പണം കണ്ടുപിടിക്കുന്നതിന് മുൻപ് ജനങ്ങൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റിയിരുന്നത് സാധനങ്ങൾ പരസ്പരം കൈമാറിയാണെന്ന് പണ്ട് ചരിത്ര പുസ്തകങ്ങളിൽ എല്ലാവരും പഠിച്ചിട്ടുണ്ട്. ബാർട്ടർ സമ്പ്രദായമെന്നായിരുന്നു അതിന്‍റെ പേര്. വ്യാപാരത്തിന്‍റെ ആദ്യരൂപമെന്നും ബാർട്ടർ സമ്പ്രദായത്തെ വിശേഷിപ്പിക്കാം. എന്നാൽ, കൈമാറ്റം ചെയ്യുന്ന സാധനങ്ങളുടെ യഥാർഥ മൂല്യം കണക്കാക്കാൻ ഈ സമ്പ്രദായത്തിൽ കഴിയില്ലായിരുന്നു. ഈ പോരായ്മയാണ് പിന്നീട് പണത്തിന്‍റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. ലോഹനാണയങ്ങളായും തുകൽ നാണയങ്ങളായും പിന്നീട് പണം രൂപമാറ്റം നടത്തി. 700-800 എ.ഡിയിൽ ചൈനയിലാണ് ആദ്യമായി പേപ്പർ പണം ഉപയോഗിക്കാൻ തുടങ്ങിയതെന്നാണ് ചരിത്ര രേഖകൾ പറയുന്നത്. പിന്നീട് അത് ലോകം മുഴുവൻ വ്യാപിക്കുകയും ചെയ്തു. എന്നാൽ പണത്തിന്‍റെ രൂപമാറ്റം അവിടേയും തീർന്നില്ല. ഇന്ന് ഇടപാടുകൾ മുഴവൻ ഡിജിറ്റലാണ്.

ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകളിൽ വലിയ വർദ്ധനയാണ് കഴിഞ്ഞ കുറച്ചു വർഷത്തിനുള്ളിൽ ഉണ്ടായത്. പണമിടപാടുകൾക്കുള്ള ജനപ്രിയവും സൗകര്യപ്രദവുമായ മാർഗ്ഗമായി യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ് (യുപിഐ)മാറി. എന്നാൽ പണമിടപാടുകൾ ഡിജിറ്റലായതോടെ അപകടങ്ങളും നിരവധിയാണ്. പണം തട്ടിയെടുക്കാൻ ഇന്ന് നിരവധി മാർഗങ്ങളുണ്ട്. ഒരു പക്ഷെ ഓരോ നിമിഷത്തിലും പുതിയ പദ്ധതികൾ കണ്ടെത്തുന്നു എന്ന് വേണമെങ്കിൽ പറയാം. പുതിയ വർഷത്തിലേക്ക്, 2024ലേക്ക് ചുവട് വയ്ക്കുമ്പോൾ സുരക്ഷിതമായ ഡിജിറ്റൽ പേയ്മെന്‍റ് അനുഭവം ഉറപ്പാക്കുന്നതിലും വലിയ ശ്രദ്ധവേണം. അതിന് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.
പിൻ പരിരക്ഷ
ഡിജിറ്റൽ ഇടപാടുകൾ സാധ്യമാകുന്നത് പിൻ നമ്പറുകളുപയോഗിച്ചാണ്. 0 മുതൽ 9 വരെയുള്ള അക്കങ്ങളാണ് പിൻ നമ്പറുകളിൽ ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ ഏറ്റവും രഹസ്യമായി ഈ നമ്പറുകൾ സൂക്ഷിക്കണം. വിശ്വാസമില്ലാത്ത ആരുമായും ഈ നമ്പർ പങ്കിടരുത്. അതൊടൊപ്പം തന്നെ ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ (ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ) അപ്ഡേറ്റ് ചെയ്ത് ഉപയോഗിക്കുക.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന നമ്പർ (ഒടിപി)യും പണമിടപാടുകൾക്കായി ഉപയോഗിക്കുന്ന രീതിയാണ്. ഒടിപി നമ്പറുകൾ സാധാരണയായി ഒരു നിശ്ചിത സമയം മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. എന്നിരുന്നാലും ഒടിപി നമ്പറും ആരുമായും പങ്കിടരുത്. പ്രത്യേകിച്ച് ഫോൺ കോളുകൾ, ഇമെയിലുകൾ അല്ലെങ്കിൽ ടെക്‌സ്‌റ്റ് സന്ദേശങ്ങൾ വഴി.
