കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് ഇടിവ്. പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് ഇന്ന് വില കുറഞ്ഞത്. ഇതോടെ ചൊവാഴ്ച്ച സ്വര്‍ണം പവന് 33,680 രൂപയായി; ഗ്രാമിന് വില 4,210 രൂപ. ഇന്നലെ പവന് 280 രൂപ കൂടി 34,440 രൂപയായിരുന്നു വില. കഴിഞ്ഞമാസം മാത്രം പവന് 2,640 രൂപയോളം വിലയിടിഞ്ഞു. വെള്ളി വിലയിലും ഇന്ന് മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 66.60 രൂപയാണ് ചൊവാഴ്ച്ച നിരക്ക്. 8 ഗ്രാം വെള്ളിക്ക് വില 532.80 രൂപ.
സ്വര്‍ണവില താഴോട്ട്
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ സര്‍വകാല റെക്കോര്‍ഡ് കുറിച്ചതിന് ശേഷമാണ് സ്വര്‍ണത്തിന്റെ ഈ വീഴ്ച്ച. അന്ന് 10 ഗ്രാം സ്വര്‍ണത്തിന് 57,008 രൂപയാണ് വില രേഖപ്പെടുത്തിയത്. എന്നാല്‍ ആറു മാസം കൊണ്ട് സ്വര്‍ണവില കൂപ്പുകുത്തി. 10 ഗ്രാമിന് 12,000 രൂപയോളം കുറയുന്നത് നിക്ഷേപകര്‍ കണ്ടു നിന്നു.
വെള്ളിയുടെ ചിത്രവും മറ്റൊന്നല്ല. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 77,840 രൂപയുണ്ടായിരുന്ന വെള്ളിയുടെ കിലോ നിരക്ക് ഫെബ്രുവരി ആയപ്പോഴേക്കും 67,419 രൂപയിലെത്തി. കിലോയ്ക്ക് കുറഞ്ഞത് 10,421 രൂപ! ഈ അവസരത്തില്‍ കൂടുതല്‍ സ്വര്‍ണം വാങ്ങണോ അതോ കയ്യിലുള്ളത് വില്‍ക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് നിക്ഷേപകര്‍.
വില കുറയുന്നതെന്തുകൊണ്ട്?
ഡോളറും സ്വര്‍ണവും തമ്മില്‍ വിപരീത ബന്ധമാണ് എന്നുമുള്ളത്. അതായത് അമേരിക്കന്‍ ഡോളറിന് ഡിമാന്‍ഡ് ഉയരുമ്പോഴെല്ലാം സ്വര്‍ണവില താഴും. ഡോളര്‍ സൂചിക ഇടിയുമ്പോള്‍ സ്വര്‍ണം നേട്ടം കൊയ്യും. നിലവില്‍ മറ്റു കറന്‍സികള്‍ക്കെതിരെ ഉയര്‍ന്ന നിലയിലാണ് ഡോളര്‍ മുന്നേറുന്നത്. ഒപ്പം കഴിഞ്ഞ ഒരാഴ്ച്ച അമേരിക്കയുടെ ട്രഷറി വരുമാനം കുതിച്ചുയര്‍ന്നതും സ്വര്‍ണത്തിന് ക്ഷീണം ചെയ്തു.
നിക്ഷേപകര്‍ എന്തു ചെയ്യണം?
കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതും സമ്പദ്ഘടനകള്‍ തിരിച്ചെത്തുന്നതും മുന്‍നിര്‍ത്തി ആളുകള്‍ കൂടുതല്‍ റിസ്‌കുള്ള ആസ്തികളിലാണ് പണം നിക്ഷേപിക്കുന്നത്. ഇതിന് പിന്നിലെ ഉദ്ദേശ്യം ഒന്നു മാത്രം; ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ നേട്ടം വേണം. ഫലമോ, ഓഹരികളും ക്രിപ്‌റ്റോകറന്‍സികളും ആഗോളതലത്തില്‍ കുതിക്കുകയാണ്. എന്നാല്‍ വിപണിയില്‍ വൈകാതെ തിരുത്തല്‍ സംഭവിക്കുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ നിരീക്ഷണം.
പണലഭ്യത ആധാരമാക്കിയാണ് ഓഹരി വിപണികളുടെ ഇപ്പോഴത്തെ കുതിപ്പ്. എന്നാല്‍ ഈ തരംഗം ഏറെ നാള്‍ നീണ്ടുനില്‍ക്കില്ല. വിപണിയില്‍ തിരുത്തല്‍ സംഭവിച്ചാലുടന്‍ ആളുകള്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് തിരിയും.
അമേരിക്ക വിതരണം ചെയ്യാനിരിക്കുന്ന 1.9 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജന പാക്കേജ് സ്വര്‍ണവിലയെ സ്വാധീനിക്കുമെന്ന കാര്യമുറപ്പാണ്. അടുത്ത മൂന്നു നാലു മാസത്തിനകം ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ ഔണ്‍സ് നിരക്ക് 1,960 നിലവാരത്തിലേക്ക് ഉയരുമെന്ന് വിലയിരുത്തപ്പെടുന്നു. നിലവില്‍ 1,700 ഡോളര്‍ നിലവാരത്തിലാണ് സ്വര്‍ണം തുടരുന്നത്.
സ്വര്‍ണം തിരിച്ചുവരും
ആഗോള വിപണിയിലെ സംഭവവികാസങ്ങള്‍ മാനിച്ച് 2021 -ല്‍ 10 ഗ്രാം സ്വര്‍ണത്തിന് 62,000 രൂപ വരെ രേഖപ്പെടുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്. അതുകൊണ്ട് ദീര്‍ഘകാല നിക്ഷേപമായി സ്വര്‍ണം വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് പറ്റിയ അവസരം ഇതാണ്. ഇതേസമയം, ഹ്രസ്വകാലാടിസ്ഥാനത്തില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഇവര്‍ മറക്കുന്നില്ല.


Click it and Unblock the Notifications