ഇന്ന് സംസ്ഥാനത്തെ സ്വർണ വില സർവ്വകാല റെക്കോർഡിലേക്ക്. ഇന്നും ഒരു ഗ്രാമിന് 65 രൂപ വർദ്ധിച്ചു. ഒരു പവന് 520 രൂപയാണ് ഇന്ന് മാത്രം വർദ്ധിച്ചത്. ഇങ്ങനെ പോയാൽ സ്വർണവിലയിൽ കാര്യമായ ഇടിവ് ഉണ്ടാവില്ല. ഇന്നലെ ഒരു ഗ്രാമിന് 60 രൂപയായിരുന്നു വർദ്ധിച്ചത്. ഈ കണക്ക നോക്കിയാൽ ഇനിയുള്ള ദിവസങ്ങളിൽ സ്വർണ വില കൈവിട്ടു പോകുമെന്നതിൽ സംശയമില്ല. ദീപാവലി ആഘോഷങ്ങളുടെ തൊട്ടടുത്ത് എത്തുമ്പോഴും സ്വർണം താഴെ ഇറങ്ങുന്നില്ല.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 7,440 രൂപയായി. ഇന്നലെ 7375 രൂപയായിരുന്നു. ഒറ്റയടിക്ക് 65 രൂപ വർദ്ധിച്ചു. 520 രൂപ വർദ്ധിച്ച് പവന് 59,520 രൂപയായി. ഇന്നലെ ഒറ്റ ദിവസം കൊണ്ട് സ്വർണത്തിന്റെ വില മുന്നോട്ട് കുതിച്ചത് ഞെട്ടിപ്പിക്കുന്നതായിരുന്നു. ആ വിലക്കും മുകളിലാണ് ഇന്നത്തേത്. ഇന്നത്തെ വില പ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 74,400 രൂപ വേണം. ഒന്ന് ആശ്വസിക്കാൻ പോലും വകയില്ലാത്ത വിലക്കയറ്റമാണ് ഈ രണ്ട് ദിവസം കൊണ്ടുണ്ടായത്.
മാറ്റമില്ലാതെ മുന്നോട്ട്..
ഇന്നലത്തെ വിലയേക്കാൾ ഇന്ന് 65 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണം വാങ്ങാൻ പോലും കൈവിറക്കും. ഈ പൊള്ളുന്ന വില സാധാരണ ജനങ്ങളേയും ചുട്ടു പൊള്ളിക്കും. ഈ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 125 രൂപയും പവന് 1000 രൂപയുമാണ് വർദ്ധിച്ചത്. ഒറ്റ ദിവസത്തെ കണക്ക് മാത്രം പവന് 500 രൂപക്ക് മുകളിൽ ഉയർന്നു. ഇന്നത്തെ വില അനുസരിച്ച് 59,520 രൂപയിൽ നിന്ന് 60,000 രൂപയിലേക്ക് എത്താൻ 480 രൂപ വർദ്ധിച്ചാൽ മതി. നാളെ അത്തരമൊരു ഉയർച്ച വന്നാൽ സ്വർണ വിലയിൽ നിന്ന് പിന്നീടൊരു ഇറക്കം പ്രതീക്ഷിക്കേണ്ട.
ഈ മാസം ഇതുവരെയുള്ള കണക്ക് നോക്കിയാൽ പവന് 3,120 രൂപയാണ് വർദ്ധിച്ചത്. ഗ്രാമിന് 390 രൂപയും.

ഒരു പവൻ സ്വർണാഭരണം വാങ്ങാൻ...
ഇന്നത്തെ വില നോക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 60,000 രൂപക്കു മുകളിൽ കണക്കാക്കണം. ഏകദേശം 64,425 രൂപ കൊടുത്താലേ ഇന്ന് കേരളത്തിൽ നിന്ന് ഒരു പവൻ ആഭരണം വാങ്ങാനാകൂ. ഈ വില വ്യത്യാസത്തിനു കാരണം ജി.എസ്.ടി, പണിക്കൂലി, ഹോൾമാർക്ക് എന്നീ ഘടകങ്ങളാണ്. 3 ശതമാനമാണ് ജി.എസ്.ടി. അതായത് 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്നതാണ് (53.10 രൂപ) ഹോൾമാർക്ക് ചാർജ്. ഇതിനൊപ്പം പണിക്കൂലിയും ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്നത്തെ സ്വർണവിലയേക്കാളും അധിക വില നൽകണം.
ഓരോ ജ്വല്ലറിയിലും പണിക്കൂലി വ്യത്യസ്തമാണ്. സാധാരണയായി 5-30 വരെയാണ് പണിക്കൂലി കണക്കാക്കുന്നത്. ഈ കണക്ക് പ്രകാരം ഒരു ഗ്രാം സ്വർണാഭരണത്തിന് 8,000 രൂപയെങ്കിലും നൽകണം. ഇനി വരാനിരിക്കുന്നത് വിവാഹ സീസണാണ്. വിവാഹ ആവശ്യങ്ങൾക്ക് സ്വർണം എടുക്കുന്നവരെ കണ്ണീരിലാഴ്ത്തിയ വിലക്കയറ്റമാണ് ഇത്.
വില കൂടിയതിന് കാരണം...
യു.എസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം നിലനിൽക്കുന്നത് സ്വർണ വിലയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. രാജ്യാന്തര സ്വർണവിലയുടെ റെക്കോർഡ് മുന്നേറ്റം, ഇറാൻ-ഇസ്രയേൽ സംഘർഷം എന്നിവ കാര്യമായ പ്രതിസന്ധി ഉണ്ടാക്കി. ഇന്ത്യയിൽ ഇപ്പോൾ ദീപാവലി സമയമായതിനാൽ സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിച്ചു. അത് വില വർദ്ധനക്ക് കാരണമായി. മാത്രമല്ല ഓഹരി വിപണികളുടെ വീഴ്ചയും രൂപയുടെ മൂല്യം ഇടിഞ്ഞതും മറ്റു കാരണങ്ങളാണ്.


Click it and Unblock the Notifications