കയ്യിലുള്ള പണം കൃത്യമായി നിക്ഷേപിച്ച് അതിലൂടെ വരുമാനം നേടണമെന്നാഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും. രാജ്യത്ത് നിക്ഷേപകരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നത് കൊണ്ടുതന്നെ വ്യത്യസ്ത തരത്തിലുള്ള നിക്ഷേപ പദ്ധതികളുമുണ്ട്. സ്ഥിരനിക്ഷേപം എന്നത് എല്ലാവരും ഒരിക്കലെങ്കിലും കേട്ടിരിക്കുന്ന ഒരു പദ്ധതിയാണ്. എന്നാൽ ആവർത്തന നിക്ഷേപം അഥവാ റിക്കറിംഗ് ഡിപ്പോസിറ്റിനെ പറ്റി പലർക്കും കൃത്യമായ ധാരണയുണ്ടാകില്ല.
ചിട്ടയായ നിക്ഷേപം ആഗ്രഹിക്കുന്നൊരാള്‍ക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപമാണ് ആവര്‍ത്തന നിക്ഷേപം. അതായത് ഓരോ മാസവും ഇഷ്ടമുള്ള തുക നിക്ഷേപിക്കുക. നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാകുമ്പോൾ പലിശ ചേര്‍ത്ത് തുക തിരികെ ലഭിക്കും. ഇന്ത്യയിലെ മിക്ക ബാങ്കുകളും 6 മാസം മുതൽ 10 വർഷം വരെ കാലാവധിയിൽ ആവര്‍ത്തന നിക്ഷേപം വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം തപാല്‍ വകുപ്പ് നടത്തുന്ന പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപവുമുണ്ട്.

പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം
അഞ്ച് വര്‍ഷ കാലത്തേക്കാണ് പോസ്റ്റ് ഓഫീസില്‍ ആവര്‍ത്തന നിക്ഷേപം ആരംഭിക്കാന്‍ സാധിക്കുക. 100 രൂപ മുതല്‍ നിക്ഷേപിക്കാം. നിക്ഷേപത്തിന് ഉയർന്ന പരിധിയില്ല. പ്രായപൂർത്തിയായവർക്കും പ്രായപൂർത്തിയാകാത്തവർക്കും ജോയിന്റ് അക്കൗണ്ട് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും റിക്കറിംഗ് ഡെപ്പോസിറ്റ് ആരംഭിക്കാം. അഞ്ചു വർഷമാണ് കാലാവധി എങ്കിലും അത്യാവശ്യം വന്നാൽ മൂന്നുവർഷത്തിനുശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാവുന്നതാണ്. റെക്കറിംഗ് ഡെപ്പോസിറ്റ് ആരംഭിച്ച് ഒരു വർഷത്തിനു ശേഷം അടച്ച തുകയുടെ 50 ശതമാനം വരെ നിങ്ങൾക്ക് വായ്പ എടുക്കാൻ കഴിയും.
ബാങ്ക് ആവര്‍ത്തന നിക്ഷേപം
എല്ലാ ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കൾക്ക് ആവർത്തന നിക്ഷേപ സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. ചുരുങ്ങിയ നിക്ഷേപ കാലാവധി 6 മാസവും പരമാവധി 10 വര്‍ഷവുമാണ്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ നിരക്ക് തന്നെയാണ് ആവര്‍ത്തന നിക്ഷേപങ്ങള്‍ക്കും ലഭിക്കുന്നത്.
പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപവും ബാങ്ക് ആവർത്തന നിക്ഷേപവും തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
പലിശ നിരക്ക് : പോസ്റ്റ് ഓഫീസ് VS ബാങ്ക്
അഞ്ച് വർഷത്തെ പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. അതേ സമയം ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ത്രൈമാസാടിസ്ഥാനത്തിൽ ആണ് കേന്ദ്ര സർക്കാർ നിശ്ചയിക്കുന്നത്. അത് കൊണ്ടു തന്നെ ഭാവിയിൽ പലിശ നിരക്കിൽ മാറ്റമുണ്ടാക്കും. ഇന്ത്യയിലെ ചുരുക്കം ചില ബാങ്കുകൾ മാത്രമാണ് സ്ഥിരനിക്ഷേപത്തിന് ഉയർന്ന പലിശ നൽകുന്നത്. എച്ച്‌ഡിഎഫ്‌സി ബാങ്കും ഐസിഐസിഐ ബാങ്കും അഞ്ച് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ആവർത്തന നിക്ഷേപത്തിന് 7 ശതമാനം പലിശ നൽകുന്നു. ഐസിഐസിഐ ബാങ്ക് 6.9 ശതമാനം പലിശയും കാനറ ബാങ്ക് 6.75 ശതമാനം പലിശയുമാണ് വാഗ്ദാനം ചെയ്യുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) യെസ് ബാങ്കും 6.5 ശതമാനവും പഞ്ചാബ് നാഷണൽ ബാങ്ക് 5.3 ശതമാനവും അഞ്ച് വർഷത്തെ സ്ഥിരനിക്ഷേപത്തിന് നൽകുന്നു.
അക്കൗണ്ട് തുറക്കുക: പോസ്റ്റ് ഓഫീസ് VS ബാങ്ക്
തപാൽ ഓഫീസിൽ ഒരു ആവർത്തന നിക്ഷേപം തുറക്കുന്ന വ്യക്തി ഇന്ത്യൻ പൗരനായിരിക്കണം. ഒരു വ്യക്തിക്ക് ഒറ്റയ്ക്കും ജോയിന്റ് അക്കൗണ്ടായി മൂന്ന് പേർക്ക് വരെയും പ്രായപൂർത്തിയാകാത്തവർക്ക് വേണ്ടി രക്ഷകർത്താക്കൾക്കും 10 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സ്വന്തം പേരിലും പോസ്റ്റ് ഓഫീസിൽ അക്കൗണ്ടുകൾ തുറക്കാനാകും. ഒരു റസിഡന്റ് ഇന്ത്യക്കാരന് ഇന്ത്യയിലെ ഏത് ബാങ്കിലും ആർഡി തുറക്കാൻ കഴിയും. രക്ഷിതാവിന്റെ മേൽനോട്ടത്തിൽ കുട്ടികൾക്കും ആവർത്തന നിക്ഷേപ അക്കൗണ്ടുകൾ തുറക്കാം.
സുരക്ഷ: പോസ്റ്റ് ഓഫീസ് VS ബാങ്ക്
പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിന് കേന്ദ്ര സർക്കാറിന്റെ പിന്തുണയുള്ളതിനാൽ സുരക്ഷിതമാണ്. ഡെപ്പോസിറ്റ് ഇൻഷുറൻസ് പ്രോഗ്രാം കാരണം ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് ഒരു അക്കൗണ്ട് ഉടമയ്ക്ക് 5 ലക്ഷം രൂപ വരെ മാത്രമേ പരിരക്ഷ ലഭിക്കൂ. ഈ കവറിൽ മുതലും പലിശയും ഉൾപ്പെടുന്നു. അതുകൊണ്ട് തന്നെ ഒരു വർഷം കൊണ്ട് അതിൽ നിന്നുള്ള മൊത്തം വരുമാനം 5 ലക്ഷം രൂപ കവിയാത്ത വിധത്തിൽ ഒരു ബാങ്ക് ആർഡി തുറക്കുന്നതാണ് സുരക്ഷിതം.
നികുതി ഇളവ്: പോസ്റ്റ് ഓഫീസ് VS ബാങ്ക്
ആവർത്തന നിക്ഷേപങ്ങൾക്ക് നികുതി ആനുകൂല്യമില്ല. നിക്ഷേപ സുരക്ഷയെ സംബന്ധിച്ചിടത്തോളം, പോസ്റ്റ് ഓഫീസും ബാങ്ക് ആർഡിയും താരതമ്യേന സുരക്ഷിതമാണ്. എന്നാൽ മുഴുവൻ നിക്ഷേപത്തിനും സർക്കാരിന്റെ പിന്തുണയുള്ളതിനാൽ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് ഒരു മുൻതൂക്കമുണ്ട്. ബാങ്ക് ആർഡികൾക്ക് 5 ലക്ഷം രൂപ വരെ മാത്രമേ പരിരക്ഷയുള്ളൂ. മുതിർന്ന പൗരന്മാർക്ക്, ബാങ്ക് ആർഡി നിക്ഷേപമായിരിക്കും കൂടുതൽ നല്ലത്. കാരണം മിക്ക ബാങ്കുകളും മുതിർന്ന പൗന്മാരുടെ ആർഡികൾക്ക് 0.5% അധിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഏതു നിക്ഷേപം ആയാലും, നിക്ഷേപിക്കുന്നതിന് മുൻപ് കൃത്യമായ വിവരങ്ങൾ മനസ്സിലാക്കുക. അത് നഷ്ടങ്ങൾ കുറയ്ക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും കൂടുതൽ സഹായകരമാകും.


Click it and Unblock the Notifications