സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. പവന് 600 രൂപ കുറഞ്ഞ് 34,200 രൂപയായി ഇന്ന് സ്വർണ വില. 4275 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ നാല് ദിവസമായി കേരളത്തിൽ സ്വർണ വിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. 34,800 രൂപയായിരുന്നു ഒരു പവന്റെ വില. മെയ് 18നാണ് ഈ മാസത്തെയും ചരിത്രത്തിലെ തന്നെയും റെക്കോഡ് വിലയായ 35,040 രൂപ സ്വർണത്തിന് രേഖപ്പെടുത്തിയത്. അതിനുശേഷം തുടര്‍ച്ചയായി സ്വർണത്തിന് വില കുറയുന്നുണ്ട്.
എംസിഎക്സിലെ വില
ഇന്ത്യൻ ഗോൾഡ് ജൂൺ ഫ്യൂച്ചേഴ്സ് ഇന്ന് ആദ്യ വ്യാപാരത്തിൽ ഇടിവ് രേഖപ്പെടുത്തി. എംസിഎക്‌സിൽ ജൂൺ മാസത്തിൽ സ്വർണ കരാറുകൾ 0.4 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 46,096 രൂപയായി. സിൽവർ ഫ്യൂച്ചേഴ്സ് 0.7 ശതമാനം ഉയർന്ന് കിലോയ്ക്ക് 48,630 രൂപയായി. സ്വർണ വില കുറയാൻ കാത്തിരുന്നവർക്ക് നിക്ഷേപം നടത്താൻ ഇതൊരു മികച്ച അവസരമാണെന്ന് വിദ്ഗധർ പറയുന്നു.
വില കുറയാൻ കാരണം
സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുന്നതും കൊറോണ വൈറസ് വാക്സിനെക്കുറിച്ചുള്ള പ്രതീക്ഷകളും യുഎസ് ഉപഭോക്തൃ ആത്മവിശ്വാസവും പുതിയ ഭവന വിൽപ്പന ഡാറ്റയും വിലയേറിയ രണ്ട് ലോഹങ്ങളുടെയും വില കുറയാൻ കാരണമായി. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണം 1.5 ശതമാനവും വെള്ളി ഒരു ശതമാനവും ഇടിഞ്ഞു. യുഎസ്-ചൈന പിരിമുറുക്കങ്ങളും സ്വർണ വിലയെ ബാധിക്കുന്ന ഘടകമാണ്.
ആഗോള വിപണി
സ്‌പോട്ട് സ്വർണ്ണ വില 0.2 ശതമാനം ഉയർന്ന് 1,732.38 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.1 ശതമാനം ഇടിഞ്ഞ് 1,733.50 ഡോളറിലെത്തി. സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി ഘട്ടങ്ങളിൽ സ്വർണത്തിന് ആകർഷണം കൂടും. തിങ്കളാഴ്ച നടത്തിയ ഒരു സർവേ ഫലം ജർമ്മനിയിലെ ബിസിനസ്സ് വികാരം മെയ് മാസത്തിൽ കുതിച്ചുയർന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഏഷ്യൻ വ്യാപാരത്തിൽ അന്താരാഷ്ട്ര ബുള്ളിയൻ വിലകൾ ബുധനാഴ്ച കാര്യമായ മാറ്റങ്ങൾ രേഖപ്പെടുത്തിയിട്ടില്ല.
വിലയിടിവ്
ഇന്നലെ 1.7 ശതമാനം ഇടിവിന് ശേഷം കോമെക്സ് സ്വർണ്ണ വ്യാപാരം ഔൺസിന് 1702 ഡോളറായി കുറഞ്ഞിരുന്നു. ഓഹരി വിപണിയിലെ സ്ഥിരതയും ഉപഭോക്തൃ ഡിമാൻഡും ദുർബലമാകുന്നത് സ്വർണ്ണ വിലയെ ബാധിക്കും. എന്നിരുന്നാലും, വിലയെ പിന്തുണയ്ക്കുന്നത് യുഎസ്-ചൈന പിരിമുറുക്കങ്ങളും അധിക ഉത്തേജക നടപടികളുമാണ്. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കുകളിൽ നിന്ന് സ്വർണ വില കുത്തനെ കുറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications