവസായത്തിലെ പ്രധാന കേന്ദ്രമെന്ന നിലയിൽ ഷാർജയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ മേള.
ഉദ്ഘാടന ചടങ്ങ്
ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെയും എക്‌സ്‌പോ സെന്റർ ഷാർജയുടെയും ചെയർമാനായ അബ്ദുള്ള സുൽത്താൻ അൽ ഒവൈസാണ് ഈ സ്വർണ പ്രദർശനം ഉദ്ഘാടനം ചെയ്തത്. എക്‌സ്‌പോ സെന്റർ ഷാർജ സിഇഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ, മുതിർന്ന ഉദ്യോഗസ്ഥർ, നയതന്ത്ര പ്രതിനിധികൾ, സ്വർണ-ആഭരണ രംഗത്തെ പ്രമുഖർ എന്നിവരും ഉത്ഘാടന ചടങ്ങിൽ പങ്കെടുത്തു.
പ്രധാന സ്പോൺസർമാരായ അൽ റൊമൈസാൻ ഗോൾഡ് ആൻഡ് ജ്വല്ലറി, സേലം അൽ ഷുഐബി ജ്വല്ലറി എന്നിവയുടെ സ്റ്റാളുകളിലെ ഏറ്റവും പുതിയ ഡിസൈനുകളും നൂതന ആഭരണങ്ങളും മേളയിൽ ഏറെ ശ്രദ്ധയാകർഷിച്ചു.
മേളയിൽ നിരവധി പരിപാടികൾ ഒരുക്കി
ഈ മേളയിൽ വിവിധ പരിപാടികളും നടന്നു. വർക്ക്‌ഷോപ്പുകൾ, തത്സമയ പ്രദർശനങ്ങൾ, മത്സരങ്ങളും നറുക്കെടുപ്പുകളുമാണ് നടന്നത്. കാണികളെ ആകർഷിക്കാൻ മേളയിൽ ഇത്തവണ ഓഡി A3 കാറും ആഡംബര സ്വർണ-വജ്ര സെറ്റുകളുമെല്ലാം സമ്മാനമായി നൽകുന്ന നറുക്കെടുപ്പുകളും നടന്നു. ഇത് ശ്രദ്ധേയമായിരുന്നു. പ്രദർശനത്തിന്റെ സമാപനത്തിൽ വിജയികളെ പ്രഖ്യാപിക്കും.
സമയക്രമം
കാണികൾക്കായുള്ള പ്രദർശന സമയം വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 10 മണി വരെയും, വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 10 മണി വരെയുമാണ്. ഇത് സൗജന്യ പ്രവേശനമാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications