ഓഹരി വിപണിയിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച വോഡഫോൺ ഐഡിയയുടെ ഓഹരികൾ കുതിക്കുന്നു. വോഡഫോൺ ഐഡിയയുടെ സ്പെക്ട്രം പേയ്‌മെന്റ് കുടിശ്ശികയിൽ 36,950 കോടി രൂപ ഇക്വിറ്റിയാക്കി മാറ്റാനുള്ള സർക്കാർ തീരുമാനത്തെത്തുടർന്നാണ് ഇന്ന് ചൊവ്വാഴ്ച ബി.എസ്.ഇയിൽ വോഡഫോൺ ഐഡിയയുടെ ഓഹരികൾ 19.41% വർദ്ധിച്ച് 8.15 രൂപയിലെത്തിയത്. ഇത് അപ്രതീക്ഷിത വളർച്ചയിലേക്കാണ് എത്തിയത്.
വി-യിൽ സർക്കാരിന്റെ ഓഹരികൾ 22.6% ൽ നിന്ന് 48.99% ആയി ഉയരും. എന്നാൽ സ്വകാര്യ പ്രൊമോട്ടർമാരായ വോഡഫോൺ പി.എൽ.സിയുടെയും ആദിത്യ ബിർള ഗ്രൂപ്പിന്റെയും ഓഹരികൾ യഥാക്രമം 16.1%, 9.4% എന്ന നിരക്കിൽ കുറയും. വോഡഫോൺ യു.കെയുടെ ഓഹരി ഉടമസ്ഥാവകാശം 24.4% ൽ നിന്ന് 16.1% ആയി കുറയും. അതേസമയം എബിജിയുടെ ഓഹരി ഏകദേശം 14% ൽ നിന്ന് 9.4% ആയി കുറയുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നിലവിൽ വി നഷ്ടത്തിലായിരുന്നു പ്രവർത്തിച്ചു കൊണ്ടിരുന്നത്. 2026 സാമ്പത്തിക വർഷത്തിന്റെ അവസാന പകുതിയിൽ സർക്കാർ സ്പെക്ട്രത്തിന്റെയും അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആർ) കുടിശ്ശികയായ 29,000 കോടി രൂപ തീർപ്പാക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു. ഈ ബാധ്യതകൾ ഇപ്പോൾ 11,000 കോടി രൂപയായി കുറയും. 2027 സാമ്പത്തിക വർഷം മുതൽ വാർഷിക പേയ്‌മെന്റ് 17,000 കോടി രൂപയായി കുറയും. ഇതുവരെ അത് 43,000 കോടി രൂപയായിരുന്നു. 2025 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ വിയുടെ ക്യാഷ് റിസർവ് 12,090 കോടി രൂപയായി രേഖപ്പെടുത്തി.
"2021 സെപ്റ്റംബറിലെ ടെലികോം മേഖലയ്ക്കുള്ള പരിഷ്കാരങ്ങളുടെയും സപ്പോർട്ട് പാക്കേജിന്റെയും അടിസ്ഥാനത്തിൽ, മൊറട്ടോറിയം കാലയളവ് അവസാനിച്ചതിന് ശേഷം തിരിച്ചടയ്ക്കേണ്ട കുടിശ്ശികകൾ ഉൾപ്പെടെയുള്ള സ്പെക്ട്രം ലേല കുടിശ്ശികകൾ ഇന്ത്യാ സർക്കാരിന് നൽകുന്ന ഇക്വിറ്റി ഷെയറുകളായി മാറ്റാൻ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം തീരുമാനിച്ചു," എന്നാണ് ഫയലിംഗിൽ വി വ്യക്തമാക്കിയത്.

വോഡഫോൺ ഐഡിയയുടെ ഓഹരി വില
വോഡഫോൺ ഐഡിയയുടെ ഓഹരി ഉടമസ്ഥാവകാശം ഉയർത്താനുള്ള സർക്കാരിന്റെ തീരുമാനത്തിന് ശേഷം ബ്രോക്കറേജ് സ്ഥാപനമായ സിറ്റി റിസർച്ച് ഈ ഓഹരികൾക്ക് വാങ്ങൽ/ഉയർന്ന അപകടസാധ്യതയുള്ള റേറ്റിംഗ് നൽകി. കഴിഞ്ഞ ക്ലോസിംഗ് വിലയേക്കാൾ 76% വർദ്ധനവാണ് സൂചിപ്പിക്കുന്നത്. അതായത് ഒരു ഓഹരിക്ക് 12 രൂപ എന്ന ടാർഗറ്റി വിലയാണ് കമ്പനി നിശ്ചയിച്ചത്.
നിലവിലെ പ്രകടനം അനുസരിച്ച് സർക്കാരിന്റെ വലിയ ഓഹരി പങ്കാളിത്തത്തിലൂടെ സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കുന്നുണ്ടെങ്കിലും, വോഡഫോൺ- ഐഡിയ അധിക ഫണ്ടിംഗ് നേടുന്നതിലും 4G, 5G ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിലും പ്രതിസന്ധികൾ നേരിടുന്നുവെന്ന് വ്യക്തമാണ്.
ട്രെൻഡ്‌ലൈൻ ഡാറ്റ പ്രകാരം വോഡഫോൺ ഐഡിയ ഓഹരികൾക്ക് ശരാശരി 8 രൂപയുടെ ടാർഗറ്റ് വില നൽകിയിട്ടുണ്ട്. ഇത് നിലവിലെ മൂല്യങ്ങളിൽ നിന്ന് 18% വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. നിരവധി റിപ്പോർട്ടുകൾ പ്രകാരം ഈ ഓഹരികൾ 'വിൽക്കുക' എന്ന റേറ്റിംഗാണ് നൽകിയിരിക്കുന്നത്. നിലവിൽ, സ്റ്റോക്ക് 5 ദിവസം മുതൽ 200 ദിവസം വരെയുള്ള എല്ലാ പ്രധാന സിമ്പിൾ മൂവിംഗ് ആവറേജുകൾക്കും താഴെയാണ് വ്യാപാരം നടത്തുന്നത്.
രസകരമായ കാര്യമെന്തെന്നാൽ 2025 ആരംഭിച്ചതിനുശേഷം ഓഹരി വില 15% കുറഞ്ഞു. കഴിഞ്ഞ 12 മാസത്തിനിടെ 48% കുറവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ വിപണി മൂലധനം നിലവിൽ 48,618 കോടി രൂപയിലാണ്. 52 ആഴ്ചയിലെ ഏറ്റവും വലിയ ഓഹരി വില 19.15 രൂപയായിരുന്നു. എന്നാൽ 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ വ്യാപാരം നടന്നത് 6.60 രൂപയിലാണ്.


Click it and Unblock the Notifications