EPFO: പിഎഫ് തുക ഇനി എടിഎം, യുപിഐ വഴി പിൻവലിക്കാമോ? പുതിയ അപ്ഡേറ്റുകൾ വരിക്കാർക്ക് നേട്ടമാണോ?
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) വരിക്കാർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാറ്റമാണ് എടിഎം, യുപിഐ സേവനങ്ങൾ വഴി പിൻവലിക്കുന്നത്. 2025 മുതൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെയും ഇത് പ്രാബല്യത്തിൽ വന്നിട്ടില്ല. ഇപിഎഫ്ഒ സേവനങ്ങൾ വരിക്കാർക്ക് കൂടുതൽ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം സംവിധാനത്തിൽ കൊണ്ടു വരുന്നത്.
ഈ വർഷം ചർച്ചകൾക്ക് തുടക്കമിട്ടെങ്കിലും 2026ൽ ഇത് നടപ്പിലാക്കാൻ ഇപിഎഫ്ഒയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടാവും. പിഎഫിൽ നിന്നും ഫണ്ട് പിൻവലിക്കുന്നത് വരിക്കാർക്ക് അത്ര എളുപ്പമല്ല. നിരവധി കടമ്പകൾ കടക്കേണ്ടി വരുന്നു. എടിഎം, യുപിഐ സേവനങ്ങൾ എത്തുന്നതോടെ ക്ലെയിം ഫോമുകള്‍ പൂരിപ്പിക്കാതെ, ദിവസങ്ങളോളം കാത്തിരിക്കാതെ, രേഖകൾ സമർപ്പിക്കാതെ തന്നെ പണം പിൻവലിക്കാൻ സാധിക്കുന്നു. ഇതാണ് ഏറ്റവും വലിയ മാറ്റം.
ഇപിഎഫ്ഒയുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങൾ സമീപകാലത്തായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ തൊഴിലുടമയുടെ വിഹിതം അടക്കം 100% പിഎഫ് തുകയും പിന്‍വലിക്കാനുള്ള പരിഷ്‌കരണങ്ങള്‍ ഉടൻ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ എടിഎം, യുപിഐ വഴി പിഎഫ് തുകയുടെ 75 ശതമാനം പിന്‍വലിക്കാമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല കുറഞ്ഞ സമയത്തിനുള്ളിൽ ഫണ്ട് ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. 2026 മാർച്ചിന് മുമ്പ് പുതിയ പിൻവലിക്കൽ സംവിധാനം ആരംഭിക്കുമെന്നാണ് മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കിയത്.

യുപിഐ, എടിഎം സംവിധാനങ്ങളുടെ നേട്ടം
നിലവിലെ സാഹചര്യത്തിൽ പിഎഫ് തുക പിന്‍വലിക്കുന്നത് എളുപ്പമല്ല. നിരവധി പ്രക്രിയകൾ പൂർത്തിയാക്കിയാൽ മാത്രമേ പണം അക്കൗണ്ടിലെത്തുള്ളൂ. നിങ്ങൾ ഫണ്ടിനായി ആദ്യം ഓൺലൈനായോ ഓഫ്‌ലൈനായോ അപേക്ഷ സമർപ്പിക്കണം. അതിനുശേഷമായിരിക്കും ക്ലെയിമുകൾ പ്രോസസ്സ് ചെയ്യുന്നതും തീർപ്പാക്കുന്നതും. പലപ്പോഴും ഇതിൻ്റെ ക്ലെയിം പ്രോസസ്സ് ചെയ്യാൻ കാലതാമസം നേരിടേണ്ടി വരുന്നുണ്ട്. ഇത് വരിക്കാരുടെ കാത്തിരിപ്പ് സമയം വർദ്ധിപ്പിക്കുന്നു.
എന്നാൽ പുതിയ യുപിഐ, എടിഎം സേവനങ്ങൾ എത്തുന്നതോടെ ഈ കാത്തിരിപ്പ് സമയം ഗണ്യമായി കുറയും. കാലതാമസമില്ലാതെ തന്നെ ഫണ്ട് ഉറപ്പാക്കാനും നിങ്ങൾക്ക് കഴിയും. മാത്രമല്ല പണം പിന്‍വലിക്കലിനായി ജീവനക്കാര്‍ക്ക് അവരുടെ തൊഴിലുടമയെ സന്ദേർശിക്കുകയോ, ഇപിഎഫ്ഒ ഓഫീസിൽ നേരിട്ടെത്തുകയോ വേണ്ടി വരില്ല.
ഇപിഎഫ്ഒ 3.0യുടെ ഭാഗമായിട്ടാണ് ഈ പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നത്. വരിക്കാരുടെ പ്രതിസന്ധികൾക്ക് അവസാനം കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം പ്രാബല്യത്തിൽ എത്തിക്കുന്നത്. പിഎഫ് പിൻവലിക്കുന്നതിന് യുപിഐ, എടിഎം സേവനങ്ങൾ എത്തുന്നതോടെ തടസ്സമില്ലാതെ തന്നെ പിഎഫ് തുകയുടെ 75% വരെ നിങ്ങൾക്ക് പിന്‍വലിക്കാം. അതായത് പിഎഫ് നിക്ഷേപത്തിന്റെ 25% അക്കൗണ്ടില്‍ നിലനിർത്തണം. ഇതിന്റെ ഭാഗമായി പിഎഫ് ലിങ്ക്ഡ് എടിഎം കാര്‍ഡുകളും, യുഎഎന്‍ ലിങ്ക്ഡ് യുപിഐ ഐഡിയും ഉപഭോക്താക്കൾക്ക് ലഭിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


