ടോയ് ലാന്‍റ് അല്ല, കുട്ടികളുടെ വണ്ടർ വേൾഡ്; ഇതാ കാസർകോട് നിന്നും ഒരു ബിസിനസ് മാതൃക, പിന്നിൽ 3 ചെറുപ്പക്കാർ
എന്ത് തുടങ്ങുന്നു എന്നതിലല്ല കാര്യം, എങ്ങനെ തുടങ്ങുന്നു എന്നതിലാണ്. സംശയമുണ്ടെങ്കിൽ കാസർകോട് ജില്ലയിലെ ഇസ്മായിൽ തക്കരാർ, അനസ് ബികെ, ഫമീദ് എന്നീ മൂന്ന് ചെറുപ്പക്കരോട് ചോദിച്ചാൽ മതി. ആർക്കും ചെയ്യാൻ സാധിക്കുന്ന ബിസിനസ് ആശയത്തെ പുത്തൻ ട്രെൻഡുകൾ ചേർത്ത് അവതരിപ്പിച്ച ഈ മൂവർ സംഘം ഇന്ന് കാസർകോട് ജില്ലയുടെ ബിസിനസ് രീതി തന്നെ മാറ്റിമറിക്കുകയാണ്. കളിപ്പാട്ടങ്ങളും ഗിഫ്റ്റ് ഐറ്റംസും ഒരു കുടക്കീഴിൽ അണിനിരത്തിയാണ് ഒരുവർഷം മുൻപ് ടോയ് ലാന്‍റ് എന്ന സ്ഥാപനം മൂന്ന് പേരും ചേർന്ന് അവതരിപ്പിച്ചത്. ചെറിയ മുറിയിൽ ആരംഭിച്ച ടോയ് ലാന്‍റ് ഇന്ന് വിശാലമായ ബിസിനസ് സംരംഭമാണ്.
തുടക്കം എങ്ങനെ..?
സ്വന്തമായി ഒരു സംരംഭം എന്നത് മൂന്ന് പേരുടേയും സ്വപ്നമാണ്. എല്ലാ വൈകുന്നേരങ്ങളിലും ചായയോടൊപ്പം ചൂട് ചർച്ചകളും കൂട്ടിനെത്തി. ചർച്ചകൾ നീണ്ടുപോയതോടെയാണ് കുട്ടികളുടെ കളിപ്പാട്ടങ്ങൾ വിൽക്കുന്ന സ്ഥാപനം ആരംഭിക്കാം എന്ന തീരുമാനത്തിലേക്കെത്തിയത്. പക്ഷെ നിരവധി കുത്തക കമ്പനികളുള്ള , ഓൺലൈൻ വിപണിയുടെ കാലത്ത് നിലനിൽപ്പ് എത്ര നാൾ എന്നതായിരുന്നു ചോദ്യം. ആ ചോദ്യം വെല്ലുവിളിയായി മൂന്ന് പേരും ഏറ്റെടുത്തു.
കാസർകോട് ജില്ലയുടെ ബിസിനസ് ആസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന ചെർക്കള ടൌണിൽ ടോയ് ലാന്‍റ് എന്ന പേരിൽ 2024 സെപ്തംബറിലാണ് ഷോറും ആരംഭിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായി മാറാൻ ടോയ് ലാന്‍റിന് സാധിച്ചു.

