സ്വർണം അന്വേഷിച്ച് മനുഷ്യൻ ഭൂമി കുഴിക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. എന്നാൽ ഓരോ ദിവസം കഴിയുമ്പോഴും മഞ്ഞ ലോഹത്തിന് ആവശ്യക്കാർ ഏറുകയാണ്. അതുകൊണ്ടുതന്നെ അമൂല്യ ലോഹത്തിന് ആവശ്യക്കാർ ഏറിവരുമ്പോൾ കൂടുതൽ സ്വർണ്ണമന്വേഷിച്ചുള്ള മനുഷ്യന്‍റെ അന്വേഷണങ്ങൾ ആഴക്കടലുകളിലും എത്തിച്ചേരും. കടൽ വെള്ളത്തിലോ കടലിന് അടിയിലോ സ്വർണശേഖരമുണ്ടോ..? ഉണ്ടെങ്കിൽ അത് ഘനനം ചെയ്ത് എടുക്കാൻ സാധിക്കുമോ..? സാധിച്ചാൽ സ്വർണത്തിന്‍റെ വില കുറയുമോ..? ചോദ്യങ്ങൾ നിരവധിയാണ്. നമുക്ക് പരിശോധിക്കാം.
കടലിലെ സ്വർണം
നമ്മുടെ സമുദ്രങ്ങളിൽ ഏകദേശം 250 ട്രില്ല്യൻ ഡോളറിനടുത്ത് വിലവരുന്ന സ്വർണ്ണനിക്ഷേപം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനർത്ഥം, ആ സമ്പത്ത് സമമായി ഭാഗിച്ചാൽ ഭൂമിയിലുള്ള ഓരോ മനുഷ്യനും 4.5 കിലോഗ്രാം സ്വർണ്ണത്തിന്റെ ഉടമയാകാം എന്നാണ് ഏകദേശ കണക്ക്. സമുദ്രാടിത്തട്ടിലുള്ള പാറകളിൽ അടിഞ്ഞുകൂടിയും വെള്ളത്തിൽ അലിഞ്ഞുചേർന്ന ചെറുതരികളായുമാണ് സ്വർണ്ണമിരിക്കുന്നത്. എന്നാൽ കടൽ വെള്ളത്തിൽ നിന്നും സ്വർണം ശേഖരിക്കുക എന്നത് എളുപ്പമല്ല. കാരണം സമുദ്രജലത്തിലെ സ്വർണ്ണം വളരെയധികം സാന്ദ്രതകുറഞ്ഞ നിലയിലാണുള്ളത്. അതായത്, ഒരു ലിറ്റർ ജലത്തിൽ ഒരു ഗ്രാം സ്വർണ്ണത്തിന്‍റെ പതിമൂന്നു ബില്ല്യണിൽ ഒരുഭാഗം മാത്രമേയുള്ളൂ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ 13 ബില്ല്യൺ ലിറ്റർ സമുദ്രജലം വേണ്ടിവരും ഒരു ഗ്രാം സ്വർണ്ണം ലഭിക്കാൻ.
ചെലവ് താങ്ങില്ല
13 ബില്ല്യൺ ലിറ്റർ സമുദ്രജലം സംസ്കരിച്ച് 1 ഗ്രാം സ്വർണം ഉൽപ്പാദിപ്പിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. നിലവിൽ കടൽവെള്ളത്തിൽ നിന്ന് കുടിവെള്ളം ശുദ്ധീകരിക്കുന്നത് തന്നെ വലിയ ചെലവേറിയ പ്രക്രിയയാണ്. ഇതിലും പലമടങ്ങ് ചെലവേറിയ ഒന്നാകും സ്വർണം വേർതിരിക്കലെന്ന് ഗവേഷകർ പറയുന്നു. കൂടാതെ ഇതുവരെ ഇങ്ങനെ കടലിൽ നിന്ന് സ്വർണം വേർതിരിക്കാൻ കഴിയുന്ന ലാഭകരമായ ഒരു മാർഗം ശാസ്ത്രലോകം കണ്ടെത്തിയിട്ടുമില്ല.
1941 ലാണ് ആദ്യമായി കടൽ ജലത്തിൽ നിന്ന് സ്വർണം വേർതിരിക്കുന്നതിനായുള്ള ഒരു മാർഗം കണ്ടെത്തിയത്. ഇലക്ട്രോകെമിക്കൽ മെതേഡ് എന്നറിയപ്പെടുന്ന ഈ രീതി ഉപയോഗിച്ച് സ്വർണം വേർതിരിച്ചെടുക്കാൻ അന്നത്തെ സ്വർണത്തിന്റെ മാർക്കറ്റ് വിലയുടെ അഞ്ചിരട്ടി ചെലവാണ് വേണ്ടിവന്നത്. അത് കൊണ്ട് തന്നെ ഈ പ്രകിയ ലാഭകരമല്ലെന്ന് കണ്ടെത്തി.

ആശയങ്ങൾ നിരവധി
ജർമ്മൻ ശാസ്ത്രജ്ഞനായ ഫ്രിറ്റ്സ് ഹാബർ ഒന്നാം ലോകമഹായുദ്ധം കടക്കെണിയിലാഴ്ത്തിയ തന്‍റെ രാജ്യത്തിനോട് പറഞ്ഞത് ഒരു കൂറ്റൻ വേർതിരിക്കൽ യന്ത്രം ഉപയോഗിച്ച് ജലത്തിലെ സ്വർണ്ണമെടുക്കാനായിരുന്നു. എന്നാൽ, അങ്ങനെയൊരു യന്ത്രം ചലിപ്പിക്കാൻ ആവശ്യമായ വലിയ ഊർജ്ജവും ആ യന്ത്രത്തിലൂടെ കടത്തിവിടേണ്ട സമുദ്രജലത്തിന്‍റെ അളവും ഈ പ്രക്രിയയെ അങ്ങേയറ്റം അപ്രായോഗികവും സാമ്പത്തികമായി അസാധ്യവുമാക്കുന്നു. മറ്റൊരു ശാസ്ത്രജ്ഞൻ, ഇന്ത്യാക്കാരനും ചെന്നൈ നിവാസിയുമായ ജോയ് പ്രകാശ് അഗർവാൾ കണ്ടുപിടിച്ചത് ഇളകാനാവാത്തവിധം ഉറപ്പിച്ച ഒരുതരം അരിപ്പകൊണ്ട് (ഇമോബിലൈസ്ഡ് ലിക്വിഡ് മെമ്പ്രെയിൻ) സ്വർണ്ണം അരിച്ചെടുക്കാമെന്നായിരുന്നു. നിലവിൽ മുന്നോട്ടുവെയ്ക്കപ്പെട്ടിട്ടുള്ള എല്ലാ മാർഗ്ഗങ്ങളേക്കാളും പകുതി ചിലവിൽ ഇതു സാധ്യമാകുമെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. എന്നാൽ അതും പ്രായോഗികമായില്ല.
തുടരുന്ന പഠനം
കടൽവെള്ളത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുക്കുന്നതിൽ ഇപ്പോഴും പഠനങ്ങൾ നടക്കുന്നുണ്ട്. ഒരുപക്ഷെ ഭാവിയിൽ കൂടുതൽ ചെലവ് കുറഞ്ഞ കണ്ടുപിടുത്തങ്ങൾ ഉണ്ടായാൽ കടൽ വെള്ളത്തിൽ നിന്നും ലാഭകരമായി സ്വർണം വേർതിരിച്ചെടുക്കാൻ സാധിച്ചേക്കാം.. പക്ഷെ സമുദ്രം പോലെ ഇത്ര ജൈവവൈവിധ്യമുള്ളതും, ഭൂമിയുടെ നിലനിൽപിനെ തന്നെ നിയന്ത്രിക്കുന്നതുമായി ഒരു മേഖലയിൽ സാരമായ മാറ്റമുണ്ടാക്കാൻ ഒരു പക്ഷേ സ്വർണം വേർതിരിക്കാനുള്ള ശ്രമം കാരണമായേക്കാം. അതുകൊണ്ടുതന്നെ കടൽ വെള്ളത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക മാറ്റങ്ങളെക്കൂടി ഗൌരവമായി കണക്കിലെടുക്കേണ്ടി വരും.


Click it and Unblock the Notifications