'കണ്ണും പൂട്ടി ക്രെഡിറ്റ് കാർഡുകൾ എടുക്കരുത്', ഈ 6 കാര്യങ്ങൾ ആദ്യം ശ്രദ്ധിക്കുക, എന്നിട്ടാകട്ടെ തീരുമാനം
പണ്ടൊക്കെ ഒരു ക്രെഡിറ്റ് കാർഡ് കിട്ടാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ധാരാളം മാനദണ്ഡങ്ങൾ എത്തിപ്പിടിച്ചാൽ മാത്രമേ ഒരാൾക്ക് ബാങ്കുകൾ ക്രെഡിറ്റ് കാർഡുകൾ നൽകിയിരുന്നുള്ളൂ. എന്നാൽ ഇന്ന് സ്ഥിതി നേരെ വിപരീതമാണ്. ഒരു മനുഷ്യന് ക്രെഡിറ്റ് കാർഡുകൾ കിട്ടാൻ വലിയ പാടൊന്നുമില്ല. എന്നാൽ ആ പാടില്ലായ്മയിൽ സംഭവിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അതുകൊണ്ടുതന്നെ ക്രെഡിറ്റ് കാർഡുകൾ എടുക്കാൻ പോകുന്നതിനു മുൻപ് 6 കാര്യങ്ങൾ നിങ്ങൾക്ക് കൃത്യമായി അറിഞ്ഞിരിക്കണം. അതായത് ഏത് കാർഡ് നിങ്ങൾ എടുക്കണം എന്നതിനെ സംബന്ധിച്ചാണ് ആ 6 കാര്യങ്ങൾ നിലനിൽക്കുന്നത്.
നിരവധി ക്രെഡിറ്റ് കാർഡുകൾ കുറഞ്ഞ സൗകര്യങ്ങൾ മാത്രം നൽകുമ്പോൾ, മറ്റു ചിലത് യാത്രാ ആനുകൂല്യങ്ങൾ, റിവാർഡ് പോയിന്റുകൾ എന്നിവകൊണ്ട് സമ്പന്നമായിരിക്കും. ചിലത് ഓൺലൈൻ ഷോപ്പിംഗ് പ്രേമികൾക്ക് അനുയോജ്യമായിരിക്കും, മറ്റ് ചിലത് സിനിമാ ടിക്കറ്റ് ഓഫറുകൾ നൽകും. അതുകൊണ്ടുതന്നെ ഒരു ക്രെഡിറ്റ് കാർഡ് എടുക്കുന്നതിന് മുൻപ് എന്താണോ നിങ്ങൾ ക്രെഡിറ്റ് കാർഡ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നത് ഉറപ്പുവരുത്തണം. അതായത് ക്രെഡിറ്റ് കാർഡ് കൊണ്ട് നിങ്ങൾക്ക് എന്ത് ഉപയോഗമാണ് ഉണ്ടാകാൻ നിങ്ങൾ ആഗ്രഹിക്കുന്നത് എന്നത് വ്യക്തമായിരിക്കണം.
നിങ്ങളുടെ ആവശ്യങ്ങൾക്ക് യോജിക്കുന്ന ഏറ്റവും നല്ല ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാൻ നിർണായകമായ 6 കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് ചുവടെ പറയുന്നു.
1. കാർഡിന്റെ ഉദ്ദേശം
നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് എടുക്കാനുള്ള പ്രധാന ഉദ്ദേശ്യം എന്താണ്? ചിലവുകൾ നിയന്ത്രിക്കാൻ വേണ്ടിയാണോ? അല്ലെങ്കിൽ യാത്രാ ആനുകൂല്യങ്ങളും റിവാർഡ് പോയിന്റുകളും ആസ്വദിക്കാനാണോ? നിങ്ങളുടെ ഉദ്ദേശ്യങ്ങൾ കാർഡിന്റെ സവിശേഷതകളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുക. ലക്ഷ്യം എന്താണോ അത് നിങ്ങൾ തെരഞ്ഞെടുക്കാൻ പോകുന്ന കാർഡ് കൈവരിക്കുമോ എന്നറിയുക.
2. വാർഷിക ഫീസ് vs ആനുകൂല്യങ്ങൾ
ചില ക്രെഡിറ്റ് കാർഡുകൾ വാർഷിക ഫീസ് ഈടാക്കാറുണ്ട്. ഈ ഫീസ് നോക്കുമ്പോൾ, അതിനൊപ്പം ലഭിക്കുന്ന ആനുകൂല്യങ്ങൾ ഈ ഫീസിന് തുല്യമാകുമോ എന്ന് പരിശോധിക്കുക. ഫീസ് ഇല്ലാത്ത മികച്ച കാർഡുകൾ ലഭ്യമാണോ എന്നും പരിശോധിക്കാം.
3. റിവാർഡ് പോയിന്റുകളും റെഡീം ചെയ്യാനുള്ള ഓപ്ഷനുകളും
നിങ്ങളുടെ ചെലവിന്റെ അടിസ്ഥാനത്തിൽ എത്ര റിവാർഡ് പോയിന്റ് ലഭിക്കും? ഈ പോയിന്റുകൾ എങ്ങനെ ഉപയോഗിക്കാം? ഷോപ്പിംഗ്, ട്രാവൽ, ഗിഫ്റ്റ് വൗച്ചറുകൾ, ക്യാഷ്ബാക്ക് എന്നിവയ്ക്ക് ഉപയോഗിക്കാമോ? ചില കാർഡുകൾ പരിമിതമായ റീഡംപ്ഷൻ ഓപ്ഷനുകൾ മാത്രമേ നൽകൂ, അതിനാൽ അത് പരിശോധിക്കുക.
4. യാത്രാ ആനുകൂല്യങ്ങളും ഫോറിൻ എക്‌സ്‌ചേഞ്ച് ബെനഫിറ്റുകളും
നിങ്ങൾ ധാരാളം യാത്ര ചെയ്യുന്ന ഒരാളാണെങ്കിൽ, യാത്രാ ആനുകൂല്യങ്ങൾ നൽകുന്ന ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കുന്നത് ഉചിതമാണ്. എയർപോർട്ട് ലൗഞ്ച് ആക്സസ്, ടിക്കറ്റ് ഡിസ്കൗണ്ട്, ഹോട്ടൽ ബുക്കിംഗുകൾക്കുള്ള ഓഫറുകൾ എന്നിവ ഈ വിഭാഗത്തിൽ വരുന്നു.
5. പലിശ നിരക്കും ഫീസുകളും
ക്രെഡിറ്റ് കാർഡിന്റെ ഫീസുകളും അതുപോലെതന്നെ അതീടാക്കുന്ന പലിശ നിരക്കുകളും തീർച്ചയായും അറിഞ്ഞിരിക്കണം. ഇതോടൊപ്പം തന്നെ പണം അടയ്ക്കാൻ വൈകിയാൽ കൊടുക്കേണ്ട പിഴയും, ക്യാഷ് അഡ്വാൻസ് ഫീസ്, വിദേശ ഇടപാടുകൾക്കുള്ള ചാർജുകൾ എന്നിവയും മനസ്സിലാക്കണം. പലിശ കുറവുള്ള കാർഡുകൾ എടുക്കുന്നത് ലാഭകരമാകും.

6. ബാങ്കിന്റെയും കസ്റ്റമർ സർവീസിന്റെയും നിലവാരം
നിങ്ങൾ എടുക്കുന്ന ക്രെഡിറ്റ് കാർഡിന്റെ കസ്റ്റമർ സർവീസ് മോശമാണെങ്കിൽ, മികച്ച ഓഫറുകൾ ലഭിച്ചിട്ടും കാര്യമില്ല. പ്രശസ്തമായ, മികച്ച കസ്റ്റമർ സർവീസ് നൽകുന്ന ബാങ്കുകളിൽ നിന്നുള്ള കാർഡുകൾ തിരഞ്ഞെടുക്കുന്നത് ഭാവിയിൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
ചുരുക്കിപ്പറഞ്ഞാൽ താഴെപ്പറയുന്ന പോയിന്റുകൾ നിങ്ങൾ മനസ്സിൽ സൂക്ഷിച്ചുവയ്ക്കുക ഒരു ക്രെഡിറ്റ് കാർഡ് എടുക്കാൻ തോന്നുമ്പോൾ ഇവ വിശകലനം ചെയ്യുക
*നിങ്ങളുടെ ഉദ്ദേശം വ്യക്തമാക്കുക.
