റിട്ടയര്‍മെന്റ് സേവിങ്‌സിനായി നേരത്തെ ആസൂത്രണം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അതിനായി കുറഞ്ഞ അപകടസാധ്യതയുള്ള നിക്ഷേപ പദ്ധതികള്‍ അന്വേഷിക്കുന്നവര്‍ക്കും ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് നാഷ്ണൽ പെൻഷൻ സ്കീം അഥവ എൻ.പി.എസ്
കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ സംരംഭമാണ് ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍.പി.എസ്). ഈ പദ്ധതി പ്രകാരം തങ്ങളുടെ തൊഴില്‍ കാലയളവില്‍ കൃത്യമായ ഇടവേളകളില്‍ പെന്‍ഷന്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. നിക്ഷേപകര്‍ക്ക് വിരമിക്കലിന് ശേഷം കോര്‍പ്പസിന്റെ ഒരു നിശ്ചിത ശതമാനം എടുക്കാം. നിങ്ങളുടെ വിരമിക്കലിന് ശേഷം ബാക്കി തുക പ്രതിമാസ പെന്‍ഷനായി ലഭിക്കുന്നതാണ് എന്‍.പി.എസ് ആനുകൂല്യങ്ങള്‍.

1. വിരമിക്കുമ്പോള്‍ സാമ്പത്തിക സുരക്ഷ നല്‍കുന്ന ഒരു ടൂള്‍ വാഗ്ദാനം ചെയ്യുന്നു
ദീര്‍ഘകാല നിക്ഷേപം നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ സഹായിക്കുന്നു. ഫ്‌ളെക്‌സിബിളിറ്റി, കുറഞ്ഞ ചെലവ്, ഉയര്‍ന്ന വരുമാനത്തിനുള്ള സാധ്യത എന്നിവ എന്‍.പി.എസ് വാഗ്ദാനം ചെയ്യുന്നു.
2. മാര്‍ക്കറ്റ്-ലിങ്ക്ഡ് റിട്ടേണും പെന്‍ഷനും വാഗ്ദാനം ചെയ്യുന്നു
വിരമിക്കുമ്പോള്‍ പെന്‍ഷനോടൊപ്പം മാര്‍ക്കറ്റ്-ലിങ്ക്ഡ് റിട്ടേണുകളുടെ നേട്ടവും എന്‍.പി.എസ് വാഗ്ദാനം ചെയ്യുന്നു.
3. പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നു
ഈ നിക്ഷേപം പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നത് പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരാണ്. അതിനാല്‍ തന്നെ ഈ പദ്ധതി അച്ചടക്കവും ഘടനാപരവുമായ നിക്ഷേപ സമീപനം ഉറപ്പാക്കുന്നു.
4. കോമ്പൗണ്ടിംഗ് നേട്ടം
കോംമ്പൗണ്ടിങ് വഴി ചെറുതും സ്ഥിരവുമായ സംഭാവനകള്‍ പോലും കാലക്രമേണ ഗണ്യമായി വര്‍ധിക്കുകയും പിന്നീട് മികച്ച നിക്ഷേപമായി മാറുകയും ചെയ്യുന്നു.
5. നികുതി ആനുകൂല്യം ഉറപ്പു നല്‍കുന്നു.
പുതിയ നികുതി വ്യവസ്ഥയ്ക്കും പഴയ നികുതി വ്യവസ്ഥയ്ക്കും കീഴിലുള്ള നികുതി ആനുകൂല്യങ്ങള്‍ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. പുതിയ നികുതി വ്യവസ്ഥയിൽ, സെക്ഷൻ 80CCD(2) പ്രകാരം, NPS-ൽ നിക്ഷേപിച്ചിട്ടുള്ള ജീവനക്കാരൻ്റെ അടിസ്ഥാന ശമ്പളത്തിൻ്റെ 10 ശതമാനം വരെ നികുതി രഹിതമാണ്. കൂടാതെ, സെക്ഷന്‍ 80 സിസിഇ പ്രകാരം ആകെ പരിധിയായ 1.50 ലക്ഷം രൂപയുടെ മുകളിലുള്ളവര്‍ക്ക് സെക്ഷന്‍ 80 സിസിഡി (1ബി) പ്രകാരം 50,000 രൂപ വരെ നികുതിയിളവ് ഉണ്ടായിരിക്കുന്നതാണ്.
6. അപകട സാധ്യത അനുസരിച്ച് പോര്‍ട്ട്‌ഫോളിയോ നിര്‍മ്മിക്കാന്‍ സാധിക്കുന്നു
നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപത്തിലെ അപകട സാധ്യത അനുസരിച്ച് പോര്‍ട്ട്‌ഫോളിയോ തിരഞ്ഞെടുക്കുന്നതിനും അതുവഴി അസ്സെറ്റ് ക്ലാസുകള്‍ തിരഞ്ഞെടുക്കുന്നതിനും സാധിക്കുന്നു.
എന്‍.പി.എസ് വാല്‍സല്യ
മുന്‍കൂട്ടിയുള്ള സാമ്പത്തിക ആസൂത്രണത്തിന്റെ പ്രയോജനം മനസ്സിലാക്കി കേന്ദ്രം നവജാത ശിശുക്കള്‍ക്കായി അവതരിപ്പിച്ച പദ്ധതിയാണ് എന്‍.പി.എസ് വാല്‍സല്യ. കുട്ടികളുടെ ഭാവിക്കായി സമ്പത്ത് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന പദ്ധതിയാണിത്. ഈ സ്കീം ഇക്വിറ്റികളിൽ നിക്ഷേപം അനുവദിക്കുന്നതിലൂടെ ഉയർന്ന വരുമാനത്തിനുള്ള സാധ്യത വാഗ്ദാനം ചെയ്യുന്നു. എൻപിഎസ് വാത്സല്യ പ്രകാരം നിക്ഷേപം പൂർണ്ണമായി പിൻവലിക്കൽ അനുവദനീയമല്ല, സംഭാവനകളെ അടിസ്ഥാനമാക്കി ഭാഗികമായ പിൻവലിക്കലുകൾ മാത്രമേ അനുവദിക്കൂ. കൂടാതെ ഈ പദ്ധതിയുടെ പ്രീ മെച്വര്‍ പിന്‍വലിക്കല്‍ തുക കോര്‍പ്പസിന്റെ 20 ശതമാനമായി പരിധി നിശ്ചയിച്ചിരിക്കുന്നതിനാല്‍ അടിയന്തിര ആവശ്യങ്ങള്‍ക്ക് ലഭ്യമാകുന്ന തുക പരിമിതമായിരിക്കുന്നതാണ്.


Click it and Unblock the Notifications