ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് ഭീഷണി വീണ്ടും എത്തി. ഇന്ത്യ ഉൾപ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങൾക്ക് 10% തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. നേരത്തെ താരിഫ് ചുമത്തിയതിനു പിന്നാലെ അവ താത്കാലികമായി നിർത്തി വെക്കേണ്ടി വന്നിരുന്നു. ആ 90 ദിവസത്തെ കാലാവധി അവസാനിക്കുന്നതിനു മുന്നേയാണ് യുഎസ് വീണ്ടും താരിഫ് നയങ്ങൾ കർശനമാക്കുന്നു. പുതിയ പ്രഖ്യാപനം ഇന്നലെ ജൂലൈ 8നാണ് നടന്നത്.
ഇന്ത്യ ഉൾപ്പെടെയുള്ള BRICS രാജ്യങ്ങളിൽ നിന്ന് 10% ഈടാക്കുമെന്നാണ് വ്യക്തമാക്കിയത്. BRICS എന്നാൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ്. നിലവിൽ ഔഷധ ഉൽപ്പന്നങ്ങൾക്കും ചെമ്പിനും കടുത്ത തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപിൻ്റെ ഭീഷണിപ്പെടുത്തി. ഇതിൽ ചെമ്പിന് 50% തീരുവയും, ഔഷധ ഉൽപ്പന്നങ്ങൾക്ക് 200% താരിഫും ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു.
ഇതിന്റെ ഭാഗമായി മെറ്റൽ, മൈനിങ് ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. യുഎസ് കുറഞ്ഞ താരിഫ് നിരക്കുകളാണ് ഈടാക്കാൻ പോകുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
താരിഫിന്റെ 90 ദിവസത്തെ ഇളവ് ഇന്ന് ജൂലൈ 9ന് അവസാനിക്കും. വ്യാപാരത്തെക്കുറിച്ചുള്ള ചർച്ചകൾക്കായി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ യുഎസുമായി ഉടൻ കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങൾക്കും പ്രയോജനകരമാകുന്ന വ്യാപാര ഉടമ്പടികൾക്കും സാധ്യതയുണ്ട്. തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ ട്രംപ് ഇത് സംബന്ധിച്ച് ഒരു പ്രസ്താവന നടത്തിയിരുന്നു. "കഴിഞ്ഞ ദിവസങ്ങളിൽ വിവിധ രാജ്യങ്ങൾക്ക് കത്തുകൾ അയച്ചിട്ടുണ്ട്. ആഗസ്റ്റ് 1 മുതൽ താരിഫ് പ്രാബല്യത്തിൽ വരും. ഈ തീയതിയിൽ മാറ്റമുണ്ടാകില്ല. എല്ലാ പണവും 2025 ആഗസ്റ്റ് 1 മുതൽ അടച്ചുതുടങ്ങണം. ഇതിൽ യാതൊരു ഇളവുകളും അനുവദിക്കില്ല." എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. റിയോ ഡി ജനീറോയിൽ നടന്ന 2025 ബ്രിക്സ് ഉച്ചകോടിക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം.

ബ്രിക്സ് ഉന്നയിച്ച പ്രധാന ആശങ്കകൾ
ബ്രിക്സ് ഉച്ചകോടിയിൽ ഉയർന്നുവന്ന പ്രധാന ആശങ്കകളെക്കുറിച്ച് ഇൻഫോമെറിക്സ് വാല്യുവേഷൻ ആൻഡ് റേറ്റിംഗ്സ് ലിമിറ്റഡിന്റെ ചീഫ് ഇക്കണോമിസ്റ്റ് ഡോ. മനോരഞ്ജൻ ശർമ്മ പറയുന്നു: ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമായി ഉന്നയിച്ചത് താരിഫുകളും വ്യാപാര തടസ്സങ്ങളും വർധിച്ചു വരുന്നതിനെക്കുറിച്ചാണ്. ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി.ഒ) നിയമങ്ങൾ ലംഘിക്കുന്ന ഇത്തരം നയങ്ങൾ ആഗോള വ്യാപാരത്തെ തടസ്സപ്പെടുത്തുമെന്നും വിതരണ ശൃംഖലകളെ തകർക്കുമെന്നും അന്താരാഷ്ട്ര വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എല്ലാ രാജ്യങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒരു വ്യാപാര സമ്പ്രദായം വേണമെന്നും, അതിലൂടെ വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ വളർച്ചയെക്കുറിച്ചും ശർമ്മ അഭിപ്രായപ്പെട്ടു. "ഇന്ത്യ ഒരു നയതന്ത്രപരമായ പ്രതിസന്ധിയിലാണ്. ഒരു ഭാഗത്ത് ലോകരാഷ്ട്രങ്ങൾക്കിടയിൽ വളർന്നു വരുന്ന സ്വാധീനം നിലനിർത്തുകയും മറുഭാഗത്ത് എല്ലാ രാജ്യങ്ങളുമായും ഒരുപോലെ സഹകരിക്കുകയും ചെയ്യേണ്ടതുണ്ട്. സാമ്പത്തികപരവും രാഷ്ട്രീയപരവുമായ കാര്യങ്ങളിൽ ബ്രിക്സ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ എല്ലാ രാജ്യങ്ങളുമായും ഒരുപോലെ ബന്ധം നിലനിർത്തുന്നതിനോടൊപ്പം ഇന്ത്യക്ക് മികച്ച ബന്ധം സൃഷ്ടിക്കാൻ സാധിക്കും," അദ്ദേഹം പറഞ്ഞു.
ശർമ്മയുടെ അഭിപ്രായത്തിൽ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ മാറ്റങ്ങൾ വലിയ വെല്ലുവിളികൾ നിറഞ്ഞതാണ്. ഒരു വശത്ത്, ബ്രിക്‌സ് രാജ്യങ്ങൾ തമ്മിൽ സഹകരണം വർദ്ധിപ്പിക്കാനും സാമ്പത്തിക വികസനം മെച്ചപ്പെടുത്താനും ആഗോള ഭരണത്തെ പിന്തുണയ്ക്കാനുമുള്ള ഒരു വേദിയൊരുക്കുന്നു. മറുവശത്ത്, ബ്രിക്‌സുമായുള്ള അടുത്ത ബന്ധം യുഎസ്, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിച്ചേക്കാം. ഇന്ത്യയുടെ വിദേശനയം എപ്പോഴും തന്ത്രപരമായ സ്വയംഭരണത്തെ പിന്തുണയ്ക്കുന്നതാണ്.
അതുകൊണ്ടുതന്നെ ഒരു പക്ഷം തിരഞ്ഞെടുക്കുന്നതിന് പകരം ഓരോ വിഷയത്തിലും ഇന്ത്യ തന്റേതായ നിലപാട് സ്വീകരിക്കാൻ സാധ്യതയുണ്ട്. തങ്ങളുടെ വികസന ലക്ഷ്യങ്ങളുമായി യോജിക്കുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുമ്പോൾ തന്നെ പാശ്ചാത്യ രാജ്യങ്ങളുമായി തുറന്ന പോരിന് പോകാതിരിക്കാൻ ഇന്ത്യ ശ്രദ്ധിക്കും. അതേസമയം, ബ്രിക്‌സിനുള്ളിൽ ചൈനയുടെ സ്വാധീനം വർധിക്കുന്നതിൽ ഇന്ത്യക്ക് ആശങ്കയുണ്ട്.


Click it and Unblock the Notifications