'എണ്ണയിലെ ബില്യൺ ഡോളര്‍ കളികള്‍'; കൂട്ടായ്മയുമായി ഇടഞ്ഞ് യുഎഇ — 3 കാരണങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തെ എണ്ണ വ്യവസായം നിയന്ത്രിക്കുന്നത് ഒപെക് പ്ലസ് രാജ്യങ്ങളാണ്. എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെയും സഖ്യകക്ഷികളുടെയും സംഘടനയായ ഒപെക് പ്ലസിന്റെ തീരുമാനങ്ങള്‍ ആഗോള എണ്ണ വ്യവസായത്തെ ഗൗരവമായി സ്വാധീനിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ 'തമ്മില്‍ത്തല്ലിന്റെ' വക്കോളം വന്നുനില്‍ക്കുകയാണ് ഒപെക് പ്ലസ് കൂട്ടായ്മ.

 

സംഭവമെന്തെന്നോ? സംഘത്തിലെ ഏറ്റവും വലിയ നാലാമത്തെ എണ്ണ ഉത്പാദകരായ യുഎഇ (യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്) ഇടഞ്ഞുനില്‍ക്കുന്നു. കോവിഡ് ഭീതി പതിയെ വിട്ടുമാറവെ ആഗോളതലത്തില്‍ എണ്ണ ഡിമാന്‍ഡ് ഉയരുകയാണ്. എന്നാല്‍ എണ്ണ വിതരണം ഉയര്‍ത്താനുള്ള പദ്ധതികളില്‍ നിന്നും ഒപെക് പ്ലസ് രാജ്യങ്ങള്‍ പൊടുന്നനെ പിന്‍മാറിയത് കാര്യങ്ങള്‍ വഷളാക്കി.

2022 അവസാനം വരെ വിതരണം നിയന്ത്രിക്കണമെന്ന സൗദിയുടെയും റഷ്യയുടെയും ആവശ്യത്തോട് യുഎഇക്ക് വിയോജിപ്പുണ്ട്.

ഇടഞ്ഞ് യുഎഇ

പ്രതിദിന എണ്ണ ഉത്പാദനം 4 ലക്ഷം ബാരലാക്കി ഉയര്‍ത്താനുള്ള ഒപെക് പ്ലസ് തീരുമാനത്തെ സ്വാഗതം ചെയ്‌തെങ്കിലും 2022 വരെ വിതരണ നിയന്ത്രണം നീട്ടാനുള്ള പ്രത്യേക നിര്‍ദ്ദേശം യുഎഇ നിരസിച്ചു.

പൊതുവേ ഒപെക് രാജ്യങ്ങള്‍ സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങള്‍ പരസ്യമാക്കാറില്ല. രാജ്യാന്തര സമൂഹത്തിന് മുന്നില്‍ എന്നും ഒറ്റക്കെട്ടായി നില്‍ക്കാനാണ് ഒപെക്ക് കൂട്ടായ്മ എന്നും ശ്രദ്ധിച്ചുപോന്നത്. എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു.

ഞായറാഴ്ച്ച സൗദി അറേബ്യയുടെയും യുഎഇയുടെയും മന്ത്രിമാര്‍ പരസ്യമായാണ് രാജ്യാന്തര മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആശങ്ക പ്രകടമാക്കിയത്.

എണ്ണവില

ഇതേസമയം, ഒപെക് പ്ലസ് കൂട്ടായ്മയിലെ പ്രതിസന്ധി മുന്‍നിര്‍ത്തി രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയാണ്. 2014 -ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എണ്ണവില ചൊവാഴ്ച്ചയെത്തി. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 77.78 ഡോളറിലും യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 76.91 ഡോളറിലുമാണ് വ്യാപാരം നടത്തുന്നത്. 2014 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

എണ്ണവില കുതിച്ചുയരുന്നതിലുള്ള ആശങ്ക ഇറാഖും അറിയിച്ചിട്ടുണ്ട്. 10 ദിവസത്തിനകം പുതിയ ഒപെക് പ്ലസ് കൂടിക്കാഴ്ച്ച നടക്കുമെന്ന പ്രതീക്ഷ ഇറാഖിന്റെ എണ്ണ മന്ത്രി ഇഹസ്ാന്‍ അബ്ദുല്‍ ജബ്ബാര്‍ തിങ്കളാഴ്ച്ച സൂചിപ്പിച്ചിരുന്നു.

