മൂലധന ലാഭ നികുതി തലവേദനയാകുന്നുണ്ടോ? നിക്ഷേപകർക്ക് നികുതി ബാധ്യത കുറയ്ക്കാനുള്ള വഴികൾ
സാമ്പത്തിക വർഷാവസാനം അടുത്തെത്തി നിൽക്കെ, ദീർഘകാല നിക്ഷേപങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ നിയമപരമായ മാർഗങ്ങളിലൂടെ നികുതി ബാധ്യത കുറയ്ക്കാനുള്ള വഴികൾ തേടുകയാണ് മിക്ക നിക്ഷേപകരും. ചില്ലറ നിക്ഷേപകർ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഫലപ്രദമായ ഒരു തന്ത്രമാണ് 'ടാക്സ് ഹാർവെസ്റ്റിംഗ്'. നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭമോ നഷ്ടമോ ബുക്ക് ചെയ്യുകയും, അവ വീണ്ടും നിക്ഷേപിക്കുകയും ചെയ്യുന്നതിലൂടെ ക്യാപിറ്റൽ ഗെയിൻസ് ടാക്സ് കുറയ്ക്കുന്ന രീതിയാണിത്.
ഭാവിയിലെ നികുതി ബാധ്യത കുറയ്ക്കുന്നതിനായി നിക്ഷേപങ്ങൾ തന്ത്രപരമായി വിൽക്കുകയും (ലാഭത്തിലോ നഷ്ടത്തിലോ), ആ തുക ഉടൻ തന്നെ തിരികെ നിക്ഷേപിക്കുകയും ചെയ്യുന്ന രീതിയാണിത്. ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങളിൽ മാറ്റം വരുത്താതെ തന്നെ, നികുതി ഇളവുകളും സെറ്റ്-ഓഫ് (set-off) നിയമങ്ങളും പ്രയോജനപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം യഥാസമയങ്ങളിൽ പിൻവലിക്കുന്നത് ഭാവിയിലെ നികുതി ബാധ്യത എങ്ങനെയെല്ലാം കുറയ്ക്കും
നിക്ഷേപിച്ച തുകയ്ക്കല്ല, മറിച്ച് അതിൽ നിന്നുണ്ടായ ലാഭത്തിന് മാത്രമാണ് നികുതി ഈടാക്കുന്നത്. ഉദാഹരണത്തിന്, നിങ്ങൾ 5 ലക്ഷം രൂപ നിക്ഷേപിക്കുകയും അത് 7.5 ലക്ഷം രൂപയായി വളരുകയും ചെയ്താൽ, അതിലെ 2.5 ലക്ഷം രൂപയാണ് ലാഭം. ഈ ലാഭത്തിന്റെ ഒരു ഭാഗം നിങ്ങൾ പിൻവലിക്കുകയും പിന്നീട് അത് വീണ്ടും നിക്ഷേപിക്കുകയും ചെയ്താൽ, നിങ്ങളുടെ ലാഭവിഹിതം കുറയുകയും നിക്ഷേപത്തുക വർദ്ധിക്കുകയും ചെയ്യുന്നു. കാലക്രമേണ, ഈ പ്രക്രിയയിലൂടെ പോർട്ട്‌ഫോളിയോയിലെ നികുതി നൽകേണ്ട ഭാഗം ക്രമാനുഗതമായി കുറയുന്നു. മൊത്തം നിക്ഷേപ മൂല്യം മാറ്റമില്ലാതെ തുടരുമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ നികുതി ബാധ്യത കുറയ്ക്കാൻ ഇത് സഹായിക്കും.
നഷ്ടങ്ങൾ ഉപയോഗിച്ച് ലാഭത്തിന്മേലുള്ള നികുതി കുറയ്ക്കാം
ലാഭം രേഖപ്പെടുത്തുന്നതിനൊപ്പം, നികുതി ബാധ്യത കുറയ്ക്കുന്നതിനായി നിക്ഷേപകർക്ക് തങ്ങളുടെ നഷ്ടങ്ങളെയും പ്രയോജനപ്പെടുത്താം. പല നിക്ഷേപകർക്കും ഓഹരികളിൽ താൽക്കാലിക നഷ്ടമുണ്ടാകാം. അത്തരം നിക്ഷേപങ്ങൾ വിൽക്കുകയും പിന്നീട് വീണ്ടും വാങ്ങുകയും ചെയ്താൽ, ആ നഷ്ടം നിങ്ങളുടെ മൂലധന ലാഭവുമായി തട്ടിക്കിഴിക്കാം. സ്വർണ്ണം, ഓഹരി എന്നിങ്ങനെ വ്യത്യസ്ത ആസ്തികൾക്കിടയിലും ഇത്തരത്തിൽ ക്രമീകരണം നടത്താം.
ഉദാഹരണത്തിന്, ഒരു നിക്ഷേപകന് സ്വർണ്ണ നിക്ഷേപത്തിൽ ലാഭമുണ്ടാവുകയും എന്നാൽ ഓഹരി വിപണിയിൽ നഷ്ടം നേരിടുകയും ചെയ്യുന്നുണ്ടെങ്കിൽ, ഓഹരിയിലെ നഷ്ടം രേഖപ്പെടുത്തുന്നതിലൂടെ സ്വർണ്ണത്തിന്മേലുള്ള ലാഭത്തിന് നൽകേണ്ട നികുതി കുറയ്ക്കാൻ സാധിക്കും. സ്വർണ്ണം മികച്ച നേട്ടം നൽകുകയും ഓഹരി വിപണിയിൽ അസ്ഥിരത നിലനിൽക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ ഇത് വളരെ പ്രയോജനപ്രദമാണ്.
ആർക്കാണ് കൂടുതൽ പ്രയോജനം?
റീട്ടെയിൽ നിക്ഷേപകർക്കും ഇടത്തരം വരുമാനക്കാർക്കുമാണ് ടാക്സ് ഹാർവെസ്റ്റിംഗ് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത്. മിക്ക വ്യക്തികൾക്കും വർഷം തോറും 15,000 മുതൽ 20,000 രൂപ വരെ നികുതി ലാഭിക്കുന്നത് ചെറുതായി തോന്നാം. എന്നാൽ ഈ തുക സ്ഥിരമായി വീണ്ടും നിക്ഷേപിക്കുമ്പോൾ, കാലക്രമേണ അത് വലിയൊരു തുകയായി വളരും. എന്നിരുന്നാലും, വളരെ വലിയ പോർട്ട്‌ഫോളിയോകൾക്കോ ഫാമിലി ഓഫീസുകൾക്കോ അവരുടെ നിക്ഷേപത്തിന്റെ വലിപ്പം കാരണം ഇതിൽ നിന്ന് വലിയ മാറ്റങ്ങൾ അനുഭവപ്പെട്ടേക്കില്ല.
സമയക്രമവും പുനർനിക്ഷേപവും പ്രധാനമാണ്
നിക്ഷേപങ്ങൾ പിൻവലിച്ചതിനുശേഷം ദീർഘകാലം വിപണിക്ക് പുറത്തുനിൽക്കരുത്. നിക്ഷേപങ്ങൾ വിറ്റഴിച്ച ഉടൻ തന്നെ അവ വീണ്ടും നിക്ഷേപിക്കുക എന്നതാണ് ഇതിലെ തന്ത്രം. വിപണിയിലെ ലാഭകരമായ ചലനങ്ങൾ നിങ്ങൾക്ക് നഷ്ടമാകാതിരിക്കാൻ ഇത് സഹായിക്കുന്നു. വിപണിക്ക് പുറത്തുനിൽക്കുക എന്നതാണ് ഇതിലെ ഏറ്റവും വലിയ റിസ്ക്. ശക്തമായ വിപണി മുന്നേറ്റങ്ങളോ പ്രധാന സംഭവങ്ങളോ നടക്കുന്ന സമയത്ത് നിക്ഷേപകർ ജാഗ്രത പാലിക്കണം. ഏതാനും ദിവസത്തെ വലിയ ലാഭങ്ങൾ പോലും നഷ്ടപ്പെടുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആദായത്തെ ബാധിച്ചേക്കാം.
നിക്ഷേപകർക്കിടയിലെ കുറഞ്ഞ അവബോധം
നിയമപരവും ഫലപ്രദവുമായ നികുതി ലാഭിക്കൽ മാർഗമാണെങ്കിലും, ഇന്ത്യയിൽ ടാക്സ് ഹാർവെസ്റ്റിംഗ് ഇപ്പോഴും വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ല. ചില്ലറ നിക്ഷേപകരിൽ ചെറിയൊരു ശതമാനം മാത്രമാണ് ഇത് പ്രായോഗികമാക്കുന്നത്. ഇത് നിക്ഷേപത്തിന്റെ കൂട്ടുപലിശയെ ബാധിക്കുമെന്ന് പലരും തെറ്റായി വിശ്വസിക്കുന്നു. എന്നാൽ കൃത്യമായി പുനർനിക്ഷേപം നടത്തിയാൽ അങ്ങനെയുണ്ടാകില്ല.
നികുതിയിനത്തിൽ ലാഭിക്കുന്ന പണം നിങ്ങൾ സമ്പാദിക്കുന്ന പണത്തിന് തുല്യമാണ്. കൃത്യമായി ഉപയോഗിച്ചാൽ ടാക്സ് ഹാർവെസ്റ്റിംഗിലൂടെ വലിയൊരു സമ്പാദ്യം നിശബ്ദമായി കെട്ടിപ്പടുക്കാൻ സാധിക്കും. ഓരോ വർഷവും മാർച്ച് 31-ന് മുമ്പ് തങ്ങളുടെ കാപ്പിറ്റൽ ഗെയിൻസ് സ്റ്റേറ്റ്‌മെന്റുകൾ പരിശോധിക്കാനും ആവശ്യമെങ്കിൽ ഒരു ടാക്സ് പ്രൊഫഷണലിന്റെ ഉപദേശം തേടാനും വിദഗ്ധർ നിർദ്ദേശിക്കുന്നു. സാമ്പത്തിക വർഷം അവസാനിക്കാറായ സാഹചര്യത്തിൽ, കൃത്യമായ പ്ലാനിംഗ് നടത്തുന്ന നിക്ഷേപകർക്ക് തങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങളിൽ മാറ്റം വരുത്താതെ തന്നെ, നിയമപരമായി കാപ്പിറ്റൽ ഗെയിൻസ് ടാക്സ് കുറയ്ക്കാൻ സാധിക്കും.


Click it and Unblock the Notifications


