ബജറ്റ് മുതൽ ക്രെഡിറ്റ് വരെ; നിങ്ങളെ സമ്പന്നരാക്കാൻ സഹായിക്കുന്ന ശീലങ്ങൾ
സാമ്പത്തിക സ്ഥിരതയെന്നത് ഒറ്റ രാത്രികൊണ്ട് സംഭവിക്കുന്ന ഒന്നല്ല, മറിച്ച് ദൈനംദിന ശീലങ്ങളുടെ ഫലമാണ്. ഈ ശീലങ്ങള്‍ വലിയ തന്ത്രങ്ങളോ പെട്ടെന്നുള്ള പരിഹാരങ്ങളോ അല്ല, കാലക്രമേണ ഗണ്യമായ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കുന്ന ലളിതമായ പ്രവര്‍ത്തനങ്ങളാണ്. സ്ഥിരതയോടും ക്ഷമയോടും കൂടി സമീപിക്കുകയാണെങ്കില്‍ നിങ്ങളുടെ സ്വകാര്യ സാമ്പത്തിക രംഗത്ത് മാറ്റം കൊണ്ടുവരാന്‍ കഴിയുന്ന 8 ദൈനംദിന ശീലങ്ങളെക്കുറിച്ച് നോക്കാം.
ദിവസ ബജറ്റ് കണക്കാക്കുക
കൂടുതല്‍ പണം എങ്ങനെ സമ്പാദിക്കാം എന്നതിലല്ല മറിച്ച് നിങ്ങളുടെ പക്കലുള്ള പണം എങ്ങനെ കൈകാര്യം ചെയ്യാം എന്നതാണ് നിങ്ങളുടെ സാമ്പത്തിക സുസ്ഥിരത തീരുമാനിക്കുന്ന പ്രധാന ഘടകം. ഇത് കണക്കാക്കാന്‍ ദിവസേനയുള്ള ബജറ്റ് വിലയിരുത്തുന്നതിനേക്കാള്‍ മികച്ച മാര്‍ഗമില്ല. നിങ്ങളുടെ പണം അനാവശ്യമായി ചിലവാകുന്നുണ്ടോ എന്നറിയാനും ബുദ്ധിപരമായ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിനും ഇത് നിങ്ങളെ സഹായിക്കും. സാമ്പത്തിക സ്ഥിരതയുള്ള ആളുകള്‍ പലപ്പോഴും ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ഈ ശീലം വളര്‍ത്തിയെടുക്കുന്നവരും നിലനിര്‍ത്തുന്നവരുമാണ്.

ചിലവിഴിക്കുന്നതിന് മുമ്പ് തന്നെ ലാഭിക്കുക
നിങ്ങളുടെ സമ്പാദ്യത്തിന്റെ നിശ്ചിത വരുമാനം മാറ്റിവെച്ചതിന് ശേഷം ബാക്കിയുള്ള പണം ചിലവുകള്‍ക്കായി ഉപയോഗിക്കുക. ഈ ശീലം അപ്രതീക്ഷിതമായുണ്ടാകുന്ന ചിലവുകള്‍ക്കും അത്യാഹിതങ്ങള്‍ക്കും പണം നീക്കി വെച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വരുമാനത്തിനനുസരിച്ച് ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എളുപ്പമല്ലെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശീലമാക്കിയാല്‍ ഉറച്ച സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു.
ബുദ്ധിപൂര്‍വം നിക്ഷേപിക്കുക
സാമ്പത്തിക സ്ഥിരത നേടാന്‍ വേണ്ടുന്ന ഏറ്റവും ആവശ്യമുള്ള ശീലമാണ് വിവേകത്തോടെയുള്ള നിക്ഷേപം. നിങ്ങളുടെ നിക്ഷേപം എങ്ങനെ പൂര്‍ണ്ണമായും വിനിയോഗിക്കാം എന്ന് മനസ്സിലാക്കി സ്‌റ്റോക്കുകളുടെയും ബോണ്ടുകളുടെയും വിവിധ പോര്‍ട്ട്‌ഫോളിയോയില്‍ നിക്ഷേപിക്കുന്നതിലൂടെയോ അല്ലെങ്കില്‍ റിട്ടയര്‍മെന്റ് ഫണ്ടിലേക്കോ സേവിങ്‌സ് അക്കൗണ്ടിലേക്കോ നിക്ഷേപിക്കുന്നതിലൂടെയോ ഇത് പ്രാവര്‍ത്തികമാക്കാം. ഈ ശീലം നിങ്ങളുടെ നിക്ഷേപത്തിന്റെ ഗണ്യമായ വളര്‍ച്ചയ്ക്ക് കാരണമാകുകയും സാമ്പത്തിക സ്ഥിരതയില്‍ വലിയ മാറ്റമുണ്ടാക്കുകയും ചെയ്യുന്നതാണ്.
വരുമാനത്തിനനുസരിച്ച് ജീവിതശൈലി ക്രമീകരിക്കുക
വരുമാനത്തിനനുസരിച്ച് ചിലവുകളും വര്‍ധിക്കുന്നത് സാധാരണമാണ്. എന്നാല്‍ അനാവശ്യമായ ആഡംബരങ്ങള്‍ ഒഴിവാക്കുന്നതിലൂടെയും പണം എവിടെ എങ്ങനെ ചിലഴിക്കണം എന്നതിനെക്കുറിച്ചും വ്യക്തമായ തീരുമാനങ്ങള്‍ എടുക്കുന്നത് സാമ്പത്തിക സ്ഥിരത കൈവരിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണ്.
സാമ്പത്തിക സാക്ഷരത
സാമ്പത്തികം എങ്ങനെ ഫലവത്തായി കൈകാര്യം ചെയ്യണമെന്ന അറിവില്ലായ്മ കാരണം ഉയര്‍ന്ന സമ്പാദ്യമുണ്ടായിരുന്നിട്ടും സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ ധാരാളമാണ്. മറുവശത്ത് വരുമാനം കുറവാണെങ്കിലും സാമ്പത്തികം എങ്ങനെ കൈകാര്യം ചെയ്യണമെന്ന വ്യക്തമായ ധാരണയുള്ളവര്‍ പണം മികച്ച രീതിയില്‍ സമ്പാദിക്കുന്നുമുണ്ട്. അതിനാല്‍ സാമ്പത്തിക വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പണം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അത് എങ്ങനെ പ്രയോജനപ്പെടുത്താമെന്നും മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. വായനാ ശീലത്തിലൂടെയോ സെമിനാറുകളില്‍ പങ്കെടുക്കുന്നതിലൂടെയോ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ എടുക്കുന്നതിലൂടെയോ ധനകാര്യങ്ങളെക്കുറിച്ച് സ്വയം ബോധവല്‍ക്കരിക്കുന്നത് ശീലമാക്കുക.
കടം ഒഴിവാക്കുക
ഓരോ ചെറിയ ആവശ്യങ്ങള്‍ക്കു പോലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് ഒഴിവാക്കുക. വിവേകത്തോടെ ഉപയോഗിച്ചില്ലെങ്കില്‍ ഇത് പിന്നീട് വലിയ ഒരു ഭാരമായി മാറുന്നു. അനാവശ്യ ചിലവുകള്‍ ഒഴിവാക്കുന്നതിലൂടെ ഉയര്‍ന്ന പലിശ നല്‍കേണ്ടുന്ന പെയ്‌മെന്റുകളില്‍ നിന്ന് രക്ഷനേടുന്നതിനും സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനും ഈ ശീലം നിങ്ങളെ സഹായിക്കുന്നു.
ഫിനാന്‍ഷ്യല്‍ ഗോളുകള്‍ നിശ്ചയിക്കുക
ജീവിതത്തിലെ മറ്റേതൊരു കാര്യങ്ങളിലെന്നത് പോലെ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിലും വ്യക്തമായ ലക്ഷ്യങ്ങള്‍ അനിവാര്യമാണ്. അത് വീടിന് ഡൗണ്‍ പേയ്‌മെന്റ് സേവിങോ റിട്ടയര്‍മെന്റ് നിക്ഷേപമോ എമര്‍ജന്‍സി ഫണ്ട് ബില്‍ഡിങോ ആയിക്കോട്ടെ, ഇത്തരം ലക്ഷ്യങ്ങള്‍ സാമ്പത്തിക ശീലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പണം ലാഭിക്കുന്നതിനും സഹായിക്കുന്നു.
സ്ഥിരത
സാമ്പത്തിക സ്ഥിരത ഒറ്റരാത്രി കൊണ്ട് സംഭവിക്കുന്നതല്ല, മറിച്ച് ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. എല്ലാ ദിവസവും ഒരു ചെറിയ തുകയെങ്കിലും നിക്ഷേപിക്കാന്‍ സാധിക്കുകയാണെങ്കില്‍ അത് കാലക്രമേണ ഗണ്യമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമാകുകയും വലിയ മാറ്റങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നതാണ്. അതിനാല്‍ സാമ്പത്തിക ശീലങ്ങളില്‍ സ്ഥിരത പുലര്‍ത്തുക എന്നതാണ് സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം.
സാമ്പത്തിക സ്ഥിരതയിലേക്കുള്ള യാത്ര എല്ലായിപ്പോഴും എളുപ്പമല്ല. എന്നാല്‍ ഈ ശീലങ്ങള്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് നിങ്ങളുടെ സാമ്പത്തിക സുസ്ഥിരതയിലേക്കുള്ള ചവിട്ടുപടിയായിരിക്കും എന്ന കാര്യം ഉറപ്പ്.


Click it and Unblock the Notifications


