വരുമാനത്തിലുള്ള തീര്‍ച്ചയും മുതല്‍ തുകയിലുള്ള ഉറപ്പും. ഈ ഇരട്ട നേട്ടങ്ങളാണ് പുതിയതും പഴയതുമായി പരമ്പരാഗത നിക്ഷേപകരുടെ പ്രിയപ്പെട്ട നിക്ഷേപമായി ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ മാറിയത്.
വരുമാനത്തിലുള്ള തീര്‍ച്ചയും മുതല്‍ തുകയിലുള്ള ഉറപ്പും. ഈ ഇരട്ട നേട്ടങ്ങളാണ് പുതിയതും പഴയതുമായി പരമ്പരാഗത നിക്ഷേപകരുടെ പ്രിയപ്പെട്ട നിക്ഷേപമായി ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ മാറിയത്. എന്നാല്‍ അതേ സമയം തന്നെ സ്ഥിര നിക്ഷേപങ്ങളെ കുറിച്ച് പൂര്‍ണമായ അവബോധമില്ലാത്തത് കാരണം സ്വന്തം നിക്ഷേപങ്ങളില്‍ നിന്നും പരമാവധി നേട്ടം സ്വന്തമാക്കാന്‍ ചില നിക്ഷേപകര്‍ക്കെങ്കിലും പലപ്പോഴും സാധിക്കാതെ വരാറുണ്ട്. നിങ്ങള്‍ സ്ഥിര നിക്ഷേപത്തിന് തയ്യാറെടുക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങളാണ് ഇവിടെ പറയുവാന്‍ പോകുന്നത്.
1. ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ 5 ലക്ഷം രൂപ വീതം നിക്ഷേപിക്കുന്നതിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും
ആര്‍ബിഐയുടെ ഉപവിഭാഗമായ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടീ കോര്‍പറേഷന്‍ (ഡിഐസിജിസി) ഷെഡ്യൂള്‍ഡ് ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്ഥിര നിക്ഷേപങ്ങള്‍, സേവിംഗ്‌സ് അക്കൗണ്ട്, റെക്കറിംഗ് നിക്ഷേപങ്ങള്‍, കറന്റ് അക്കൗണ്ട് തുടങ്ങിയ ക്യുമുലേറ്റീവ് ബാങ്ക് നിക്ഷേപങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. ബാങ്ക് പരാജയപ്പെടുകയാണെങ്കില്‍ ഓരോ ബാങ്കിലെയും ഓരോ നിക്ഷേപകനും 5 ലക്ഷം രൂപ വരെയാണ് ഇന്‍ഷുറന്‍സ് കവറേജായി ലഭിക്കുക. നിക്ഷേപത്തിന്റെ മുതല്‍ തുകയും അതില്‍ നിന്ന് ലഭിക്കുന്ന പലിശയും ഇന്‍ഷുറന്‍സ് കവറേജില്‍ ഉള്‍പ്പെടും.
ഇന്‍ഷുറന്‍സ് പരിരക്ഷ
ഓരോ ഷെഡ്യൂള്‍ഡ് ബാങ്കിലെയും നിക്ഷേപങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകമായാണ് 5 ലക്ഷം രൂപയുടെ കവറേജ് നല്‍കുന്നത് എന്നതിനാല്‍ റിസ്‌ക് എടുക്കാന്‍ താത്പര്യമില്ലാത്ത നിക്ഷേപകര്‍ക്ക് പല ബാങ്കുകളിലായി നിക്ഷേപം വിഭജിച്ചുകൊണ്ട് മുതല്‍ തുകയുടെ പരമാവധി സുരക്ഷിതത്വം ഉറപ്പുവരുത്തുവാനും നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന നേട്ടങ്ങളും ആദായവും പരമാവധി സ്വന്തമാക്കുവാന്‍ സാധിക്കും. ഇങ്ങനെ വിഭജിച്ചിരിക്കുന്ന ഓരോ നിക്ഷേപങ്ങളും 5 ലക്ഷം രൂപയില്‍ കവിയാതിരിക്കുവാനാണ് ഇവിടെ നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത്.
2. നിക്ഷേപ കാലാവധിയെത്തും മുമ്പ് നിക്ഷേപം പിന്‍വലിക്കുന്നത് നിക്ഷേപകരില്‍ നിന്നും ബാങ്ക് പിഴ ഈടാക്കുന്നതിന് കാരണമാകും. ഇത് നിങ്ങളുടെ ആദായത്തില്‍ കുറവ് വരുത്തും
മിക്ക നിക്ഷേപകരും അവര്‍ക്ക് മുന്നിലുള്ള ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്ന നിക്ഷേപം എവിടെയാണോ അതാണ് നിക്ഷേപത്തിനായി തിരഞ്ഞെടുക്കാറ്. ആ സമയത്ത് പലപ്പോഴും ലിക്വിഡിറ്റിയും നിക്ഷേപ കാലാവധിയും പരിഗണനാ വിഷയമാകാറുമില്ല. അപ്രതീക്ഷിതമായി കടന്നുവരുന്ന എന്തെങ്കിലും സാമ്പത്തീക ആവശ്യങ്ങള്‍ ചിലപ്പോള്‍ കാലാവധി എത്തുംമുമ്പ് തന്നെ സ്ഥിര നിക്ഷേപങ്ങള്‍ പിന്‍വലിക്കുവാന്‍ നിക്ഷേപകനെ നിര്‍ബന്ധിതനാക്കിയേക്കാം. 1 ശതമാനം പിഴയായി ഇതോടെ നിക്ഷേപകന്‍ ബാങ്കിന് നല്‍കേണ്ടതായി വരും. അതിനാല്‍ നിക്ഷേപിക്കും മുമ്പ് തന്നെ നിക്ഷേപ കാലാവധിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കുക. പരമാവധി കാലാവധി എത്തും മുമ്പുളള പിന്‍വലിക്കലുകള്‍ ഒഴിവാക്കുവാനും ശ്രമിക്കുക.
3. നിക്ഷേപകരുടെ നികുതി ബാധ്യത ടിഡിഎസില്‍ അവസാനിക്കുന്നില്ല
ബാങ്കുകളുടെ ടിഡിഎസ് കിഴിക്കലോട് കൂടി സ്ഥിര നിക്ഷേപകരുടെ നികുതി ബാധ്യത അവസാനിക്കുന്നില്ല. സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നിക്ഷേപകന്റെ നികുതി സ്ലാബിനനുസരിച്ച് നികുതി നല്‍കേണ്ടതുണ്ട്. വകുപ്പ് 80ടിടിബി പ്രകാരം ഇതില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 50,000 രൂപ വരെ ഇളവ് ലഭിക്കും. യഥാര്‍ഥ നികുതി ബാധ്യതയും ടിഡിഎസ് തുക കിഴിച്ചതും തമ്മിലുള്ള വ്യത്യാസം ആദായ നികുതു റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് ക്രമീകരിക്കപ്പെടും. സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള നികുതിയാനന്തര വരുമാനം കണക്കാക്കുമ്പോള്‍ നികുതി സ്ലാബ് അടിസ്ഥാനമാക്കണം. ഇത് സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള നികുതിയാനന്തര പലിശ ആദായവും ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ പോലുള്ള സ്ഥിര ആദായം നല്‍കുന്ന നില്‍കുന്ന നിക്ഷേപങ്ങളിലെ നികുതിയാനന്തര ആദായവും തമ്മില്‍ എളുപ്പത്തില്‍ താരതമ്യപ്പെടുത്താന്‍ നിക്ഷേപകനെ സഹായിക്കും.
4. നികുതി ലാഭിക്കുവാനുള്ള സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായം നികുതി മുക്തമല്ല
ആദായ നികുതി നിയമത്തിന്റെ വകുപ്പ് 80സി പ്രകാരം നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളില്‍ 1.5 ലക്ഷം രൂപ വരെ ഒരു സാമ്പത്തിക വര്‍ഷത്തില്‍ നികുതി ഇളവ് ലഭിക്കും. 5 വര്‍ഷത്തെ ലോക്ക് ഇന്‍ പീരിഡ് ഇത്തരം നിക്ഷേപങ്ങള്‍ക്കുണ്ട്. മറ്റ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് സമാനമായി നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശ ആദായവും നിക്ഷേപകന്റെ നികുതി സ്ലാബിന് അനുസരിച്ച് നികുതി ബാധ്യതയുള്ളവയാണ്.
5. സെക്യേര്‍ഡ് കാര്‍ഡുകള്‍ ലഭിക്കുവാന്‍
തീരെ കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ ഉള്ള സ്ഥിര നിക്ഷേപകര്‍ക്ക് സെക്യേര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ എടുക്കാം. ഇതുവഴിയുള്ള എല്ലാ ഇടപാടുകളും ക്രെഡിറ്റ് ബ്യൂറോയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ അച്ചടക്കത്തോടെയുള്ള ഉപയോഗത്തിലൂടെ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുവാനും സാധിക്കും. പരിമിതമായ വരുമാനം, സേവനം ലഭ്യമല്ലാത്ത പ്രദേശം, തൊഴില്‍ തുടങ്ങിയ കാരണങ്ങളാല്‍ സാധാരണ ക്രെഡിറ്റ് കാര്‍ഡ് സേവനം ലഭിക്കാത്തവര്‍ക്ക് സെക്യേര്‍ഡ് കാര്‍ഡുകള്‍ സഹായകമാകും.
6. സ്ഥിര നിക്ഷേപത്തിന്മേല്‍ വായ്പ
മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപത്തിന്മേല്‍ വായ്പ അനുവദിക്കാറുണ്ട്. സാധാരണഗതിയില്‍ ഓഫര്‍ ഡ്രാഫ്റ്റ് രീതിയിലായിരിക്കും വായ്പ നല്‍കുക. നിക്ഷേപ തുകയെ അടിസ്ഥാനമാക്കി പരമാവധി പിന്‍വലിക്കാവുന്ന തുക ബാങ്കുകള്‍ നിശ്ചയിക്കും. പിന്‍വലിയ്ക്കുന്ന തുകയ്ക്ക് മാത്രമായിരിക്കും പലിശ ഈടാക്കുക. നിക്ഷേപ കാലാവധി അവസാനിക്കും വരെ നിക്ഷേപത്തിന്മേല്‍ ലഭിക്കുന്ന പലിശാദായം തുടര്‍ന്നും ലഭിക്കുകയും ചെയ്യും. കാലാവധി എത്തും മുമ്പ് നിക്ഷേപം പിന്‍വലിക്കാതെ തന്നെ ഈ സേവനം ഉപയോഗിച്ച് നിക്ഷേപകന് പെട്ടെന്നുണ്ടാകുന്ന തന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിര്‍വഹിക്കാവുന്നതാണ്.


Click it and Unblock the Notifications