ആളുകളുടെ സമ്പാദ്യ രീതികൾക്ക് പല തരത്തിലുള്ള മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളോടുള്ള താത്പര്യം ഇപ്പോഴും നിലനിൽക്കുന്നു. ഓഹരി വിപണികളിൽ നിക്ഷേപിക്കുമ്പോഴും, സ്വർണ നിക്ഷേപങ്ങൾ, മ്യൂച്വൽ ഫണ്ട് തുടങ്ങി വലിയ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി ആവേശം കൊള്ളുമ്പോഴും നിക്ഷേപകർക്ക് പോസ്റ്റ് ഓഫീസ് സ്കീമുകളിലൂടെ ലഭിക്കുന്ന സുരക്ഷിതത്വം മറ്റൊരു സ്കീം വാഗ്ദാനം ചെയ്യുന്നില്ല എന്ന് പറയേണ്ടി വരും.
സ്ഥിരമായ വരുമാനം, കുറഞ്ഞ അപകട സാധ്യത എന്നീ ഘടകങ്ങളെല്ലാം പോസ്റ്റ് ഓഫീസിൻ്റെ ചെറുകിട സമ്പാദ്യ പദ്ധതികൾ ജനകീയമാകാൻ കാരണമാവുന്നു. സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതിനാൽ പോസ്റ്റ് ഓഫീസ് സ്കീമുകൾ 100 ശതമാനം വിശ്വസനീയമാണ്. നിരവധി സമ്പാദ്യ പദ്ധതികൾ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നു. ഓരോന്നും വിശദമായി പരിശോധിക്കാം;
1. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്
പരമ്പരാഗത ബാങ്ക് അക്കൗണ്ട് പോലെ തന്നെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടും ലളിതമായി നിക്ഷേപിക്കാവുന്ന മാർഗമാണ്. ഈ സ്കീമിന് കുറഞ്ഞ അപകട സാധ്യതയാണുള്ളത്. നിലവിൽ 4 ശതമാനം വാർഷിക പലിശയാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് വാഗ്ദാനം ചെയ്യുന്നത്. ഇവിടെ അക്കൗണ്ട് ആരംഭിച്ചാൽ ഏറ്റവും കുറഞ്ഞത് 500 രൂപ ബാലൻസ് ഉണ്ടായിരിക്കണം. എന്നാൽ പരമാവധി നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല.
നിങ്ങൾക്ക് സിംഗിൾ അക്കൗണ്ടുകളും ജോയിന്റ് അക്കൗണ്ടുകളും ആരംഭിക്കാം, ഒപ്പം 10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാം. എന്നാൽ ഒരാൾക്ക് ഒരു അക്കൗണ്ട് മാത്രമേ അനുവദിക്കൂ. സെക്ഷൻ 80TTA പ്രകാരം 10,000 രൂപ വരെയുള്ള പലിശയ്ക്ക് ഇവിടെ നികുതി ഇളവ് ലഭിക്കും. ഒരുപക്ഷേ ഈ അക്കൗണ്ട് സജീവമല്ലെങ്കിൽ മൂന്ന് വർഷത്തിനു ശേഷം അക്കൗണ്ട് പ്രവർത്തനരഹിതമാകും.
2. റിക്കറിംഗ് ഡെപ്പോസിറ്റ്
റിക്കറിംഗ് ഡെപ്പോസിറ്റ് അഥവാ ആർ.ഡി ഏതൊരു സാധാരണക്കാരനും ആരംഭിക്കാവുന്ന സമ്പാദ്യ ഓപ്ഷനാണ്. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതിലൂടെ വലിയൊരു തുക ഉറപ്പാക്കാൻ സാധിക്കുന്നു. 5 വർഷത്തെ കാലാവധിയിലാണ് റിക്കറിംഗ് ഡെപ്പോസിറ്റിൽ നിക്ഷേപിക്കുന്നത്.
പ്രതിവർഷം 6.7 ശതമാനം വാർഷിക പലിശയോടെയാണ് പോസ്റ്റ് ഓഫീസ് ആർഡി വരുമാനം നൽകുന്നത്. മാത്രമല്ല ഈ സ്കീമിൽ നിക്ഷേപകർക്ക് പ്രതിമാസം 100 രൂപയിൽ താഴെ മുതൽ നിക്ഷേപം ആരംഭിക്കാൻ അനുവദിക്കുന്നു.
നിലവിൽ പരമാവധി നിക്ഷേപത്തിനുള്ള പരിധിയില്ല. തിരിച്ചടവുകൾ കൃത്യമായി നടത്തണം. തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ കുറഞ്ഞ പിഴകൾ ഈടാക്കും. 2 വർഷത്തെ നിക്ഷേപ കാലവധിക്ക് ശേഷം നിക്ഷേപകർക്ക് ബാക്കി തുകയുടെ 50 ശതമാനം വരെ വായ്പ ലഭിക്കും. മൂന്ന് വർഷത്തിന് ശേഷം കാലാവധി പൂർത്തിയാകുന്നതിനു മുന്നേ നിക്ഷേപം ക്ലോസ് ചെയ്യാനും സാധിക്കും.

3. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ (TD) വാണിജ്യ ബാങ്കുകളുടേതിന് തുല്യമായ നിരക്കിൽ ആകർഷകമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിലെ നിരക്കുകൾ 6.9 ശതമാനം മുതൽ 7.5 ശതമാനം വരെയാണ്. 5 വർഷത്തെ കാലാവധിയാണെങ്കിലും ഇവിടെ നാല് കാലാവധിയിൽ നിക്ഷേപിക്കാനുള്ള ഓപ്ഷൻ നൽകുന്നു.
അതായത് 1 വർഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം പലിശ നൽകും. 2 വർഷത്തെ കാലാവധിയിൽ 7 ശതമാനം പലിശ ഉറപ്പാണ്. 3 വർഷത്തെ നിക്ഷേപത്തിന് നിങ്ങൾക്ക് 7.1 ശതമാനം പലിശയും 5 വർഷത്തെ നിക്ഷേപത്തിന് 7.5 ശതമാനം പലിശയും നേടാം. ഈ സ്കീമിൽ നിക്ഷേപിക്കുന്നവർക്ക് സെക്ഷൻ 80C നികുതി കിഴിവുകൾക്ക് യോഗ്യത ഉറപ്പാക്കാം.
4. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS)
ജോലിയിൽ നിന്ന് വിരമിച്ചോ? ഒരു സ്ഥിരമായ വരുമാന മാർഗം ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS) ഒരു മികച്ച ഓപ്ഷനാണ്. ഈ സ്കീമിൽ ഒറ്റത്തവണ നിക്ഷേപിച്ചാൽ എല്ലാ മാസവും സ്ഥിരമായ വരുമാനം ഉറപ്പാണ്. അപകട സാധ്യത കുറഞ്ഞ ഈ ചെറുകിട സമ്പാദ്യ പദ്ധതി 7.4 ശതമാനം വാർഷിക പലിശ വാഗ്ദാനം ചെയ്യുന്നു. ഇത് എല്ലാ മാസവും വിതരണം ചെയ്യുന്നു.
ഈ സ്കീമിൽ സിംഗിൾ അക്കൗണ്ടും ജോയിൻ്റ് അക്കൗണ്ടും ആരംഭിക്കാം. അതായത് സിംഗിൾ അക്കൗണ്ടുള്ള വ്യക്തിക്ക് പരമാവധി 9 ലക്ഷം വരെയാണ് നിക്ഷേപിക്കാൻ പരിധിയുള്ളു. എന്നാൽ ജോയിൻ്റ് അക്കൗണ്ടുള്ള വ്യക്തിക്ക് 15 ലക്ഷം വരെ നിക്ഷേപിക്കാൻ അനുവാദമുണ്ട്.
ഈ സ്കീം 5 വർഷത്തെ കാലാവധിയാണുള്ളത്. ആവശ്യമെങ്കിൽ കാലാവധിക്കു മുന്നേ നിക്ഷേപം പിൻവലിക്കാം, പക്ഷേ ഒരു വർഷത്തിനുശേഷം ക്ലോസ് ചെയ്താൽ 2 ശതമാനം, മൂന്ന് വർഷത്തിന് ശേഷം ക്ലോസ് ചെയ്താൽ 1 ശതമാനം എന്നിങ്ങനെയാണ് പിഴ.
5. സുകന്യ സമൃദ്ധി യോജന (SSY)
10 വയസ്സിനു താഴെയുള്ള പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് ആരംഭിക്കാവുന്ന സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഇത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമുള്ള സാമ്പത്തിക ആസൂത്രണം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പദ്ധതിയാണ്.
നിലവിൽ 8.2 ശതമാനം എന്ന ഉയർന്ന പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 10 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കായി രക്ഷിതാക്കൾക്ക് അക്കൗണ്ട് തുറക്കാം. ഇവിടെ വാർഷികമായി നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 250 രൂപയും പരമാവധി തുക 1.5 ലക്ഷവുമാണ്.
ഇവിടെ 15 വർഷത്തേക്ക് നിക്ഷേപിക്കാം. 21 വർഷത്തിനുശേഷം അല്ലെങ്കിൽ 18 വയസ്സിനുശേഷം വിവാഹിതയാവുമ്പോൾ അക്കൗണ്ടിൻ്റെ കാലാവധി പൂർത്തിയാകും.
6. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF)
ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ ആഗ്രഹമുള്ളവർക്കും വലിയ സാമ്പത്തിക ലക്ഷ്യമുള്ളവർക്കും ഏറ്റവും ഉചിതമായ ഓപ്ഷനാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. 7.1 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന പിപിഎഫിൽ പ്രതിവർഷം കുറഞ്ഞത് 500 രൂപ നിക്ഷേപിക്കാം. പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാനും സാധിക്കും. ഇത് 15 വർഷത്തെ കാലാവധിയുള്ള പദ്ധതിയാണ്. പക്ഷേ 15 വർഷത്തിനു ശേഷവും നിക്ഷേപം തുടരാൻ അനുവാദമുണ്ട്.
പലിശയും കാലാവധി പൂർത്തിയാകുന്നതുമായ എല്ലാ വരുമാനവും നികുതി രഹിതമാണ്. ജോലിയിൽ നിന്നും വിരമിക്കുന്നവർക്കും വലിയ തുക സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്കും പിപിഎഫിലൂടെ നേട്ടം ഉറപ്പാണ്. മാത്രമല്ല പിപിഎഫിൽ നിക്ഷേപിച്ചാൽ കൂട്ടുപലിശയുടെ നേട്ടവും ഉറപ്പാക്കാം. അതായത് നിക്ഷേപിച്ചതിലും വലിയ കോർപ്പസ് മെച്യൂരിറ്റിയായി സമ്പാദിക്കാം.
പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയാണോ മറ്റു നിക്ഷേപങ്ങളാണോ മികച്ചത്?
വിപണിയുമായി ബന്ധപ്പെട്ട മ്യൂച്വൽ ഫണ്ടുകൾ, ഇക്വിറ്റികൾ തുടങ്ങിയ നിക്ഷേപങ്ങൾ മികച്ചതാണ്. അതായത് റിസ്ക് എടുത്ത് വലിയ തുക സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലതാണ്. എന്നാൽ സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവർക്കും സുരക്ഷിതമായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത്തരം പദ്ധതികൾ നേട്ടം നൽകില്ല. അവർക്ക് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ചെറുകിട സമ്പാദ്യ പദ്ധതികളും മറ്റു സ്ഥിരനിക്ഷേപങ്ങളും തന്നെയാണ് മികച്ചത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications