കോടീശ്വരൻ എന്ന് കേൾക്കാൻ ആഗ്രഹമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. എന്നാൽ കോടീശ്വരനാകുക എന്ന ലക്ഷ്യം പലർക്ക് വളരെ ദൂരെയാണ്. ഏത് രീതിയിൽ സമ്പത്ത് ക്രമീകരിക്കണം എന്ന് കൃത്യമായി ധാരണയില്ലാത്തതാണ് ഏറ്റവും വലിയ പ്രശ്നം. വരുമാനം എത്രയെന്ന് മനസ്സിലാക്കി അതിൽ നിന്നും നിശ്ചിത തുക നീക്കിവെച്ചാൽ എല്ലാവർക്കും കോടീശ്വരനാകാം. വെറുതെ പറയുന്നതല്ല, നിങ്ങൾക്കുമാകാം കോടീശ്വരൻ.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്‍റ് പ്ലാനിൽ (എസ്‌ഐപി) പണം നിക്ഷേപിച്ചാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ നിങ്ങളെ കോടീശ്വരനാക്കും. കൂട്ടുപലിശ ലഭിക്കുന്ന നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിക്കണം എന്ന് മാത്രം. വിശദമായി നോക്കാം. പലിശയ് ലഭിക്കുന്ന പലിശയാണ് കൂട്ടുപലിശ. അതുകൊണ്ടു തന്നെ വരുമാനം എളുപ്പത്തിൽ വർദ്ധിപ്പിക്കാൻ കഴിയും. നിക്ഷേപ കാലാവധി വർദ്ധിക്കുന്നതിനനുസരിച്ച് കൂട്ടുപലിശയും വളരും. കൂട്ടുപലിശ ലഭിക്കുന്ന ചില നിക്ഷേപ പദ്ധതികൾ പരിശോധിക്കാം

സ്ഥിര നിക്ഷേപം
നിക്ഷേപകൻ ഒറ്റത്തവണ നിക്ഷേപം നടത്തുകയും ഒരു നിശ്ചിത കാലയളവിന് ശേഷം അത് തിരിച്ചെടുക്കുകയും ചെയ്യുന്നതാണ് സ്ഥിര നിക്ഷേപം. നിക്ഷേപകന് കൃത്യമായ ഇടവേളകളിൽ പലിശ സ്വീകരിക്കുകയോ അല്ലെങ്കിൽ കാലാവധി അവസാനിക്കുമ്പോൾ പലിശ ലഭിക്കുകയും ചെയ്യും. വ്യത്യസ്ത ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കുകൾ നൽകുന്നു. ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗമായാണ് സ്ഥിര നിക്ഷേപത്തെ വിലയിരുത്തുന്നത്. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ബാധിക്കില്ല എന്നതും സ്ഥിര നിക്ഷേപത്തിന്‍റെ ഗുണമാണ്. നിക്ഷേപങ്ങൾക്ക് നികുതി ഇളവുകളും ലഭിക്കും.
പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്
നിക്ഷേപത്തിനുള്ള ഏറ്റവും പഴക്കമേറിയതും സുരക്ഷിതവുമായ മാർഗ്ഗമാണ് പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്. ഏതൊരു ഇന്ത്യൻ പൗരനും പബ്ലിക് പ്രൊവിഡന്‍റ് ഫണ്ടിൽ (പിപിഎഫ്)നിക്ഷേപിക്കാം. പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപത്തിന്‍റെ നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ്. ദീർഘകാലത്തേക്ക് നിക്ഷേപിച്ചാൽ കൂട്ടുപലിശയുടെ ആനുകൂല്യം ലഭിക്കും. ഒരാൾക്ക് 15 വർഷത്തേക്ക് പിപിഎഫിൽ നിക്ഷേപിക്കുകയും കാലാവധി പൂർത്തിയാകുമ്പോൾ നികുതി രഹിത പണം നേടുകയും ചെയ്യാം.
മ്യൂച്വൽ ഫണ്ട്
നിക്ഷേപകർ ചേർന്ന് സമാഹരിക്കുന്ന പണം ഒന്നിച്ച് ചേർത്ത് രൂപീകരിക്കുന്നതാണ് മ്യൂച്വൽ ഫണ്ട്. ഒരു പ്രൊഫഷണൽ ഫണ്ട് മാനേജരാകും മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുക. പൊതുവായ നിക്ഷേപ ലക്ഷ്യങ്ങളുള്ള ഒരു കൂട്ടം നിക്ഷേപകരിൽ നിന്ന് പണം സമാഹരിച്ചുകൊണ്ടാണ് മ്യൂച്വൽ ഫണ്ട് രൂപീകരിക്കുക. തുടർന്ന് ഇക്വിറ്റികളായും ബോണ്ടുകളായും മണി മാർക്കറ്റ് ഉപകരണങ്ങളായും മറ്റു ധനകാര്യ സെക്യൂരിറ്റികളായും ഈ പണം നിക്ഷേപിക്കപ്പെടുന്നു.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ
നിക്ഷേപകർക്ക് ഒറ്റത്തവണയായും മാസങ്ങളിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ (എസ്ഐപി) വഴി നിശ്ചിത തുക തുടർച്ചയായി നിക്ഷേപിക്കാനും സാധിക്കും. തുടക്കകാർക്ക് എസ്ഐപി മികച്ച ഓപ്ഷനാണ്. എസ്‌ഐപിയുടെ കൂട്ടുപലിശ നിർണ്ണയിക്കുന്നത് നിക്ഷേപത്തിന്‍റെ ദൈർഘ്യമനുസരിച്ചാണ്. എസ്‌ഐപിയുടെ ലാഭം സ്റ്റോക്ക് മാർക്കറ്റ് പ്രകടനത്തെ ആശ്രയിച്ചാണ്. പക്ഷെ 12 മുതൽ 15 ശതമാനം വരെ വാർഷിക വരുമാനം ഉറപ്പായും ലഭിക്കും.
എങ്ങനെ കോടീശ്വരനാകാം
കൂട്ടുപലിശ ലഭിക്കുന്നതിനുള്ള ഏറ്റവും മികച്ച നിക്ഷേപ പദ്ധതികളിലൊന്ന് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ വഴിയുള്ള മ്യൂച്വൽ ഫണ്ടിലെ നിക്ഷേപമാണ്. അത്തരമൊരു നിക്ഷേപം നിക്ഷേപകന് സ്ഥിരമായ വളർച്ചയും കൂട്ടുപലിശയും നൽകും. പ്രതിമാസം 20,000 രൂപ നിക്ഷേപിക്കണം. അതായത് ഒരു വർഷം 2.40 ലക്ഷം രൂപ. വർഷത്തിൽ 12 ശതമാനം വളർച്ച നേടാൻ സാധിച്ചാൽ നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ ഒരു കോടി രൂപ സമാഹരിക്കാം. അതായത് 15 വർഷം കൊണ്ട് നിക്ഷേപിച്ച തുക 36 ലക്ഷം രൂപയാകും. പലിശയും കൂട്ടുപലിശയും വഴി 64.6 ലക്ഷം രൂപയും ലഭിക്കും. വൈവിധ്യമാർന്ന നിക്ഷേപ പദ്ധതികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അത് കൃത്യമായി മനസിലാക്കി സാമ്പത്തിക നിക്ഷേപം കൃമീകരിച്ചാൽ ആർക്കും വലിയ നേട്ടം കൊയ്യാൻ സാധിക്കും.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications