ഇനി ആർക്കും എവിടെ നിന്നും പണം അയക്കാം; 2025ൽ പുതിയ ഫീച്ചറുകളുമായി യു.പി.ഐ
യു.പി.ഐ എന്ന പേര് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏറെ ജനകീയമാണ്. ഒരു കാലത്ത് സാമ്പത്തിക ഇടപാടുകൾക്ക് ഏറെ പ്രയാസങ്ങൾ നേരിട്ട ജനങ്ങൾക്ക് ഇന്ന് സെക്കൻ്ഡുകൾ കൊണ്ട് ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം അടക്കാൻ സാധിക്കുമെന്നതാണ് യു.പി.ഐയുടെ നേട്ടം. സാമ്പത്തിക ഇടപാടുകൾക്ക് പുറമേ ഇന്ന് ധാരാളം സേവനങ്ങളും യു.പി.ഐ ഒരുക്കുന്നു. നിലവിൽ നിരവധി യു.പി.ഐ ആപ്പുകൾ നിലനിൽക്കുന്നു.
സാധനങ്ങൾ വാങ്ങുന്നു, വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു, നികുതി അടയ്ക്കൽ, ലോൺ ഇ.എം.ഐകൾ മുതലായ എല്ലാ ഇടപാടുകളും യു.പി.ഐ വഴി സാധ്യമാണ്. 2024ൽ യു.പി.ഐ നിയമങ്ങളിൽ ധാരാളം മാറ്റങ്ങൾ വന്നിരുന്നു. ഇതിന്റെ സേവനം കൂടുതൽ വിപുലീകരിക്കാനും ശ്രമിക്കുന്നുണ്ട് എന്നതാണ് പ്രധാനം. ഇന്ത്യക്കു പുറത്തുള്ള യു.പി.ഐ സേവനങ്ങൾക്കും പുതിയ മാറ്റങ്ങൾ വരുന്നു. ഇന്ത്യയിലും വിദേശത്തും ഓൺലൈൻ ഇടപാട് നടത്തുമ്പോൾ 2025-ൽ നിങ്ങൾക്ക് ഉപയോഗപ്രദമായേക്കാവുന്ന ചില യു.പി.ഐ ഫീച്ചറുകളെ കുറിച്ച് അറിയാം.
എല്ലാ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കും യു.പി.ഐ പേയ്‌മെൻ്റ് ഉപയോഗിക്കാം
2024 ഡിസംബറിൽ, NPCI ( നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) വാട്സ്ആപ്പിലെ യു.പി.ഐ ഉപയോക്തൃ ഓൺബോർഡിംഗ് പരിധി ഒഴിവാക്കി. ഇന്ത്യയിലെ എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കൾക്കും വാട്സ്ആപ്പ് പേ സേവനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്നു. ഇത് ഉടൻ തന്നെ എല്ലാവർക്കും ഉപയോഗപ്രദമാവും.
മുൻപ് കുറച്ച് വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് മാത്രമേ വാട്ട്‌സ്ആപ്പ് പേ സേവനം ലഭിച്ചിരുന്നുള്ളൂ. 2020 ൽ, NPCI വാട്ട്‌സ്ആപ്പ് പേയിൽ 1 മില്യൺ ഉപയോക്തൃ പരിധി ഏർപ്പെടുത്തിയിരുന്നു. അത് പിന്നീട് 2022 നവംബറോടെ 100 ദശലക്ഷമായി ഉയർത്തി.