തട്ടിപ്പുകൾക്കെതിരായ ജാഗ്രത
ഓൺലൈൻ തട്ടിപ്പുകളിൽ എപ്പോഴും ജാഗ്രത പുലർത്തണം. ഫിഷിംഗ് ഇ-മെയിലുകൾ, സംശയാസ്പദമായ ലിങ്കുകൾ, വ്യക്തിഗത വിവരങ്ങൾക്കായുള്ള ആവശ്യപ്പെടാത്ത അഭ്യർത്ഥനകൾ എന്നിവയിൽ എപ്പോഴും ജാഗ്രത പുലർത്തുക. അത്തരത്തിലുള്ള എന്തെങ്കിലും കാര്യങ്ങളോട് പ്രതിപകരിക്കുന്നതിന് മുൻപ് രണ്ട് തവണ പരിശോധിക്കുക. അതോടൊപ്പം സമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വ്യക്തിഗത വിവരങ്ങളിലും നിയന്ത്രണങ്ങളുണ്ടാകണം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മറ്റ് ഓൺലൈൻ അക്കൗണ്ടുകളിലും സ്വകാര്യത ക്രമീകരണങ്ങൾ പതിവായി അവലോകനം ചെയ്യുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുക.
ടു-ഫാക്ടർ ഓതന്‍റിക്കേഷൻ
യുപിഐ ഇടപാടുകൾക്കായി ടു-ഫാക്ടർ ഓതന്‍റിക്കേഷൻ ഉപയോഗിക്കുകയും പ്രവർത്തനക്ഷമമാക്കുകയും ചെയ്യുക. അത് ഇടപാടുകൾക്ക് കൂടുതൽ സുരക്ഷ നൽകും. ബാങ്കുകളോ സർക്കാർ സ്ഥാപനങ്ങളോ ഒരിക്കലും അവരുടെ കോൾ സെന്‍റർ വഴി യുപിഐ പിൻ നമ്പറുകളോ ഒടിപി നമ്പറുകളോ ആവശ്യപ്പെടില്ല.
സുരക്ഷിതമായ ഒരു നെറ്റ്‌വർക്ക് ഉപയോഗിക്കുക
പൊതു വൈഫൈ നെറ്റ്‌വർക്കുകളിലോ സുരക്ഷിതമല്ലാത്ത കണക്ഷനുകളിലോ സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് ഒഴിവാക്കുക. യുപിഐ ഇടപാടുകൾ നടത്തുമ്പോൾ വിശ്വസനീയവും സുരക്ഷിതവുമായ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുക.
ട്രാൻസാക്ഷൻ അലേർട്ടുകൾ
യുപിഐ ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ആപ്പുകളിൽ ട്രാൻസാക്ഷൻ അലേർട്ടുകൾ പ്രവർത്തനക്ഷമമാക്കണം. അതോടൊപ്പം അക്കൗണ്ട് പതിവായി നിരീക്ഷിക്കുകയും ചെയ്യുക. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാൽ, ഉടൻ തന്നെ ബാങ്കിനെയോ ബന്ധപ്പെട്ട അധികാരികളെയോ അറിയിക്കുക.
സംശയാസ്പദമായ പ്രവർത്തനം റിപ്പോർട്ട് ചെയ്യുക
സംശയാസ്പദമായ ഇടപാടുകളോ യുപിഐ തട്ടിപ്പുകളോ ഉണ്ടായാൽ, സംഭവം ബാങ്കിന്‍റേയും യുപിഐ ഇപാടുകൾക്കായി ഉപയോഗിച്ച ആപ്ലിക്കേഷന്‍റേയും
കസ്റ്റമർ കെയറിൽ അറിയിക്കുക. അതോടൊപ്പം പോലീസ് സ്റ്റേഷനിലോ സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകുക. പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുകയാണെങ്കിൽ ആർബിഐ ഓംബുഡ്‌സ്മാനെ അറിയിക്കുന്നതിന് ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിക്കാം.
തുടക്കത്തിൽ പറഞ്ഞതുപോലെ ഓൺലൈൻ തട്ടിപ്പുകൾ ഒരോ ദിവസവും വർദ്ധിക്കുകയാണ്. തട്ടിപ്പുകാർ പുതിയ രീതികൾ പരീക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ സ്വയം ജാഗരൂകരാവുക. ഇടപാടുകൾക്കായി യുപിഐ ഉപയോഗിക്കുമ്പോൾ ശ്രദ്ധാലുക്കളായിരിക്കുക, ഉറവിടങ്ങൾ പരിശോധിക്കുക, സുരക്ഷിതമായ രീതികൾ സ്വീകരിക്കുക എന്നിവയിലൂടെ തട്ടിപ്പുകൾക്ക് ഇരയാകാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാനാകും. 2024ഉം സാമ്പത്തിക സുരക്ഷയുള്ള വർഷമാകട്ടെ.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications