മികച്ച ശമ്പളം, ജീവിത നിലവാരം; ഐടി പ്രൊഫഷണലുകൾക്ക് ഏറ്റവും പ്രിയം ഇന്ത്യയിലെ ഈ നഗരം
ഉയർന്ന ജീവിത നിലവാരവും ഉയർന്ന കരിയർ വളർച്ചാ അവസരങ്ങളും പ്രധാനം ചെയ്യുന്നതിനാൽ ഇന്ത്യയിലെ മിക്ക ഐടി പ്രൊഫഷണലുകളും ജോലി ചെയ്യാനുള്ള ഏറ്റവും മികച്ച നഗരമായി തിരഞ്ഞെടുക്കുന്നത് ബംഗളൂരുവാണെന്ന് സർവ്വേ റിപ്പോർട്ട്. ഹൈദരാബാദിനാണ് രണ്ടാം സ്ഥാനം. ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) പ്രൊഫഷണലുകളിൽ 40 ശതമാനവും ബെംഗളൂരുവിനെയാണ് ഏറ്റവും മികച്ച നഗരമായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ടെക് ജിഗിന്റെ സർവേ റിപ്പോർട്ട് പറയുന്നു.
രണ്ടും മൂന്നും സ്ഥാനങ്ങൾ
ഹൈദരാബാദും പൂനെയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 13 ശതമാനവും 11 ശതമാനവും വോട്ടുകളാണ് നേടിയിരിക്കുന്നത്. ഡൽഹി-എൻസിആർ ആണ് ഏറ്റവും കുറഞ്ഞ വോട്ടുകൾ നേടിയ ഇന്ത്യൻ നഗരം. 21 ശതമാനം വോട്ടുകളുള്ള കൊൽക്കത്ത ദില്ലി-എൻസിആറിനേക്കാൾ അല്പം മെച്ചപ്പെട്ട നിലയിലാണ്. 25നും 35നും ഇടയിൽ പ്രായമുള്ള കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ള 1,830 ഐടി പ്രൊഫഷണലുകൾക്കിടയിൽ ഏപ്രിൽ തുടക്കത്തിൽ നടത്തിയ ഓൺലൈൻ സർവേ റിപ്പോർട്ടാണിത്.
ഉയർന്ന ജീവിത നിലവാരം
ഉയർന്ന ജീവിത നിലവാരം പ്രദാനം ചെയ്യുന്നതിനാൽ 58 ശതമാനം ഐടി പ്രൊഫഷണലുകളും ബെംഗളൂരുവിനെയാണ് ഇഷ്ടപ്പെടുന്നതെന്നും സർവേ വ്യക്തമാക്കുന്നു. 71 ശതമാനം പേർ നഗരത്തിലെ മികച്ച ശമ്പള വർദ്ധനവിന് വോട്ട് ചെയ്തപ്പോൾ 68 ശതമാനം പേർ കരിയർ വളർച്ചയ്ക്കും തൊഴിലവസരങ്ങൾക്കുമായാണ് വോട്ട് നൽകിയത്. 57 ശതമാനം ഐടി പ്രൊഫഷണലുകളും ഇതിനകം തന്നെ അവർ ഇഷ്ടപ്പെടുന്ന നഗരത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും സർവേ വെളിപ്പെടുത്തി.
തുടക്കക്കാർക്ക് മികച്ച അവസരം
നഗരം മാറുന്നതിനെക്കുറിച്ചുള്ള അവരുടെ ഭാവി പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോൾ, ഭൂരിഭാഗവും തങ്ങൾ ജോലി ചെയ്യുന്ന നഗരം മാറ്റുന്നതിൽ താൽപര്യം കാണിച്ചില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പരിചയസമ്പന്നരായ പ്രൊഫഷണലുകളും ഫ്രെഷേഴ്സും ഒരുപോലെ ഒന്നാം സ്ഥാനം നൽകിയത് ബെംഗളൂരുവിനാണ്. 61 ശതമാനം പേർ അഭിപ്രായപ്പെട്ടത് ഐടി പ്രൊഫഷണലുകൾക്ക് വ്യവസായരംഗത്ത് തുടക്കം കുറിക്കാൻ മികച്ച അവസരമാണ് നഗരം നൽകുന്നതെന്നാണ്.
വീട്ടിലിരുന്ന് ജോലി
ആഗോളതലത്തില്‍ കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഐടി യൂണിറ്റുകളിലെ 18-20 ലക്ഷത്തോളം ജീവനക്കാര്‍ ഇപ്പോൾ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. കൊവിഡ് 19 ഭീതി നിലനില്‍ക്കുന്നതിനാല്‍ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാണ് നിലവിൽ സൌകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മേഖലയിലുടനീളമുള്ള കമ്പനികള്‍ അവരുടെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ബിസിനസ് വളർച്ച ഉറപ്പാക്കുന്നതിന് ടെലിപ്രസന്‍സ്, വീഡിയോ കോണ്‍ഫറന്‍സിംഗ് പോലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്.


Click it and Unblock the Notifications


