യാത്രയ്ക്ക് 15 മിനിട്ട് ബാക്കിയുണ്ടോ..? വന്ദേഭാരതിൽ ടിക്കറ്റ് ഉറപ്പാക്കാം, എങ്ങനെ എന്ന് പരിശോധിക്കൂ..
ഇന്ത്യൻ റെയിൽവേയിൽ വിപ്ലവങ്ങൾ കൊണ്ടുവന്ന ട്രെയിനാണ് വന്ദേഭാരത്. കൂടുതൽ മികച്ച സൌകര്യങ്ങളോടെ കൂടുതൽ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ വന്ദേഭാരത് യാത്രക്കാരെ സഹായിക്കുന്നു. എന്നാൽ വന്ദേഭാരത് ട്രെയിനിൽ ടിക്കറ്റ് കിട്ടുക എന്നത് എളുപ്പമല്ല. ട്രെയിൻ ആദ്യ സ്റ്റേഷൻ വിട്ടുകഴിഞ്ഞാൽ യാത്രക്കാർക്ക് റൂട്ടിലെ മറ്റ് സ്റ്റേഷനുകളിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ യാത്രക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. വന്ദേ ഭാരത് ട്രെയിനുകളിൽ യാത്ര പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന പുതിയ നിയമമാണ് ഇന്ത്യൻ റെയിൽവെ പുറപ്പെടുവിച്ചിരിക്കുന്നത്.
യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ റൂട്ട് സ്റ്റേഷനുകളിൽ തടസ്സരഹിതമായ കറന്റ് ബുക്കിംഗുകൾ കാര്യക്ഷമമാക്കുന്നതിനും ഈ നീക്കം ലക്ഷ്യമിടുന്നു. കേരളത്തിൽ ഓടുന്ന രണ്ട് വന്ദേഭാരത് ട്രെയ്നുകളിലും ഈ സൗകര്യം ലഭ്യമാണെന്നതാണ് സന്തോഷകരമായ വാർത്ത.
ടിക്കറ്റ് എങ്ങനെ കിട്ടും..?
പാസഞ്ചർ റിസർവേഷൻ സിസ്റ്റം അഥവാ പിആർഎസ് അപ്ഗ്രേഡ് ചെയ്യപ്പെട്ടതോടെയാണ് അവസാന നിമിഷവും യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കുന്നതിന് അവസരമൊരുങ്ങിയത്. ഈ സാഹചര്യത്തിൽ ട്രെയിൻ യാത്ര തുടങ്ങിയാലും ഒഴിവായി കിടക്കുന്ന സീറ്റുകൾ യാത്രക്കാർക്ക് ബുക്ക് ചെയ്യാവുന്നതാണ്. നിങ്ങൾ ഏത് റെയിൽവേ സ്റ്റേഷനിൽ നിന്നാണോ കയറുന്നത് അവിടെനിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
ട്രെയിൻ സ്റ്റേഷനിൽ നിന്നു പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം. മുമ്പ് സ്റ്റേഷനിൽ നിന്നു പുറപ്പെട്ടു കഴിഞ്ഞാൽ പിന്നെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ലായിരുന്നു. യാത്രക്കാർ കാത്തുനിൽക്കുമ്പോൾ ഒഴിഞ്ഞ സീറ്റുകളുമായി ട്രെയിൻ സർവീസ് നടത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിനായാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്.

1. വെബ്‌സൈറ്റിലോ ഐആർസിടിസി റെയിൽ കണക്ട് മൊബൈൽ ആപ്പിലോ നിങ്ങളുടെ ഐആർസിടിസി അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
2. നിലവിലുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നടപടിക്രമം പതിവ് ബുക്കിംഗിന് സമാനമാണ്.
3. നിങ്ങളുടെ പുറപ്പെടൽ, ലക്ഷ്യസ്ഥാന സ്റ്റേഷനുകൾ നൽകുക.
4. നിങ്ങളുടെ യാത്രയ്ക്കായി നിലവിലെ തീയതി തിരഞ്ഞെടുക്കുക.
5. "ട്രെയിനുകൾ തിരയുക" എന്നതിൽ ക്ലിക്ക് ചെയ്യുക.
6. ലഭ്യമായ ട്രെയിനുകളുടെ പട്ടിക ദൃശ്യമാകുമ്പോൾ, വന്ദേ ഭാരത് എക്സ്പ്രസ് തിരയുക.
7. യാത്രാ ക്ലാസിന് കീഴിൽ (എസി ചെയർ കാർ അല്ലെങ്കിൽ എക്സിക്യൂട്ടീവ് ചെയർ കാർ), നിലവിലെ ബുക്കിംഗിന് ഒഴിവുള്ള സീറ്റുകൾ ലഭ്യമാണെങ്കിൽ "CURR_AVBL-" കാണണം.
ഏതൊക്കെ വന്ദേഭാരത് ട്രെയിൻ..?
1. ട്രെയിൻ നമ്പർ 20631 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ്
2. ട്രെയിൻ നമ്പർ 20632 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ്
3. ട്രെയിൻ നമ്പർ 20627 ചെന്നൈ എഗ്മോർ-നാഗർകോവിൽ വന്ദേ ഭാരത് എക്സ്പ്രസ്
4. ട്രെയിൻ നമ്പർ 20628 നാഗർകോവിൽ-ചെന്നൈ എഗ്മോർ വന്ദേ ഭാരത് എക്സ്പ്രസ്
5. ട്രെയിൻ നമ്പർ 20642 കോയമ്പത്തൂർ - ബെംഗളൂരു കാന്റ്. വന്ദേ ഭാരത് എക്സ്പ്രസ്
6. ട്രെയിൻ നമ്പർ 20646 മംഗളൂരു സെൻട്രൽ-മഡ്ഗാവ് വന്ദേ ഭാരത് എക്സ്പ്രസ്
7. ട്രെയിൻ നമ്പർ 20671 മധുര-ബെംഗളൂരു കാൻററ്. വന്ദേ ഭാരത് എക്സ്പ്രസ്
8. ട്രെയിൻ നമ്പർ 20677 ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ-വിജയവാഡ വന്ദേ ഭാരത് എക്സ്പ്രസ്


Click it and Unblock the Notifications