ഈ അവസരത്തില്‍ എന്തുകൊണ്ടാണ് വിതരണ നിയന്ത്രണം തുടരാനുള്ള ഒപെക് പ്ലസ് നിര്‍ദ്ദേശത്തിന് യുഎഇ എതിര് നില്‍ക്കുന്നതെന്ന കാര്യം ചുവടെ അറിയാം.

ഉത്പാദനം

1. ഉത്പാദനം

പ്രതിദിനം 32 ലക്ഷത്തില്‍ കൂടുതല്‍ ബാരല്‍ എണ്ണ ഉത്പാദിപ്പിക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്നതാണ് യുഎഇയുടെ പ്രധാന വാദം. എന്നാല്‍ ഒപെക് പ്ലസ് നിശ്ചയിച്ച ക്വാട്ട സംവിധാനം പ്രകാരം 32 ലക്ഷം ബാരലില്‍ കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ യുഎഇക്ക് അനുവാദമില്ല. ഈ സാഹചര്യം നീതിയുക്തമല്ലെന്ന് യുഎഇയുടെ ഊര്‍ജ്ജ മന്ത്രി സുഹൈല്‍ അല്‍ മസ്രൂയി പറയുന്നു.

വിതരണ നിയന്ത്രണം 2022 അവസാനം വരെയും നീട്ടാനാണ് ഉദ്ദേശമെങ്കില്‍ പ്രതിദിന എണ്ണ ഉത്പാദനം 38 ലക്ഷം ബാരല്‍ ആക്കി ഉയര്‍ത്തണമെന്ന് യുഎഇ ആവശ്യപ്പെടുന്നു.

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം എണ്ണയ്ക്ക് കുത്തനെ വിലയിടിഞ്ഞ സാഹചര്യത്തിലാണ് ഒപെക് പ്ലസ് സംഘടന ഉത്പാദനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചത്.

ഉത്പാദനം ചുരുക്കിയതുമൂലം യുഎഇയിലെ മൂന്നിലൊന്ന് ഉത്പാദന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നില്ല. മറ്റു ഒപെക് പ്ലസ് രാജ്യങ്ങളെ അപേക്ഷിച്ച് യുഎഇ ഭീമമായ നഷ്ടമാണ് പേറുന്നതെന്ന് മസ്രൂയി പറയുന്നു.

ഇതേസമയം, യുഎഇയെക്കാള്‍ അധികം 'ത്യാഗം' കാലങ്ങളായി തങ്ങള്‍ ചെയ്തുവരികയാണെന്ന് സൗദി അറേബ്യയും മറുവാദം ഉന്നയിക്കുന്നുണ്ട്. വിതരണ നിയന്ത്രണം നീട്ടണമെന്നാണ് സൗദിയുടെ പക്ഷം. കോവിഡ് ഭീതി വിപണിയില്‍ നിന്ന് ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ഈ അവസരത്തില്‍ ഊര്‍ജ്ജ വിപണികളിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ നിയന്ത്രണം അനിവാര്യമാണെന്ന് സൗദി സൂചിപ്പിക്കുന്നു.

2030 ഓടെ പ്രതിദിന എണ്ണ ഉത്പാദനം 50 ലക്ഷം ബാരലിലെത്തിക്കുകയാണ് യുഎഇയുടെ പ്രഥമ ലക്ഷ്യം. ഇതിനായി പ്രതിവര്‍ഷം 25 ബില്യണ്‍ ഡോളര്‍ യുഎഇ ചിലവഴിക്കുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക ഉന്നമനത്തിന് ഈ നീക്കം നിര്‍ണായകമാണെന്ന് കിരീടവകാശി മുഹമ്മദ് ബിന്‍ സെയ്ദ് പറയുന്നു.

വിദേശ പങ്കാളികള്‍

2. വിദേശ പങ്കാളികള്‍

മറ്റു ഒപെക് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി യുഎഇയിലെ എണ്ണപ്പാടങ്ങളില്‍ രാജ്യാന്തര കമ്പനികളാണ് പ്രധാനമായും നിക്ഷേപം നടത്തിയിട്ടുള്ളത്. ബിപി പിഎല്‍സി, ടോട്ടല്‍ എനര്‍ജീസ് എസ്ഇ പോലുള്ള കമ്പനികള്‍ 50 വര്‍ഷത്തിലേറെയായി, യുഎഇ രൂപംകൊള്ളുന്നതിന് മുന്‍പുതന്നെ ഈ മേഖലയില്‍ എണ്ണ ഖനനം നടത്തിവരികയാണ്. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും നിരവധി വന്‍കിട കമ്പനികള്‍ യുഎഇയിലെ എണ്ണപ്പാടങ്ങളില്‍ നിക്ഷേപം നടത്തിയത് കാണാം.

2016 -ല്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ മേധാവിയായി സുല്‍ത്താന്‍ അല്‍ ജാബര്‍ ചുമതലയേറ്റതിന് ശേഷമാണ് യുഎഇയുടെ എണ്ണ വ്യവസായം പുതിയ ദിശയിലേക്ക് കടന്നത്.

കിരീടവകാശി മുഹമ്മദ് ബിന്‍ സെയ്ദിന്റെ പിന്തുണയോടെ ഇദ്ദേഹം രാജ്യത്തിന്റെ എണ്ണ ഉത്പാദനശേഷി വര്‍ധിപ്പിച്ചു. ഇതിനെത്തുടര്‍ന്ന് നിരവധി ഏഷ്യന്‍ ഊര്‍ജ്ജ കമ്പനികള്‍ യുഎഇയില്‍ നിക്ഷേപം നടത്താന്‍ മുന്നോട്ടുവന്നു. ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള പൈപ്പ്‌ലൈന്‍, സംസ്‌കരണ ശാലകളില്‍ വിദേശ നിക്ഷേപങ്ങള്‍ കുത്തിയൊഴുകിയെത്തി. അതുകൊണ്ട് കുറഞ്ഞ ഉത്പാദനം നിക്ഷേപകരെയും യുഎഇയെയും സാരമായി ബാധിക്കുകയാണ്.

3. ക്രൂഡ് ഫ്യൂച്ചറുകള്‍

ഈ വര്‍ഷമാദ്യമാണ് മുര്‍ബാന്‍ എന്ന പ്രധാന ക്രൂഡ് ഇനത്തെ പുതിയ എക്‌സ്‌ചേഞ്ച് വ്യാപാരത്തിനായി യുഎഇ അവതരിപ്പിച്ചത്. ഒപെക് രാജ്യങ്ങളിലെ ആദ്യ സംഭവമാണിത്. മേഖലയിലെ ബെഞ്ച്മാര്‍ക്ക് ക്രൂഡായി മുര്‍ബാനെ ഉയര്‍ത്തുകയാണ് യുഎഇയുടെ ലക്ഷ്യം.

ലിക്വിഡിറ്റിയും വ്യാപാരവും മുന്‍നിര്‍ത്തി വന്‍തോതിലുള്ള ഉത്പാദനം ഇവിടെ ആവശ്യമാണ്. ഓഗസ്റ്റ് മുതല്‍ എക്‌സ്‌ചേഞ്ചിലേക്ക് മാത്രമായി പ്രതിദിനം 11 ലക്ഷം ബാരല്‍ എണ്ണ ഉത്പാദിപ്പിക്കേണ്ട സാഹചര്യം യുഎഇക്കുണ്ട്.

Read more about: fuel prices
English summary

UAE And OPEC+ Fall Out — Everything To Know

UAE And OPEC+ Fall Out — Everything To Know. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X