ഫെബ്രുവരി 1-ആം തീയ്യതി തന്നെ കേന്ദ്ര ബജറ്റ് അവതരണം നടക്കും. ചരിത്രത്തിലാധ്യമായാണ് ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. അതോടൊപ്പം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ഒൻപതാമത്തെ ബജറ്റാണ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇതോടെ തുടർച്ചയായി ഒൻപത് ബജറ്റുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ധനമന്ത്രി എന്ന ചരിത്രനേട്ടം അവർക്ക് സ്വന്തമാകും. എന്തൊക്കെയായിരിക്കും ഇത്തവണത്തെ ബജറ്റിൽ നിർമ്മല സീതാരാമൻ ഒളിപ്പിച്ച് വച്ചിരിക്കുന്നത് എന്നതാണ് എല്ലാവരും ഒറ്റുനോക്കുന്നത്.
വേണ്ടത് ഗിമ്മിക്കുകളല്ല
2025-2026 കേന്ദ്ര ബജറ്റ് പ്രതീക്ഷിച്ച മികവ് പുലർത്തിയിട്ടില്ല എന്നാണ് സാമ്പത്തിക വിദഗ്ധയായ മേരി ജോർജ്ജ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഇത്തവണയും അമിത പ്രതീക്ഷകൾ പുലർത്തേണ്ട ആവശ്യമില്ല. വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം എന്നിവയിലെ വളർച്ചയാണ് രാജ്യത്തിന്‍റെ ജിഡിപിയെ ഉയർത്തുന്നത്. എന്നാൽ കഴിഞ്ഞ ബജറ്റിൽ ഈ മൂന്ന് മേഖലകളേയും അവഗണിക്കുകയാണ് കേന്ദ്ര ധനമന്ത്രി ചെയ്തത്.
ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകൾക്ക് ബജറ്റിൽ ഭീമമായ തുക വിലയിരുത്താറുണ്ട്. ഏകദേശം അവരുടെ ജിഡിപിയുടെ ആറ് ശതമാനത്തോളം. എന്നാൽ ഇന്ത്യ കഴിഞ്ഞ ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്കായി വിലയിരുത്തിയ തുക ആകെ ജിഡിപിയുടെ 0.74 ശതമാനം മാത്രമാണ്. ആരോഗ്യ മേഖലയ്ക്ക് നൽകിയത് വെറും 0.34 ശതമാനം. ദേശീയ ആരോഗ്യ നയത്തിൽ തന്നെ പറയുന്നത് രാജ്യത്തിന്‍റെ ആകെ ജിഡിപിയുടെ 2 ശതമാനം ആരോഗ്യമേഖലയ്ക്കായി നീക്കി വെക്കണമെന്നാണ്. എന്നാൽ അതുപോലും നിർമ്മല സീതാരാമൻ ചെയ്യുന്നില്ലെന്നും മേരി ജോർജ്ജ് വിമർശിക്കുന്നു.
വിദ്യാഭ്യാസവും ആരോഗ്യവുമാണ് പ്രധാനം
കോവിഡ് കാലത്ത് രാജ്യം അഭിമുഖീകരിച്ച വലിയ പ്രതിസന്ധി എന്താണെന്ന് എല്ലാവർക്കും അറിയാം. ഇന്ത്യയുടെ ആരോഗ്യമേഖലയുടെ ദയനീയാവസ്ഥ വിളിച്ചോതുന്നതായിരുന്നു മഹാമരിക്കാലത്തെ കുത്തഴിഞ്ഞ പ്രതിരോധം. ഇപ്പോഴും ഉത്തരേന്ത്യയിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാത്ത ഗ്രാമങ്ങളുണ്ട്. അതോടൊപ്പം വിദ്യാഭ്യാസ മേഖലയിലും വലിയ പൊളിച്ചെഴുത്തുകൾ ആവശ്യമാണ്. അതോടൊപ്പം സാങ്കേതിക മേഖലയിലും വലിയ നിക്ഷേപങ്ങൾ ആവശ്യമാണ്. അത് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകണം. ബജറ്റിൽ പ്രഖ്യാപിക്കുന്നത് നടപ്പിലാക്കി കാണിക്കുകയും വേണമെന്നും മേരി ജോർജ്ജ് പറഞ്ഞു.

ജിഡിപി വളർച്ചയിൽ കാര്യമില്ല
ഇന്ത്യ ജിഡിപിയിൽ ഇപ്പോൾ മൂന്നാമതാണ്. അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾക്ക് പിറകിലാണ് ഇന്ത്യ. എന്നാൽ ഈ കണക്കുകളിൽ കാര്യമില്ല. കാരണം ഇന്ത്യയുടെ ആളോഹരി വരുമാനം മറ്റ് രാജ്യങ്ങളെ എടുത്ത് പരിശോധിക്കുമ്പോൾ വളരെ കുറവാണ്. അമേരിക്കയുടെ ആളോഹരി വരുമാനം ഏകദേശം 76,000 ഡോളറാണ്. ചൈനയുടേത് ഏകദേശം 12000-13000 ഡോളറാണ്. എന്നാൽ ഇന്ത്യയുടേത് കേവലം 2500 ഡോളർ മാത്രമാണ്. അതുകൊണ്ടുതന്നെ കണക്കുകൾക്കപ്പുറത്തേക്ക് യാഥാർത്ഥ്യ ബോധ്യത്തോടെ ബജറ്റിനെ സമീപിക്കേണ്ടത് അത്യാവശ്യമാണെന്നും മേരി ജോർജ്ജ് പറഞ്ഞു.
വളർച്ച സാധാരണക്കാർക്കും വേണം
കാർഷിക-വ്യാവസായിക- സേവന മേഖലകളിലുണ്ടാകുന്ന മാറ്റമാണ് ജിഡിപിയെ സ്വാധീനിക്കുന്നത്. എന്നാൽ മാറ്റമുണ്ടാകുന്നത് അദാനിക്കും അംബാനിക്കും മാത്രമാണ്. ശതകോടീശ്വരന്മാർ കൂടുതൽ കോടീശ്വനന്മാരാകുമ്പോൾ പാവപ്പെട്ടവർ മോദി ഭരണത്തിൽ കൂടുതൽ പാവപ്പെട്ടവരാവുകയാണ്. അതുകൊണ്ടുതന്നെ എല്ലാവരേയും ഉൾക്കൊള്ളുന്ന ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി ശ്രദ്ധിക്കണമെന്നും മേരി ജോർജ്ജ് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 3.0 സർക്കാരിന്‍റെ രണ്ടാമത്തെ പൂർണ്ണ വാർഷിക ബജറ്റാണ് ഞായറാഴ്ച അവതരിപ്പിക്കുന്നത്. ഇന്ത്യ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന നാഴികക്കല്ലിലേക്ക് നീങ്ങുമ്പോൾ, ഈ വളർച്ചയ്ക്ക് ഇന്ധനം നൽകുന്നതിന് 2026 ലെ കേന്ദ്ര ബജറ്റ് നിർണ്ണായകമാണ്.


Click it and Unblock the Notifications