ഇന്ത്യക്കുമേൽ 25% ഇറക്കുമതി താരിഫാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ജൂലൈ 30ന് പ്രഖ്യാപിച്ച ഈ താരിഫ് നയം ആഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഇന്ത്യയുമായുള്ള ബന്ധത്തെ കുറിച്ച് മുൻപ് വാതോരാതെ സംസാരിച്ച ട്രംപ് ഇന്ത്യക്കുമേൽ ശക്തമായ താരിഫ് ആഘാതമാണ് നൽകിയത്. ഇതോടെ ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധത്തിന് കടുത്ത വിള്ളലുണ്ടാവും. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധമാണ് ട്രംപിനെ നിരാശപ്പെടുത്തിയത്.
യുഎസ് ഇറക്കുമതികൾക്ക് ഇന്ത്യ കൂടുതൽ തീരുവ ചുമത്തുന്നുണ്ടെന്ന് ട്രംപ് ആരോപിച്ചു. അതിനാൽ വളരെ കുറച്ചു ഇടപാടുകൾ മാത്രമേ ഇന്ത്യയുമായി നടത്താറുള്ളൂ എന്നും ട്രംപ് കൂട്ടിച്ചേർത്തു. ഈ താരിഫ് പ്രതിസന്ധി ഇന്ത്യക്കുമേൽ മാത്രമല്ല. ബ്രസീലിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവയും, ദക്ഷിണ കൊറിയക്കുമേൽ 15 ശതമാനം താരിഫ് നയവും അദ്ദേഹം പ്രഖ്യാപിച്ചു.
റഷ്യൻ ബന്ധമാണോ കാരണം?
ഇന്ത്യയും റഷ്യയും തമ്മിലുള്ള ഊർജ്ജ, പ്രതിരോധ കരാറുകളെ കുറിച്ച ട്രംപ് വിമർശിച്ചിരുന്നു. ഇന്ത്യ റഷ്യയിൽ നിന്ന് അധിക എണ്ണ വാങ്ങുന്നുണ്ടെന്നും ഇത് അമേരിക്കൻ കയറ്റുമതിയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ് ഇന്ത്യക്കുമേൽ ശക്തമായ താരിഫ് പ്രഖ്യാപനം നടത്തിയത്.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ താരിഫ് തകർക്കുമോ?
തുണിത്തരങ്ങൾ, വാഹന ഘടകങ്ങൾ, തുകൽ വസ്തുക്കൾ, രത്നങ്ങൾ, ആഭരണങ്ങൾ, ചില ഭക്ഷ്യ കയറ്റുമതി എന്നിവയുൾപ്പെടെ വിവിധ മേഖലകൾക്ക് ഈ താരിഫ് വലിയ തിരിച്ചടിയാവും. ഈ താരിഫുകൾ പ്രധാനമായും കയറ്റുമതിയെയും, സ്വകാര്യ മൂലധന ചെലവുകളെയും ബാധിച്ചേക്കാനും സാധ്യതയുണ്ട്. അതിനാൽ ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.
യുഎസ് നിർദ്ദേശിക്കുന്ന താരിഫ് വളരെ കൂടുതലാണ്. അതിനാൽ ഇത് ഇന്ത്യയുടെ ജിഡിപി വളർച്ചയ്ക്ക് ഒരു തിരിച്ചടിയാവാനും സാധ്യതയുണ്ട്. തുണിത്തരങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമോട്ടീവ് ഘടകങ്ങൾ തുടങ്ങിയ പ്രധാന കയറ്റുമതി മേഖലകൾക്ക് താരിഫ് ആഘാതം ഏൽക്കുന്നതിനാൽ ഇത് ഇവയുടെ ഓഹരികളെയും പ്രതികൂലമായി ബാധിച്ചേക്കും.
ഓഹരി വിപണിയെ താരിഫ് എങ്ങനെ ബാധിക്കും?
ഇന്ത്യൻ വിപണിയെ നിലവിൽ പ്രധാനമായും നയിക്കുന്നത് ആഭ്യന്തര നിക്ഷേപകരാണെന്നും എഫ്‌ഐഐകൾ ഏകദേശം 85 ശതമാനം കുറവാണെന്നും ആനന്ദ് രതി വെൽത്ത് ലിമിറ്റഡിന്റെ ജോയിന്റ് സിഇഒ ഫിറോസ് അസീസ് പറയുന്നു. അതിനാൽ, ഒരു വലിയ വിറ്റഴിക്കൽ പ്രതീക്ഷിക്കുന്നില്ല.
നിലവിലെ 25% എന്ന താരിഫ് വളരെ കൂടുതലാണ്. ഇത് 20 ശതമാനം അല്ലെങ്കിൽ അതിലും കുറക്കാനുള്ള ചർച്ചകൾക്ക് സാധ്യതയുണ്ട്. അതിനാൽ താരിഫ് കുറയ്ക്കാനുള്ള സാധ്യതയുള്ളതിനാൽ ഈ 25 ശതമാനം താരിഫ് ആഘാതം വിപണികൾക്ക് ഒരു ഹ്രസ്വകാല പ്രതിസന്ധിയായിരിക്കും. പക്ഷേ പ്രതീക്ഷക്കൊത്ത് താരിഫ് കുറച്ചില്ലെങ്കിൽ അത് വലിയ തിരിച്ചടിയാവും.
ഇന്ത്യയ്ക്കുമേലുള്ള യുഎസ് താരിഫ് 20 ശതമാനമായി കുറച്ചാൽ അതിന്റെ ആഘാതം നിഷ്പക്ഷമായിരിക്കുമെന്നും അതേസമയം താരിഫ് നിരക്ക് 20 ശതമാനത്തിൽ താഴെയാകുന്നത് വിപണികൾക്ക് ഗുണകരമാകുമെന്നും ജിയോജിത് ഇൻവെസ്റ്റ്‌മെന്റിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
എന്നാൽ ഗോൾഡ്മാൻ സാക്‌സിലെ വിശകലന വിദഗ്ധർ വിശ്വസിക്കുന്നത് ഈ താരിഫ് നയത്തിൻ്റെ ഭാഗമായി ഇന്ത്യൻ ഇക്വിറ്റി മോശം പ്രകടനം കാഴ്ചവെക്കുമെന്നാണ്.
വ്യാപാര ബന്ധത്തിലെ അനിശ്ചിതത്വം
ഡൊണാൾഡ് ട്രംപിൻ്റെ ഈ താരിഫ് നയം ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധങ്ങളിൽ അനിശ്ചിതത്വം സൃഷ്ടിക്കും. ഈ താരിഫ് നയത്തിന്റെ ഫലങ്ങൾ വരും ദിവസങ്ങളിൽ ആഗോള വിപണികളെ ബാധിച്ചേക്കാം. ഈ പുതിയ താരിഫ് നയത്തിന്റെ പ്രത്യാഘാതങ്ങൾ വിശകലനം ചെയ്യാനായി കേന്ദ്ര സർക്കാരും വ്യാപാര സംഘടനകളും ചർച്ച നടത്താൻ സാധ്യതയുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications