2024 ലെ വിദ്യാർത്ഥി പ്രക്ഷോഭത്തിനു ശേഷമുള്ള ബംഗ്ലാദേശിലെ ആദ്യ തിരഞ്ഞെടുപ്പിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) വിജയം നേടിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അതിന്റെ മുൻ സഖ്യകക്ഷിയായ ജമാഅത്ത്-ഇ-ഇസ്ലാമിയെക്കാൾ മുന്നിലാണെന്ന് റിപ്പോർട്ട്. 300 അംഗ സഭയിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി 131 സീറ്റുകളിൽ മുന്നിലാണെന്നും കേവല ഭൂരിപക്ഷത്തോടടുക്കുകയാണെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അങ്ങനെ സംഭവിച്ചാൽ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ ആയിരിക്കും പ്രധാനമന്ത്രി. ആരാണ് 60 -കാരനായ താരിഖ് റഹ്മാൻ..? നമുക്ക് വിശദമായി നോക്കാം.
ആരാണ് താരിഖ് റഹ്മാൻ?
ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ "കിരീടാവകാശി" എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന റഹ്മാൻ, മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന ഖാലിദ സിയയുടെയും മൂത്ത മകനാണ്. അതുകൊണ്ടുതന്നെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് അദ്ദേഹത്തിന് മധുരമുള്ള പ്രതികാരം കൂടിയാണ്. ഷേക്ക് ഹസീനയുടെ കാലം വന്നതോടെ 17 വർഷമായി പ്രവാസത്തിലായിരുന്ന താരിഖിന് അടുത്തിടെ തിരിച്ചെത്തുകയും പാർട്ടി ശക്തിപ്പെടുത്തുകയും ആയിരുന്നു. 2025 ഡിസംബറിൽ റഹ്മാൻ ബിഎൻപി ചെയർമാനായി ഔദ്യോഗികമായി ചുമതലയേറ്റു. മുമ്പ് പാർട്ടിയുടെ ആക്ടിംഗ് നേതാവായി സേവനമനുഷ്ഠിച്ചിരുന്നു.
താരിഖ് റഹ്മാൻ 2001 മുതൽ 2006 വരെ ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബിഎൻപി-ജമാഅത്തെ-ഇസ്ലാമി സഖ്യ സർക്കാരിന്റെ കാലത്ത് ഗണ്യമായ സ്വാധീനം ചെലുത്തി. താരിഖ് റഹ്മാൻ്റെ രാഷ്ട്രീയ ജീവിതത്തിൽ അഴിമതി, കൈക്കൂലി, രാഷ്ട്രീയ അക്രമം തുടങ്ങിയ നിരവധി ആരോപണങ്ങൾ നേരിട്ടിട്ടുണ്ട്. 2006 മുതൽ 2009 വരെയുള്ള സൈനിക ഭരണത്തിലാണ് ഈ അഴിമതികൾ പുറത്ത് വരുന്നത്. 2007 മാർച്ചിൽ ധാക്കയിലെ വസതിയിൽ നിന്ന് അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി ചികിത്സയ്ക്കായി യുകെയിലേക്ക് പോയി. പിന്നീട് രാജ്യത്തേക്ക് തിരിച്ചു വന്നില്ല.

റീ എൻട്രിയും ഭരണവും
ഷെയ്ഖ് ഹസീനയുടെ സർക്കാർ താഴെ ഇറങ്ങിയതോടെയാണ് താരിഖ് തിരിച്ച് വരവിനുള്ള കരുക്കൾ നീക്കിയത്. ഇടക്കാല സർക്കാരും സുപ്രീം കോടതിയും അദ്ദേഹത്തിൻ്റെ മുൻകാല ശിക്ഷകൾ റദ്ദാക്കുകയും അവാമി ലീഗ് ഭരണകാലത്ത് ഫയൽ ചെയ്ത കേസുകളിൽ നിന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു. ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിയ താരിഖ് പാർട്ടിയെ ശക്തിപ്പെടുത്തുകയും നയിക്കുകയും ചെയ്തു.
ന്യൂനപക്ഷ സംരക്ഷണം, വിദേശ നയ പരിഷ്കാരങ്ങൾ, ബംഗ്ലാദേശിനെ ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കുക തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയായിരുന്നു താരിഖും ബിഎൻപിയും തെരഞ്ഞെടുപ്പിനെ നേരിട്ടത്.
അഭിനന്ദിച്ച് മോദി
താരിഖ് റഹ്മാനെയും ബിഎൻപിയേയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. തിരഞ്ഞെടുപ്പിൽ ബിഎൻപിയെ നിർണായക വിജയത്തിലേക്ക് നയിച്ച താരിഖ് റഹ്മാന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നാണ് മോദി എക്സിൽ കുറിച്ചത്. ഈ വിജയം നിങ്ങളുടെ നേതൃത്വത്തെക്കുറിച്ച് ബംഗ്ലദേശിലെ ജനങ്ങൾക്കുള്ള വിശ്വാസമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യപരവും പുരോഗമനപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ബംഗ്ലദേശിന് ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് മോദി ഉറപ്പുനൽകി.


Click it and Unblock the Notifications