പുതിയ കാലം നിക്ഷേപത്തിന്‍റേതാണ്. വളരെ സുരക്ഷിതമായി കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പണം കണ്ടെത്തുക എന്നതാണ് നിക്ഷേപത്തിലൂടെ പലരും ആഗ്രഹിക്കുന്നത്. എന്നാൽ ദീർഘകാല നിക്ഷേപത്തിലൂടെ ഭാവി സുരക്ഷിതമാക്കുന്നവരും നിരവധിയാണ്. സ്ഥിര വരുമാനത്തിനുള്ള നിക്ഷേപ പദ്ധതി തേടുന്നവർക്കുള്ള നിക്ഷേപ പദ്ധതികളാണ് ചെറുകിട നിക്ഷേപ പദ്ധതികൾ അഥവാ സ്മോൾ സേവിംഗ്സ് സ്കീമുകൾ. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ പദ്ധതികൾക്ക് സർക്കാരിന്‍റെ പിന്തുണയുണ്ട് എന്നതും നേട്ടമാണ്.

ചെറുകിട സമ്പാദ്യ പദ്ധതികൾ
ജനങ്ങളുടെയിടയിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ചെറുകിട സമ്പാദ്യ പദ്ധതികൾ ആരംഭിച്ചത്. ഈ പദ്ധതികളെ പ്രധാനമായും മൂന്നായി തരംതിരിക്കാം
1. സേവിംഗ്സ് ഡെപ്പോസിറ്റുകൾ - 1 മുതൽ 3 വർഷം കാലാവധിയുള്ള നിക്ഷേപങ്ങൾ, 5 വർഷത്തെ ആവർത്തന നിക്ഷേപങ്ങൾ, നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റുകൾ, കിസാൻ വികാസ് പത്ര തുടങ്ങിയ സേവിംഗ് സർട്ടിഫികൾ
2. സാമൂഹ്യ സുരക്ഷാ പദ്ധതികൾ - പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി അക്കൗണ്ട്, സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം
3. പ്രതിമാസ വരുമാന പദ്ധതികൾ - പ്രതിമാസ വരുമാന പദ്ധതിയിൽ പ്രതിമാസ വരുമാന അക്കൗണ്ട്
ചെറുകിട സമ്പാദ്യ പദ്ധതികളുടെ ഏറ്റവും പുതിയ പലിശ നിരക്ക് പരിശോധിക്കാം
1. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ
നിലവിലുള്ള ചെറുകിട സമ്പാദ്യ പദ്ധതികളിൽ വലിയ പ്രയാസമില്ലാതെ നേട്ടമുണ്ടാക്കാനുള്ള ഏറ്റവും നല്ല പദ്ധതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീം. നികുതി ആനുകൂല്യങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്കും അഞ്ച് വർഷത്തേക്ക് ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കുന്നവർക്കും ഈ സ്കീം അനുയോജ്യമാണ്. 7.7 ശതമാനമാണ് പലിശ നിരക്ക്. ചെറുകിട, ഇടത്തരം വരുമാനമുള്ള നിക്ഷേപകർക്ക് സുരക്ഷിതവും കുറഞ്ഞ അപകടസാധ്യതയുള്ളതുമായ നിക്ഷേപ പദ്ധതിയാണിത്.
2. കിസാൻ വികാസ് പത്ര
ഇന്ത്യൻ പോസ്റ്റോഫീസ് വാഗ്ദാനം ചെയ്യുന്ന ഒരു സർട്ടിഫിക്കറ്റ് പദ്ധതിയാണ് കിസാൻ വികാസ് പത്ര. ഏകദേശം 9 വർഷവും 10 മാസവും കൊണ്ട് (118 മാസം) ഈ നിക്ഷേപ പദ്ധതിയിലൂടെ ഒറ്റത്തവണ നിക്ഷേപം ഇരട്ടിയാക്കാം. ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. ഉയർന്ന നിക്ഷേപ പരിധിയില്ല. 7.5 ശതമാനമാണ് പലിശ നിരക്ക്
3. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
ഏറ്റവും ജനകീയമായ ചെറുകിട നിക്ഷേപ സമ്പാദ്യ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. ചെറുകിട സമ്പാദ്യ പദ്ധതികളില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് പിപിഎഫാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പിപിഎഫ് നിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക് ഓരോ സാമ്പത്തിക വര്‍ഷത്തിലും എല്ലാ പാദത്തിലും സര്‍ക്കാര്‍ പരിശോധിച്ച് പുതുക്കുകയാണ് ചെയ്യുക. നിലവിൽ 7.1 ശതമാനമാണ് പലിശ നിരക്ക്
4. സുകന്യ സമൃദ്ധി യോജന
പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാവുന്നതാണ്. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ അവള്‍ ആയിരിക്കും അക്കൗണ്ട് ഉടമ. ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികളുടെ പേരില്‍ മാത്രമേ അക്കൗണ്ട് തുറക്കാന്‍ സാധിക്കൂ. ഇരട്ടകള്‍/മൂന്നു കുട്ടികള്‍ എന്നിങ്ങനെ ജനിച്ചാല്‍ രണ്ടില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ തുറക്കാം. 8 ശതമാനമാണ് പലിശ നിരക്ക്.
5. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്‌കീം
മുതിർന്ന പൗരന്മാർക്കുള്ള ജനപ്രിയ നിക്ഷേപ മാർഗങ്ങളിലൊന്നാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്‌കീം. വിരമിക്കലിന് ശേഷമുള്ള വർഷങ്ങളിൽ സുരക്ഷിതമായ വരുമാന മാർഗ്ഗം നൽകുകയെന്ന ലക്ഷ്യത്തോടെ 2004 ൽ സർക്കാർ പിന്തുണയിൽ തുടങ്ങിയ പദ്ധതി. സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിന്റെ പലിശ നിരക്കുകൾ ഓരോ പാദത്തിലും ഗവൺമെന്റ് നിശ്ചയിക്കും. നിക്ഷേപസമയത്ത് നിശ്ചയിക്കുന്ന പലിശ നിരക്കായിരിക്കും കാലാവധി തീരുന്നത് വരെ ലഭിക്കുക. നിലവിലുള്ള പലിശ നിരക്ക് 8.2 ശതമാനം
6. 1 വർഷ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപം - 6.9 ശതമാനം
7. 2 വർഷ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപം - 7.0 ശതമാനം
8. 3 വർഷ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപം - 7 ശതമാനം
9. 5 വർഷ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപം - 7.5 ശതമാനം
10.5 വർഷം കാലാവധിയുള്ള ആവർത്തന നിക്ഷേപങ്ങൾ - 6.7 ശതമാനം
2023 ഒക്ടോബർ-ഡിസംബർ പാദത്തിൽ, പിപിഎഫ്, സുകന്യ സമൃദ്ധി, സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമുകൾ, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ എന്നിവയുൾപ്പെടെ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സർക്കാർ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. 5 വർഷത്തെ ആവർത്തന നിക്ഷേപങ്ങൾക്ക് മാത്രമാണ് പലിശ നിരക്ക് 20 ബേസിസ് പോയിൻറ് 6.7 ശതമാനമായി ഉയർത്തിയത്.


Click it and Unblock the Notifications