*വാർഷിക ഫീസ് ശരിയാണോ എന്ന് വിലയിരുത്തുക.
*റിവാർഡ് പോയിന്റ് സിസ്റ്റം മനസ്സിലാക്കുക.
*യാത്രാ ആനുകൂല്യങ്ങൾ നിങ്ങൾക്ക് ഗുണകരമാണോ എന്ന് പരിശോധിക്കുക.
*പലിശ നിരക്കും മറ്റു ചാർജുകളും മനസ്സിലാക്കുക.
*ബാങ്കിന്റെയും കസ്റ്റമർ സർവീസിന്റെയും നിലവാരം പരിശോധിക്കുക.
ഈ ഘടകങ്ങൾ പരിശോധിച്ചാൽ മാത്രമേ മികച്ച ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാനാകൂ എന്നത് ഓർമിക്കുക.
ക്രെഡിറ്റ് കാർഡ് എടുക്കുന്നതിൽ ചില റിസുകൾ ഉണ്ട്. അവയും നിങ്ങൾ അറിഞ്ഞിരിക്കണം
*ബാധ്യത താങ്ങുമോ?
ഒരുപക്ഷേ നിങ്ങളുടെ സിവിൽ സ്കോർ അനുസരിച്ച് ആയിരിക്കാം നിങ്ങൾക്ക് ബാങ്ക് ഒരു ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ അതുണ്ടാക്കുന്ന ബാധ്യത നിങ്ങൾക്ക് നിലവിൽ താങ്ങാൻ കഴിയുമോ എന്നത് നിങ്ങൾക്ക് മാത്രം അറിയാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ആ ബാധ്യത നിങ്ങൾക്ക് താങ്ങാൻ കഴിയുമോ? 40 ദിവസത്തെ ഇടവേളയിൽ നിങ്ങൾക്ക് ക്രെഡിറ്റ് കാർഡിൽ നിന്ന് എടുത്ത തുക തിരിച്ചടയ്ക്കാൻ കഴിയുമോ എന്നത് പരിശോധിക്കേണ്ടത് അനിവാര്യമാണ്.
* അനിയന്ത്രിതമായ ഉപയോഗം
ക്രെഡിറ്റ് കാർഡ് എടുത്ത പലരും പിന്നീട് അത് ഉപേക്ഷിക്കാൻ ഉണ്ടായ ഒരേയൊരു കാരണമേയുള്ളൂ അത് അനിയന്ത്രിതമായ ക്രെഡിറ്റ് കാർഡിന്റെ ഉപയോഗമാണ്. അതായത് സ്വന്തം സാമ്പത്തിക നിലയേക്കാൾ മുകളിൽ ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം വർദ്ധിക്കുന്നത് പലർക്കും താങ്ങാൻ കഴിയാതെ വരുന്നു. ക്രെഡിറ്റ് കാർഡ് കയ്യിലുള്ളപ്പോൾ ഒരിക്കലും നമുക്ക് ഷോപ്പിങ്ങോ മറ്റോ നിയന്ത്രിക്കാൻ കഴിയില്ല എന്നത് മനുഷ്യന്റെ മനസ്സിന്റെ കളിയാണ്. അതുകൊണ്ടുതന്നെ ആ മനസ്സിനെ പിടിച്ചു വയ്ക്കാനുള്ള കഴിവ് നിങ്ങൾക്ക് ഉണ്ടോ എന്നത് പരിശോധിക്കണം.
* തിരിച്ചടവ് കാലാവധിയിൽ വ്യക്തത
40 ദിവസത്തെ തിരിച്ചടവ് കാലാവധി ക്രെഡിറ്റ് കാർഡുകൾക്ക് ഉണ്ടെങ്കിലും അത് നിങ്ങൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന രീതിയിൽ അനുസരിച്ച് മാറിക്കൊണ്ടിരിക്കും. അതായത് നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ ബിൽ പേയ്മെന്റ് ഡേറ്റ് മുതലാണ് 40 ദിവസം കണക്കാക്കപ്പെടുന്നത്. ബില്ലടച്ചതിന്റെ പിറ്റേദിവസം തന്നെ നിങ്ങൾ ആ കാർഡ് ഉപയോഗിക്കുകയാണെങ്കിൽ അന്നുമുതൽ 40 ദിവസത്തെ ഇടവേള നിങ്ങൾക്ക് ലഭിക്കും. എന്നാൽ ദിവസങ്ങൾ കഴിയും തോറും ആ 40 ദിവസം എന്ന കാലാവധി കുറഞ്ഞു കൊണ്ടേയിരിക്കും. ഉദാഹരണത്തിന് നിങ്ങൾ നിങ്ങളുടെ ബിൽഡേറ്റിന്റെ തലേദിവസമാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതെങ്കിൽ അത് തിരിച്ചടയ്ക്കാൻ കുറഞ്ഞ കാലാവധി മാത്രമേ നിങ്ങൾക്ക് ലഭിക്കുകയുള്ളൂ.
* കൃത്യമായ ഫൈനാൻഷ്യൽ പ്ലാനിങ്
ഒരു മനുഷ്യന്റെ ജീവിതത്തിൽ അത്യാവശ്യമായിട്ടുള്ള ഒന്നാണ് കൃത്യമായ ഫൈനാന്ഷ്യൽ പ്ലാനിങ്. അതായത് നിങ്ങൾ വരവ് ചിലവുകൾ എങ്ങനെ കൃത്യമായി തുലനം ചെയ്തു കൊണ്ടുപോകുന്നു എന്നതിനനുസരിച്ചിരിക്കും നിങ്ങളുടെ ഫൈനാൻഷ്യൽ പ്ലാനിങ്ങിനുള്ള കഴിവ്. അത് കുറവാണെങ്കിൽ ക്രെഡിറ്റ് കാർഡുകൾ നിങ്ങൾക്ക് വലിയ രീതിയിൽ ദോഷം ചെയ്യും. എടുക്കാൻ കടം ഉള്ളിടത്തോളം കാലം നമ്മൾ എടുത്തു കൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെ കൃത്യമായ ഫൈനാൻഷ്യൽ പ്ലാനിങ് ഇല്ല എന്നുണ്ടെങ്കിൽ ക്രെഡിറ്റ് കാർഡുകൾ നിന്ന് പിൻവലിയുന്നതാണ് എന്താണ് ഏറ്റവും നല്ലത്.
*മൊത്തത്തിൽ ഊറ്റരുത്
ക്രെഡിറ്റ് കാർഡ് എടുക്കുന്നവർ ശ്രദ്ധിക്കേണ്ട ഈ പ്രധാനപ്പെട്ട കാര്യം മുഴുവൻ തുകയും ഉപയോഗിക്കരുത് എന്നതാണ്. വിദഗ്ധഭിപ്രായപ്രകാരം നിങ്ങളുടെ ബാലൻസിന്റെ 30% അല്ലെങ്കിൽ അതിനു താഴെ ഉപയോഗിക്കുന്നതാണ് നിങ്ങളുടെ സിവിൽ സ്കോറിന് ഏറ്റവും ഗുണകരം.
മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം കൃത്യമായി നിറവേറ്റാൻ കഴിയുമെങ്കിൽ മാത്രം ഒരു ക്രെഡിറ്റ് കാർഡ് എന്ന ഓപ്ഷൻലേക്ക് നീങ്ങുക. അല്ലെങ്കിൽ നിങ്ങൾക്ക് നിങ്ങൾ തന്നെ കുഴിവെട്ടുന്നതിന് തുല്യമാകും കാര്യങ്ങൾ.


Click it and Unblock the Notifications


