ട്രംപിന്‍റെ അധിക തീരുവ: ഇന്ത്യൻ വ്യവസായത്തിനുമേൽ കരിനിഴൽ, തിരിച്ചടി മറികടക്കാൻ പുതിയ മാർഗം തേടി രാജ്യം
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായി ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്ക ചുമത്തിയ 25 ശതമാനം തീരുവ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഈ മാസം ഏഴിന് ചുമത്തിയ 25 ശതമാനം പകരത്തീരുവക്ക് പുറമേയാണ് ഇത്. ഇതോടെ, ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള മൊത്തം തീരുവ 50 ശതമാനമായി ഉയർന്നു. സമീപ വർഷങ്ങളിൽ തന്ത്രപരമായ പങ്കാളികളായി മാറിയ രണ്ട് ശക്തമായ ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന് ഗുരുതരമായ വിള്ളൽ വീഴ്ത്തിയ സംഭവമായാണ് ട്രംപിന്‍റെ തീരുമാനത്തെ വിദേശകാര്യ വിദഗ്ധർ വിലയിരുത്തുന്നത്. വസ്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, പാദരക്ഷകൾ, സ്‌പോർട്‌സ് വസ്തുക്കൾ, ഫർണിച്ചർ, രാസവസ്തുക്കൾ തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങൾക്കാണ് തീരുവ തിരിച്ചിടിയാവുക.
ഇന്ത്യയുടെ വളർച്ചയെ തളർത്തും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തിൽ ഉൾപ്പെടെയുള്ള ഇന്ത്യയിലെ ആയിരക്കണക്കിന് ചെറുകിട കയറ്റുമതിക്കാർക്കും തൊഴിലുകൾക്കും പുതിയ താരിഫുകൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയുള്ള ഇന്ത്യയുടെ വളർച്ചയെ അധിക തീരുവ തളർത്തും. താരിഫ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ-യുഎസ് ഉദ്യോഗസ്ഥ തലത്തിൽ നിരവധി ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഒന്നും വിജയം കണ്ടില്ല. എന്നാൽ 25% അധിക താരിഫ് യുഎസ് പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരിഫിന്‍റെ ആഘാതം കുറയ്ക്കുന്നതിന് സർക്കാർ നടപടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ടെക്സ്റ്റൈൽ മേഖലയ്ക്ക് കനത്ത തിരിച്ചടി
പുതിയ താരിഫുകൾ പ്രകാരം ടെക്സ്റ്റൈൽ വ്യവസായത്തെ ആകെ ബാധിക്കും. 50 ശതമാനം തീരുവയോടെ കോട്ടൺ ബെഡ്‌ലിനൻ, ജേഴ്‌സി തുടങ്ങിയ ഉൽപ്പന്നങ്ങളിൽ ഇന്ത്യയുടെ മത്സരശേഷി കുറയുകയും ബംഗ്ലാദേശ്, വിയറ്റ്‌നാം പോലുള്ള എതിരാളികൾക്ക് ഗുണം ചെയ്യുകയും ചെയ്യും. ഗോകൽദാസ്, ഇൻഡോ കൗണ്ട്, വെൽസ്പൺ ലിവിംഗ് തുടങ്ങിയ കമ്പനികൾ അവരുടെ വരുമാനത്തിനായി യുഎസ് വിപണിയെ വളരെയധികം ആശ്രയിക്കുന്നു.
ഇന്ത്യയുടെ കയറ്റുമതി സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമായ രത്ന-ആഭരണ മേഖലയും - പ്രത്യേകിച്ച് ഗുജറാത്തിലും മഹാരാഷ്ട്രയിലും - താരിഫ് വർദ്ധനവിന്റെ ആഘാതം നേരിടുന്നു. യുഎസിൽ ഇന്ത്യൻ ആഭരണ ഉൽപ്പന്നങ്ങൾക്ക് 50% ഇറക്കുമതി തീരുവ ഏർപ്പെടുത്തുന്നത് ആവശ്യകതയിൽ കുത്തനെ ഇടിവിന് കാരണമാകും, ഇത് തൊഴിൽ മേഖലയെയും ഈ വ്യാപാരത്തെ ആശ്രയിക്കുന്ന പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും ബാധിക്കും.

ഓഹരി വിപണിയിലും തിരിച്ചടി
ഗണേഷ ചതുർത്ഥിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഓഹരി വിപണികൾ അടച്ചിരുന്നതിനാൽ ഇന്ത്യൻ വിപണികളിൽ നിന്ന് ഈ നീക്കത്തോട് ഒരു പ്രതികരണവും ഉണ്ടായില്ല. എന്നാൽ വാഷിംഗ്ടൺ വിജ്ഞാപനം അധിക താരിഫ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ചൊവ്വാഴ്ച ഇക്വിറ്റി ബെഞ്ച്മാർക്കുകൾ മൂന്ന് മാസത്തിനിടയിലെ ഏറ്റവും മോശം സെഷൻ രേഖപ്പെടുത്തി. ചൊവ്വാഴ്ചയും തുടർച്ചയായ അഞ്ചാം സെഷനിലും ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. മൂന്ന് ആഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് അവസാനിച്ചത്.
തൊഴിൽ കുറയ്ക്കും
ഈ നിരക്കിൽ സ്ഥിരമായ താരിഫ് തുടർന്നാൽ സ്മാർട്ട്‌ഫോണുകൾ, ഇലക്ട്രോണിക്സ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ചൈനയ്ക്ക് പകരമുള്ള ഒരു ബദൽ നിർമ്മാണ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആകർഷണം കുറയും. "സമീപകാലത്ത് 2 ദശലക്ഷം തൊഴിലവസരങ്ങൾ വരെ അപകടത്തിലാണ്," ആനന്ദ് രതി ഗ്രൂപ്പിലെ ചീഫ് ഇക്കണോമിസ്റ്റ് സുജൻ ഹജ്‌റ പറഞ്ഞു. എന്നാൽ ശക്തമായ ആഭ്യന്തര ആവശ്യം ഈ ആഘാതം കുറയ്ക്കാൻ സഹായിക്കുമെന്നും ഇന്ത്യയ്ക്ക് വൈവിധ്യമാർന്ന കയറ്റുമതി അടിത്തറയും ഉറച്ച വരുമാനവും പണപ്പെരുപ്പ പ്രതീക്ഷയുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മറികടക്കാൻ ഇന്ത്യ
അധിക തീരുവ പ്രതിസന്ധി മറികടക്കാൻ വ്യവസായികളുമായി വാണിജ്യ മന്ത്രാലയം കൂടിയാലോചനകൾ നടത്തുന്നുണ്ട്. അമേരിക്കയിൽ നിന്നും മാറി കൂടുതൽ രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യത വർധിപ്പിക്കുന്നതിനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്താനാണ് സർക്കാർ നീക്കം. ഇന്ന് തുടങ്ങുന്ന പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനത്തിനിടയിലും കയറ്റുമതി ചർച്ചയാവും.


Click it and Unblock the Notifications


