ശ്രദ്ധിച്ചില്ലെങ്കിൽ പണിയാകും.... ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് മുൻപ് തീർച്ചയായും അറിഞ്ഞിരിക്കേണ്ടവ

ജീവിതത്തില്‍ ഉണ്ടാക്കുന്ന സാമ്പത്തിക അത്യാവശ്യങ്ങള്‍ ഇന്ന് പരിഹരിക്കുന്നത് ക്രെഡിറ്റ് കാർഡാണ്. 50 ദിവസം വരെ പലിശ രഹിത ക്രെഡിറ്റ് കാലയളവ് ലഭിക്കും എന്നതു കൊണ്ടു തന്നെയാണ് ഓരോ ദിവസവും ആളുകൾ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത്. എന്നാൽ അമിതമായ ക്രെഡിറ്റ് കാർഡ് ഉപയോഗം വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുക.

ആർബിഐ റിപ്പോർട്ട് പ്രകാരം ക്രെഡിറ്റ് കാർഡ് കുടിശ്ശിക 2023 ഏപ്രിലിൽ 2 ലക്ഷം കോടി കവിഞ്ഞു. 2022 ഏപ്രിൽ മാസത്തേക്കാൾ 30 ശതമാനം വർധിക്കുകയാണുണ്ടായത്. കിടപ്പാടം പണയം വെച്ച് ചൂതുകളിക്കുന്നതുപോലെ ഒരപകടം പിടിച്ചകാര്യമാണ് അശ്രദ്ധമായുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപയോഗമെന്ന് വേണമെങ്കിൽ പറയാം. പക്ഷെ കൃത്യമായി ഉപയോഗിക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ ഉപകാരം ലഭിക്കുന്നതും ക്രെഡിറ്റ് കാർഡിലൂടെയാണ്.

ശ്രദ്ധിച്ചില്ലെങ്കിൽ പണിയാകും.... ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ടവ

ഫെസ്റ്റിവൽ സീസൺ ആരംഭിച്ചു കഴിഞ്ഞു. ഓൺലൈനിലും ഓഫ് ലൈനിലും കിഴിവുകളും ഓഫറുകളും നിറഞ്ഞു. വാങ്ങാൻ ഉദ്ദേശിക്കുന്ന ഇനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് നിങ്ങൾ ഇതിനകം ഉണ്ടാക്കിയിട്ടുണ്ടാകും. എന്നാൽ പ്രലോഭിപ്പിക്കുന്ന ഓഫറുകൾ കണ്ട് അനാവശ്യ സാധനങ്ങൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിയാൽ ബില്ലുകൾ റോൾ ചെയ്യാൻ തുടങ്ങുമ്പോൾ ഖേദിക്കേണ്ടി വരും. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് അമിതമായി ചെലവഴിക്കുന്നതും ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കാതിരിക്കുകയും ചെയ്താൽ വലിയ വില നൽകേണ്ടിവരും. അതായത് ക്രെഡിറ്റ് കാർഡിന്റെ അനാവശ്യ ഉപയോഗം പോക്കറ്റ് കാലിയാക്കും. അതിനാൽ അവ ഉപയോഗിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.

1. ക്രെഡിറ്റ് വിനിയോഗ നിരക്ക്

ക്രെഡിറ്റ് വിനിയോഗം എന്നത് ക്രെഡിറ്റ് കാർഡ് ബാലൻസിന്റേയും, ക്രെഡിറ്റ് പരിധികളുടേയും അനുപാതത്തെ സൂചിപ്പിക്കുന്നു. ക്രെഡിറ്റ് കാർഡ് ബില്ലുകൾ നേരത്തെ അടയ്ക്കുന്നത് കുടിശ്ശികയുള്ള ബാലൻസ് കുറയ്ക്കുന്നു. അതായത് ഉത്സവ സീസണുകളിൽ നൽകുന്ന പ്രത്യേക ഓഫറുകളും ഡീലുകളും പ്രയോജനപ്പെടുത്തുന്നത് നല്ലതാണെങ്കിലും ക്രെഡിറ്റ് വിനിയോഗ നിരക്ക് (സിയുആർ )നിരീക്ഷിക്കുക. ക്രെഡിറ്റ് വിനിയോഗ നിരക്ക് 30 ശതമാനത്തിൽ താഴെ നിലനിർത്താൻ ശ്രമിക്കുക. 30 ശതമാനം കവിയുന്നത് ക്രെഡിറ്റ് സ്‌കോറിനെ ദോഷകരമായി ബാധിക്കും.

2. ക്യാഷ്ബാക്കും റിവാർഡ് പോയിന്റുകളും പ്രയോജനപ്പെടുത്തുക

ഉത്സവ സീസണുകളിൽ സാധാരണയായി ക്രെഡിറ്റ് കാർഡ് ഓഫറുകൾ, കിഴിവുകൾ, ക്യാഷ്ബാക്കുകൾ, റിവാർഡ് പോയിന്റുകൾ എന്നിവ ലഭിക്കും. അത് കൃത്യമായി മനസിലാക്കി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക. എന്നാൽ ക്യാഷ്ബാക്കുകൾക്കോ ​​റിവാർഡ് പോയിന്റുകൾക്കോ ​​വേണ്ടി അനാവശ്യ സാധനങ്ങൾ വാങ്ങരുത്. അത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. എല്ലാ ഉൽപ്പന്നങ്ങളും ക്യാഷ്ബാക്കുകൾക്കും റിവാർഡുകൾക്കും യോഗ്യമല്ല എന്നത് ശ്രദ്ധിക്കണം. അതോടൊപ്പം ക്രെഡിറ്റ് കാർഡ് സ്വൈപ്പുചെയ്യുന്നതിന് മുമ്പ്, പണമാക്കാൻ കഴിയുന്ന റിവാർഡ്/ക്യാഷ്ബാക്ക് പോയിന്റുകൾ കാർഡിന് നിലവിലുണ്ടോയെന്ന് പരിശോധിക്കുന്നതും നല്ലതാണ്.

3. പണം പിൻവലിക്കൽ ഒഴിവാക്കുക

ഷോപ്പിംഗിനായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ബാങ്കുകൾ ഡീലുകളും കിഴിവുകളും വാഗ്ദാനം ചെയ്യും. എന്നാൽ എടിഎമ്മുകളിൽ നിന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുമ്പോൾ ഈ ആനുകൂല്യങ്ങൾ ബാധകമല്ല. ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള പണം പിൻവലിക്കലിന് ഉയർന്ന പലിശ നിരക്കുകൾ ഈടാക്കും.

സാധാരണയായി പ്രതിമാസം 2.5 മുതൽ 3 ശതമാനം വരെയാണ് പലിശ ഈടാക്കുക. അതുകൊണ്ടുതന്നെ എടിഎമ്മുകളിൽ നിന്നും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്നത് പരമാവധി ഒഴിവാക്കുക. കാർഡ് ഇടപാടുകളിൽ നിന്ന് വ്യത്യസ്തമായി, ക്യാഷ് അഡ്വാൻസുകൾക്ക് പലിശ രഹിത കാലയളവ് ഇല്ല, ഇടപാടിന്റെ തീയതി മുതൽ പണമടയ്ക്കുന്നത് വരെ പലിശ ഈടാക്കും.

4. ലേറ്റ് ഫീ ഒഴിവാക്കുക

ആഘോഷവേളയിൽ അമിതമായി ചെലവഴിച്ച ശേഷം, ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെന്റ് നോക്കുന്നത് പേടി സ്വപ്‌നത്തിന് സമാനമാണ്.Bഒരാളുടെ പരിധിക്കപ്പുറം ചെലവഴിക്കുകയും, നിശ്ചിത തീയതിക്കകം മിനിമം ബാലൻസ് അടയ്‌ക്കാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ, ലേറ്റ് പേയ്മെന്റ് ചാർജ്ജുകൾ ഈടാക്കും. മൊത്ത കുടിശ്ശിക അടിസ്ഥാനമാക്കിയാണ് ലേറ്റ് പേയ്മെന്റ് ഫീസ് ഈടാക്കുക. ഉദാഹരണത്തിന്, നിങ്ങൾക്ക് 2,000 മൊത്ത കുടിശ്ശിക ഉണ്ടെങ്കിൽ 100 രൂപ ലേറ്റ് ഫീ ആയി ചാർജ്ജ് ചെയ്യുന്നു. എന്നാൽ 25000 രൂപ വരെയുള്ള കുടിശ്ശികയ്ക്ക് 1000 രൂപ വരെ ലേറ്റ് ഫീ ചുമത്താം. അതുകൊണ്ടുതന്നെ നിശ്ചിത തീയതിക്കകം ഏറ്റവും മിനിമം ബാലൻസ് എങ്കിലും അടച്ചാൽ, ലേറ്റ് ഫീ ഒഴിവാക്കാം. അതേസമയം അടയ്‌ക്കാത്ത ബാലൻസ് തുകയ്ക്ക് ഫിനാൻസ് ചാർജുകൾ ബാധകമായിരിക്കും.

5. നോ-കോസ്റ്റ് ഇഎംഐ

ആകർഷകമായ ഓഫറുകൾക്കും ക്യാഷ്ബാക്കുകൾക്കുമിടയിൽ, നോ- കോസ്റ്റ് ഇഎംഐ ഓഫറുകളും കാണാം. അതായത് പ്രത്യക്ഷമായ പലിശയില്ലാതെ തുല്യ തവണകളായി പണമടച്ച് സാധനങ്ങൾ വാങ്ങുക. എന്നാൽ നോ-കോസ്റ്റ് ഇ.എം.എ വഴി വാങ്ങുമ്പോൾ ഉൽപ്പന്നം നേരിട്ട് വാങ്ങിയാൽ ലഭ്യമാകുന്ന കിഴിവുകൾ നഷ്ടമാകുമോ എന്ന് പരിശോധിക്കണം.

6. കാർഡുകളുടെ എണ്ണം പരിമിതപ്പെടുത്തുക

പലർക്കും 3-4 ക്രെഡിറ്റ് കാർഡുകൾ ഉണ്ട്. വ്യത്യസ്ത ആവശ്യങ്ങൾക്ക് വ്യത്യസ്ത കാർഡുകൾ ഉപയോഗിക്കുകയും ചെയ്യും. എന്നാൽ അതിന്റെ ആവശ്യമുണ്ടോ എന്ന് ചിന്തിച്ച് നോക്കൂ. എല്ലാ ക്രെഡിറ്റ് കാർഡുകളും സ്വൈപ്പുചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്താൽ അത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X