ദില്ലി: കൊവിഡ് വ്യാപനത്തോടെ ലോകത്ത് എണ്ണവിപണി കുത്തനെ ഇടിഞ്ഞിരിക്കുകയായിരുന്നു. എണ്ണ അടിസ്ഥാനമായ സമ്പദ് ഘടനകള്‍ എല്ലാം കടുത്ത വെല്ലുവിളികളാണ് നേരിട്ടത്. എന്തായാലും ഇപ്പോല്‍ അസംസ്‌കൃത എണ്ണവില പതിയെ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്.
ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിയുമ്പോഴും ഇന്ത്യയില്‍ മാത്രം എണ്ണവില ഉയരുകയായിരുന്നു. എന്തായാലും കഴിഞ്ഞ രണ്ട് മാസത്തോളം ഇന്ത്യയില്‍ ഇന്ധനവിലയില്‍ വര്‍ദ്ധനയില്ലാതെ തുടര്‍ന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇന്ധനവില കുതിച്ചുയരുകയാണ്. അതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാം...

ഒരാഴ്ചയില്‍ ആറ് തവണ
കഴിഞ്ഞ ഒരാഴ്ചയില്‍ ഇന്ത്യയില്‍ ഇന്ധനവില വര്‍ദ്ധിച്ചത് ആറ് തവണയാണ്. അതായത്, ഏഴ് ദിവസത്തിനുള്ളില്‍ ആറ് തവണ ഇന്ധനവില കൂടി എന്ന്. പെട്രോള്‍ വില വര്‍ദ്ധന ഏതാണ്ട് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തുടങ്ങിയതാണ് എന്നുകൂടി ഓര്‍ക്കണം.

പുതിയ വില ഇങ്ങനെ
ദില്ലിയില്‍ നവംബര്‍ 26 ന് പെട്രോള്‍ വില ലിറ്ററിന് 81.59 രൂപയായി. 11 പൈസയുടേതാണ് വര്‍ദ്ധന. ഡീസലിന് 21 പൈസ കൂടി 71.62 രൂപയായി. മുംബൈയില്‍ പെട്രോളിന് 88.40 രൂപയും ഡീസലിന് 78.12 രൂപയും ആണ് വില. ചെന്നൈയില്‍ ഇത് 84.74 രൂപയും 77.08 രൂപയും ആണ്. കൊല്‍ക്കത്തയില്‍ എത്തുമ്പോള്‍ പെട്രോള്‍ വില 83.26 രൂപയും ഡീസല്‍ വില 75.19 രൂപയും ആണ്.

വീണ്ടും പഴയതുപോലെ
ഒരാഴ്ചയ്ക്കുള്ളില്‍ ദില്ലിയില്‍ പെട്രോളിന്റെ വിലയില്‍ ഉണ്ടായത് 64 പൈസയുടെ വര്‍ദ്ധനയാണ്. ഡീസല്‍ വിലയില്‍ 1.16 രൂപയുടേതും. ചെറുതെങ്കിലും, പ്രതിദിനം ഉണ്ടാകുന്ന വര്‍ദ്ധന സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്നതാണ്. അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനയ്ക്കും ഇത് വഴിവയ്ക്കും.

അന്താരാഷ്ട്ര വിപണി
അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവിലയപം വിദേശ വിനിമയത്തേയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വില നിര്‍ണയിക്കുന്നത് എന്നാണ് പറയുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുമ്പോള്‍ അതിന്റെ ഗുണഫലം പൊതുജനങ്ങള്‍ക്ക് ലഭിക്കാറില്ല. എന്നാല്‍ അവിടെ വില കൂടുമ്പോള്‍ ഇവിടേയും വില കൂടും.

വില കുതിക്കുന്നു
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ വലിയ കുതിപ്പാണ് കുറച്ച് ദിവസമായി ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ അഞ്ച് ദിവസവും വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അത് തന്നെയാണ് ഇപ്പോള്‍ ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലയിലും പ്രതിഫലിച്ചിരിക്കുന്നത്.

കൊവിഡ് വാക്‌സിന്‍ പ്രതീക്ഷ
ലോകമെമ്പാടും കൊവിഡ് വാക്‌സിന് വേണ്ടിയുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതില്‍ പലതും ഫലപ്രാപ്തിയില്‍ എത്തുന്നു എന്നതാണ് അസംസ്‌കൃത എണ്ണ വിപണിയ്ക്ക് ഇപ്പോള്‍ ഊര്‍ജ്ജം പകര്‍ന്നിരിക്കുന്നത്. അതുപോലെ തന്നെ അമേരിക്കയില്‍ ജോ ബൈഡന്‍ അധികാരത്തിലേറും എന്ന് ഉറപ്പായതും വിപണിയുടെ തിരിച്ചുവരവിന് കാരണമായിട്ടുണ്ട്.