ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് വിപണി കുറഞ്ഞ കാലത്തിനുള്ളിലാണ് വികസിച്ചത്. മുൻപ് സാമ്പത്തിക ശേഷി കൂടുതലുള്ളവർക്ക് മാത്രം ലഭിച്ചിരുന്ന ക്രെഡിറ്റ് കാർഡുകൾ ഇന്ന് എല്ലാവർക്കും ലഭ്യമാക്കുന്ന തരത്തിലേക്ക് വളർന്നു. മാത്രമല്ല വിവിധ മേഖലകളിലേക്ക് ക്രെഡിറ്റ് കാർഡ് സേവനങ്ങൾ വ്യാപിച്ചതും ഉപഭോക്താക്കളുടെ ഗണ്യമായ വർദ്ധനവിന് കാരണമായി.
2025-ൽ, രാജ്യത്തെ ക്രെഡിറ്റ് കാർഡ് വ്യവസായം വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകളുടെ എണ്ണത്തിലെ വർദ്ധനവ്, ഇ-കൊമേഴ്‌സ് മേഖലയിലെ ആധിപത്യം തുടങ്ങിയ നിരവധി കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഉത്സവകാല ഡിമാൻഡും രാജ്യത്തുടനീളമുള്ള ഉപഭോഗത്തിലെ വർധനവും കാരണം മൊത്തം ക്രെഡിറ്റ് കാർഡ് ഇടപാടുകൾ 496 ദശലക്ഷമായി വർദ്ധിച്ചിട്ടുണ്ട്.
ക്രെഡിറ്റ് കാർഡ് ഇടപാടുകളിലെ കുത്തനെയുള്ള വർദ്ധനവ് ക്രെഡിറ്റ് കാർഡ് വിപണിയുടെ വളർച്ചാ സാധ്യതയെയും രാജ്യത്തുടനീളമുള്ള ഉപഭോക്തൃ ചെലവിലെ മാറ്റത്തെയും സൂചിപ്പിക്കുന്നു.
ഓൺലൈൻ ഷോപ്പിംഗ്
2025 സെപ്റ്റംബറിൽ, മൊത്തം ക്രെഡിറ്റ് കാർഡ് ചെലവിന്റെ 66 ശതമാനത്തിലധികവും ഓൺലൈൻ പർച്ചേസുകൾക്ക് വേണ്ടിയാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പലചരക്ക് സാധനങ്ങൾ, സിനിമാ ടിക്കറ്റുകൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ, യാത്രാ ബുക്കിംഗുകൾ തുടങ്ങി എല്ലാം ഓൺലൈനായിട്ടാണ് ഭൂരിഭാഗം ആളുകളും വാങ്ങുന്നത്. ഇതാണ് ക്രെഡിറ്റ് കാർഡിൻ്റെ ഉപയോഗത്തിലും വർദ്ധനവുണ്ടായത്.
2025 സെപ്റ്റംബറിൽ ആർബിഐ എല്ലാ ഓൺലൈൻ ഇടപാടുകൾക്കും ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) നിർബന്ധമാക്കിയിട്ടുണ്ട്. ഇത് 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.

കോ-ബ്രാൻഡഡ് കാർഡുകൾ
ഒരു ബാങ്കും ഒരു എയർലൈൻ അല്ലെങ്കിൽ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് പോലുള്ള ഒരു പ്രത്യേക കമ്പനിയും സംയുക്തമായി നൽകുന്ന പേയ്‌മെന്റ് കാർഡുകളാണ് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ. ഇവ ഉപഭോക്താക്കളെ കൂടുതൽ ആകർഷകമാക്കുന്ന കാർഡുകളാണ്. ഇത്തരത്തിൽ നിരവധി കാർഡുകൾ ഈ വർഷം വിപണിയിൽ ഇറക്കിയിട്ടുമുണ്ട്. ഉപയോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ഈ കാർഡുകൾ വാഗ്ദാനം ചെയ്യുന്നു.
ഈ വർഷം പുറത്തിറങ്ങിയ ചില കോ-ബ്രാൻഡഡ് കാർഡുകൾ
- ഫോൺപേ പ്ലാറ്റ്‌ഫോമിലെ യുപിഐ ഇടപാടുകൾക്ക് ഉയർന്ന റിവാർഡുകൾ വാഗ്ദാനം ചെയ്യുന്ന ഒരു റുപേ കോ-ബ്രാൻഡഡ് കാർഡ് ഫോൺപേയും എച്ച്ഡിഎഫ്‌സി ബാങ്കും ചേർന്ന് പുറത്തിറക്കി.
- ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഇൻഡിഗോയുമായി സഹകരിച്ച് എയർലൈൻ ഉപഭോക്താക്കൾക്കായി ഒരു ഡ്യുവൽ-നെറ്റ്‌വർക്ക് (മാസ്റ്റർകാർഡ്/റുപേ) കാർഡ് പുറത്തിറക്കി.
- ടാറ്റ ന്യൂ എസ്‌ബിഐ കാർഡ്, അപ്പോളോ എസ്‌ബിഐ കാർഡ് സെലക്ട്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എസ്‌ബിഐ കാർഡ്, ഫോൺപേ എസ്‌ബിഐ കാർഡ്, ഫ്ലിപ്കാർട്ട് എസ്‌ബിഐ കാർഡ്, ഇൻഡിഗോ എസ്‌ബിഐ കാർഡ് തുടങ്ങിയവ എസ്‌ബിഐ കാർഡ് പുറത്തിറക്കി.
- ടാറ്റ ന്യൂ ഇൻഫിനിറ്റി, പ്ലസ് കാർഡുകൾ എന്നിവ എച്ച്ഡിഎഫ്‌സി ബാങ്ക് പുറത്തിറക്കി.
യാത്രാ ആനുകൂല്യങ്ങൾ
ആളുകൾ യാത്രകൾക്ക് മുൻഗണന നൽകുന്നതിനാൽ യാത്രാ ആനുകൂല്യങ്ങൾ നൽകുന്ന പ്രത്യേക കാർഡുകളും ഇപ്പോൾ വിപണിയിലുണ്ട്. ലോഞ്ച് ആക്സസ്, ടിക്കറ്റ് ബുക്കിംഗിലെ കിഴിവുകൾ, ഹോട്ടൽ ബുക്കിംഗിൽ കിഴിവുകൾ തുടങ്ങി നിരവധി നേട്ടങ്ങൾ നൽകുന്ന ഇത്തരം ക്രെഡിറ്റ് കാർഡുകൾ ഇപ്പോൾ വ്യാപകമാവുന്നുണ്ട്. ഇത് ഉപയോക്താൾക്ക് അമിതമായ ചിലവഴിക്കലിൽ നിന്നും രക്ഷ നേടാം.
ഓഫറുകൾ
ഓരോ ഉത്സവ സീസണുകളിലും വിവിധ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വമ്പൻ ഓഫറുകളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. ഇത് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ചിലവഴിക്കാനുള്ള പ്രവണത വർദ്ധിപ്പിക്കുന്നു. മാത്രമല്ല ഇത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡുകളും വിവിധ ഓഫറുകൾ ഉറപ്പാക്കാറുണ്ട്. ഇനി വരാനിരിക്കുന്നത് വമ്പൻ ക്രിസ്മസ്- ന്യൂഇയർ ഓഫറുകളാണ്.
ക്രെഡിറ്റ് കാർഡ് എപ്പോഴും ഉപകാരപ്രദമായ ഒന്നാണ്. എന്നാൽ അമിതമായി ഉപയോഗിച്ചാൽ നിങ്ങളുടെ കടബാധ്യത വർദ്ധിക്കാനും സാധ്യത കൂടുതലാണ്. ക്രെഡിറ്റ് ഉപയോഗത്തിൻ്റെ പരിധി കവിയാതെ ശ്രദ്ധിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.


Click it and Unblock the Notifications