യൂണിയൻ ബജറ്റ് 2026: ക്രിപ്റ്റോ കറൻസിയിൽ നികുതി ഇളവുകളുണ്ടാകുമോ? പ്രതീക്ഷകളും ആശങ്കകളും
ബജറ്റ് അവതരണത്തിന് രണ്ടാഴ്ച കൂടിയാണ് ബാക്കിയുള്ളത്. രാജ്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി ഞാറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത് ഈ വർഷമാണ്. ഇന്ത്യൻ ഓഹരി വിപണി അന്നേ ദിവസം തുറക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം വന്നിട്ടില്ല. വിപണി തുറക്കുമെന്നാണ് പൊതുവിൽ ലഭിക്കുന്ന വിവരം. നിക്ഷേപകർക്ക് ലോട്ടറിയാകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. കേന്ദ്ര ബജറ്റിൽ ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നതാണ് നിക്ഷേപകരും ഫിൻടെക് മേഖലയുമെല്ലാം ഉറ്റുനോക്കുന്നത്.
നയപരമായ അനിശ്ചിതത്വം
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിൽ ക്രിപ്റ്റോ കറൻസികളെ ചുറ്റിപ്പറ്റിയുള്ള നയപരമായ അനിശ്ചിതത്വം തുടരുകയാണ്. പൂർണ നിരോധനമില്ലെങ്കിലും വ്യക്തമായ റെഗുലേറ്ററി ഫ്രെയിംവർക്ക് ഇനിയും രൂപപ്പെടാത്തതാണ് പ്രധാന ആശങ്ക. 2022-23 ബജറ്റിൽ ക്രിപ്റ്റോ ആസ്തികളിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന് 30 ശതമാനം നികുതിയും, ഓരോ ഇടപാടിലും 1 ശതമാനം TDSഉം പ്രഖ്യാപിച്ചതോടെയാണ് സർക്കാർ ആദ്യമായി ഈ മേഖലയെ ഔദ്യോഗികമായി അംഗീകരിച്ചത്. എന്നാൽ ഇതിന് പിന്നാലെ ഇടപാട് വോള്യം കുത്തനെ കുറഞ്ഞു. ഉയർന്ന നികുതി നിരക്കും നഷ്ടം സെറ്റ് ഓഫ് ചെയ്യാൻ കഴിയാത്ത വ്യവസ്ഥയും ഇന്ത്യയിലെ ക്രിപ്റ്റോ വിപണിയെ കാര്യമായി ബാധിച്ചു എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ആർബിഐ ചൂണ്ടിക്കാട്ടുന്നത്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ക്രിപ്റ്റോ കറൻസികളെക്കുറിച്ച് പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിലയിലെ അതിരൂക്ഷ ചാഞ്ചാട്ടം, ഉപഭോക്തൃ സംരക്ഷണ പ്രശ്നങ്ങൾ, കള്ളപ്പണ ഇടപാടുകളുടെ സാധ്യത എന്നിവയാണ് ആർബിഐ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. അതേസമയം, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) ആയ ഡിജിറ്റൽ രൂപയുടെ പ്രചാരണത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. അതിനാൽ തന്നെ ബജറ്റിൽ ക്രിപ്റ്റോയെ പ്രോത്സാഹിപ്പിക്കുന്ന വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ചില സാമ്പത്തിക നിരീക്ഷകർ പറയുന്നു.

ക്രിപ്റ്റോകറന്‍സികളുടെ ആന്തരിക മൂല്യത്തിലെ അഭാവം അപകടസാധ്യത പതിന്‍മടങ്ങ് ഉയര്‍ത്തുന്നുവെന്ന് ആര്‍ബിഐ പറയുന്നു. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് പറയുക സാധ്യമല്ല. വിലകള്‍ പൂര്‍ണ്ണമായും വിപണി ഊഹക്കച്ചവടത്തെയും, വിതരണത്തെയും, ഡിമാന്‍ഡിനെയും ആശ്രയിച്ചിരിക്കുന്നു. സ്ഥിരതയേക്കാള്‍ കൂടുതല്‍ ചാഞ്ചാട്ടമാണ് ഇവിടെ കാണുന്നത്. ഈ ഉയര്‍ന്ന സ്ഥിരത അതിനെ അപകടകരമാക്കുന്നു. സര്‍ക്കാരും ഇതിനെ ഉയര്‍ന്ന അപകടസാധ്യതയുള്ള ആസ്തിയായി കണക്കാക്കുന്നു.
സാധ്യതകൾ എന്തെല്ലാം..?
എന്നാൽ അന്താരാഷ്ട്ര തലത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഇന്ത്യയുടെ സമീപനത്തെ സ്വാധീനിച്ചേക്കാം. യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ ക്രിപ്റ്റോ റെഗുലേഷൻ കൂടുതൽ വ്യക്തമായ രൂപം കൈക്കൊള്ളുകയാണ്. ആഗോള ഫിൻടെക് നിക്ഷേപം ആകർഷിക്കണമെങ്കിൽ ഇന്ത്യക്കും വ്യക്തമായ നിയമചട്ടങ്ങൾ അനിവാര്യമാണെന്ന അഭിപ്രായം ശക്തമാകുന്നു. ഈ സാഹചര്യത്തിൽ, ബജറ്റിൽ നേരിട്ട് നിയമനിർമാണ പ്രഖ്യാപനങ്ങൾ ഇല്ലെങ്കിലും, ക്രിപ്റ്റോ റെഗുലേഷൻ സംബന്ധിച്ച സമഗ്ര ചർച്ചകൾ ആരംഭിക്കുമെന്ന് സൂചന നൽകുന്ന പരാമർശങ്ങൾ ഉണ്ടാകാമെന്നാണ് പ്രതീക്ഷ.
നികുതി ഭാഗത്ത് ചെറിയ മാറ്റങ്ങൾ വന്നേക്കാമെന്ന പ്രതീക്ഷയും നിലനിൽക്കുന്നു. ഉദാഹരണത്തിന്, 1 ശതമാനം TDS 0.1 ശതമാനമായി കുറയ്ക്കുക, അല്ലെങ്കിൽ ദീർഘകാല നിക്ഷേപങ്ങൾക്ക് കുറവ് നികുതി നിരക്ക് പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയരുന്നുണ്ട്. ചുരുക്കത്തിൽ ഇത്തവണത്തെ ബജറ്റിൽ ക്രിപ്റ്റോ കറൻസിയെ സംബന്ധിച്ച് വിപ്ലവകരമായ പ്രഖ്യാപനങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാൽ നിലവിലെ നികുതി സംവിധാനത്തിൽ ചെറിയ ഇളവുകളോ, ഭാവിയിൽ വ്യക്തമായ റെഗുലേഷൻ കൊണ്ടുവരുമെന്ന സൂചനകളോ ലഭിച്ചാൽ പോലും അത് വിപണിക്ക് ഒരു പോസിറ്റീവ് സിഗ്നലായി മാറും.


Click it and Unblock the Notifications