ബിസിനസ് ഐഡിയ
മികച്ച ക്വാളിറ്റിയുള്ള കളിപ്പാട്ടങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ വിൽക്കാൻ സാധിച്ചാൽ മാത്രമേ ബിസിനസ് രംഗത്ത് നേട്ടമുണ്ടാക്കാൻ സാധിക്കുകയുള്ളു എന്ന് മൂന്ന് പേർക്കും അറിയാമായിരുന്നു. അതിനായി അവർ ഒരു വഴി കണ്ടെത്തി. ഷോറൂമിന്‍റെ ഇൻഫ്രാസ്ട്രക്ചർ അടക്കമുള്ള കാര്യങ്ങളിൽ കൂടുതലായി പണം ചിലവാക്കിയില്ല. ഏറ്റവും അത്യാവശ്യമുള്ള കാര്യങ്ങൾ മാത്രം തയ്യാറാക്കി. അങ്ങനെ മിച്ചം പിടിച്ച തുക കളിപ്പാട്ടം വാങ്ങുന്നവർക്ക് ഡിസ്കൌണ്ടുകളായി നൽകി. അതുകൊണ്ടുതന്നെ ലാഭം കുറയാതെ ബിസിനസ് നടത്താൻ സാധിച്ചു. കുറഞ്ഞ വിലയിൽ ക്വാളിറ്റിയുള്ള കളിപ്പാട്ടം ലഭിച്ചതോടെ കുട്ടികളും രക്ഷിതാക്കളും ഹാപ്പി.
ഏറ്റവും പുതിയ കളിപ്പാട്ടങ്ങൾ ആദ്യം എത്തിക്കുക എന്നതിൽ മൂന്ന് പേർക്കും നിർബന്ധമുണ്ട്. അത് ചെറുവാഹനങ്ങളായാലും പാവകളായാലും ഏറ്റവും പുതിയ ട്രെൻഡിംഗ് ഐറ്റം ടോയ് ലാന്‍റിൽ റെഡിയാണ്. അതുകൊണ്ടുതന്നെ കടയിലെത്തുന്ന ഒരുകുട്ടികൾക്കും ഇഷ്ടപ്പെട്ട കളിപ്പാട്ടം ഇതുവരെ കിട്ടാതിരുന്നിട്ടില്ല.
ഇൻസ്റ്റഗ്രാമിൽ ട്രെൻഡിംഗ്
കടയിൽ എത്തുന്ന പുതിയ കളിപ്പാട്ടങ്ങളുടെ വിവരങ്ങൾ കുട്ടികളിലെത്തിയാൽ മാത്രമേ കൂടുതൽ വിൽപ്പന നടക്കുകയുള്ളു എന്ന് മൂന്ന് പേർക്കും അറിയാമായിരുന്നു. അതുകൊണ്ടുതന്നെ "ടോയ് ലാന്‍റ് ചെർക്കള" എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ ഒരു അക്കൌണ്ട് തുടങ്ങി വിവരങ്ങൾ മുഴുവൻ പങ്കുവച്ചു. അടിപൊളി മ്യൂസിക്കും മികച്ച വിഷ്വൽ ക്വാളിറ്റിയുമായി എത്തിയ റീലുകൾ മൊത്തം ഇന്‍റഗ്രാമിൽ വൈറലായി. പലതും വൺ മില്യൺ കടന്നു. അതോടെ ബിസിനസും പൊടിപൊടിച്ചു. ഇന്ന് ടോയ് ലാന്‍റ് കുട്ടികളുടെ വണ്ടർ ലാന്‍റ് ആണ്.

വെല്ലുവിളികൾ നിരവധി
കളിപ്പാട്ട ബിസിനസ് കളിയല്ലെന്നാണ് മൂന്ന് പേരും ഒരേ സ്വരത്തിൽ പറയുന്നത്. നിരവധി വെല്ലുവിളികളുണ്ട്. വില, ക്വാളിറ്റി, പരസ്യം തുടങ്ങി എല്ലാമേഖലയിലും മുന്നിട്ട് നിന്നാൽ മാത്രമേ ലാഭകരമായി മുന്നോട്ട് പോകാൻ കഴിയുകയുള്ളു. അതോടൊപ്പം കളിപ്പാട്ടങ്ങളുടെ വലിയ കളക്ഷനും ഒരുക്കണം. ഇൻസ്റ്റഗ്രാം റീലുകൾ കണ്ട് കേരളത്തിന് അകത്ത് നിന്നും പുറത്ത് നിന്നും ഫോൺ കോളുകൾ എത്തും. അവർക്ക് കളിപ്പാട്ടങ്ങൾ കൊറിയറായി അയച്ച് നൽകുകയാണ് ചെയ്യുക. കളിപ്പാട്ടം അയച്ച അഡ്രസിൽ എത്തുന്നത് വരെ ചെറിയ ടെൻഷനുണ്ടാകും.
സ്വന്തം സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ആർക്കും ഇസ്മായിൽ തക്കരാർ, അനസ് ബികെ, ഫമീദ് എന്നീ മൂന്ന് ചെറുപ്പക്കാർ മാതൃകയാണ്. ആശയമല്ല, അത് നടപ്പിലാക്കുന്ന രീതിയിലാണ് കാര്യമെന്നതിൽ.


Click it and Unblock the Notifications