ഷോപ്പിംഗിന് ക്യാഷ്ബാക്ക്
RuPay JCB ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ജപ്പാൻ, സിംഗപ്പൂർ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലെ എല്ലാ അന്താരാഷ്ട്ര PoS (പോയിൻ്റ് ഓഫ് സെയിൽ) ഇടപാടുകളിലും 25% ക്യാഷ്ബാക്കിന് അർഹമാണ്. അന്താരാഷ്ട്ര ഇടപാടുകൾക്കായി നിങ്ങളുടെ RuPay കാർഡ് ആക്ടിവേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഈ ക്യാഷ്ബാക്ക് ലഭിക്കാൻ മിനിമം ഇടപാട് തുക നിർബന്ധമില്ല. എങ്കിലും ഇന്ത്യൻ രൂപയിൽ ക്രെഡിറ്റ് ചെയ്യപ്പെടുന്ന ക്യാഷ്ബാക്ക്, ഓരോ ഇടപാടിനും പരമാവധി 3,000 രൂപയായി പരിമിതപ്പെടുത്തും.
യു.പി.ഐ വഴി ഇടപാട് നടത്താവുന്ന മറ്റു രാജ്യങ്ങൾ
2025-ൽ വിദേശ യാത്രക്ക് തയ്യാറെടുക്കുന്നവർ ഈ കാര്യങ്ങൾ അറിയാതെ പോവരുത്. ഈ വർഷം മുതൽ പാരീസിലെ ഈഫൽ ടവർ യു.പി.ഐ സേവനം സ്വീകരിക്കും. ഫ്രാൻസിലെ ഹോട്ടൽ ബുക്കിംഗുകൾ, മ്യൂസിയം സന്ദർശനങ്ങൾ എന്നിവ എളുപ്പമാക്കാൻ ഇതിലൂടെ സാധിക്കും. ഫ്രാൻസിന് പുറമേ, നേപ്പാൾ, ഖത്തർ, ഭൂട്ടാൻ, മൗറീഷ്യസ്, സിംഗപ്പൂർ, ശ്രീലങ്ക, യു.എ.ഇ എന്നിവ യുപിഐ പേയ്‌മെൻ്റുകൾ സ്വീകരിക്കുന്നു.
ഇന്റർനാഷണൽ നമ്പർ യു.പി.ഐയിലേക്ക് ലിങ്ക് ചെയ്യാം
നിങ്ങൾ NRE/NRO അക്കൗണ്ടുള്ള ഒരു NRI (നോൺ റസിഡൻ്റ് ഇൻഡ്യൻ) ആണോ? ഇനി എളുപ്പത്തിൽ നിങ്ങൾക്ക് യു.പി.ഐ ഇടപാടുകൾ നടത്താം. അന്താരാഷ്‌ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിക്കാവുന്ന iMobile (ICICI ബാങ്ക്) BHIM, PhonePe എന്നിവ പോലുള്ള യു.പി.ഐ ആപ്പുകൾ വഴി നിങ്ങൾക്ക് എളുപ്പത്തിൽ ലിങ്ക് ചെയ്യാം. ഓസ്ട്രേലിയ, കാനഡ, ഫ്രാൻസ് ,ഹോങ്കോംഗ്, മലേഷ്യ, സിംഗപ്പൂർ , യു.എ.ഇ, യു.കെ, യു.എസ്.എ എന്നീ രാജ്യങ്ങളിലെ നമ്പറുകൾ ഇതുപോലെ ലിങ്ക് ചെയ്യാം.
അന്താരാഷ്‌ട്ര വിനോദസഞ്ചാരികൾക്ക് യു.പി.ഐ വൺ വേൾഡ് വാലറ്റ്
യു.പി.ഐ കഴിഞ്ഞ വർഷം യു.പി.ഐ വൺ വേൾഡ് വാലറ്റ് അവതരിപ്പിച്ചു. ഇത് ഇന്ത്യ സന്ദർശിക്കുന്ന എല്ലാ യാത്രക്കാർക്കും വേണ്ടി തയ്യാറാക്കിയതാണ്. അന്താരാഷ്‌ട്ര യാത്രക്കാർക്ക് യുപിഐ വൺ വേൾഡ് ആപ്പ് ഉപയോഗിച്ച് ക്യു.ആർ കോഡുകൾ സ്‌കാൻ ചെയ്‌ത് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ പേയ്‌മെൻ്റുകൾ നടത്താം.


Click it and Unblock the Notifications


