നിലവില്‍ മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ പലിശ നിരക്ക് 6 ശതമാനത്തില്‍ താഴെ മാത്രമാണ്. എന്നാല്‍ അതേ സമയം കേരള സര്‍ക്കാര്‍ ട്രഷറിയില്‍ ഒരു വര്‍ഷത്തിന് മേല്‍ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.5 ശതമാനം
നിലവില്‍ മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ പലിശ നിരക്ക് 6 ശതമാനത്തില്‍ താഴെ മാത്രമാണ്. എന്നാല്‍ അതേ സമയം കേരള സര്‍ക്കാര്‍ ട്രഷറിയില്‍ ഒരു വര്‍ഷത്തിന് മേല്‍ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.5 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിക്ഷേപ പദ്ധതിയായതിനാല്‍ തന്നെ നിക്ഷേപകന് പൂര്‍ണ സുരക്ഷിതത്വവും ട്രഷറി സ്ഥിര നിക്ഷേപങ്ങളില്‍ ലഭിക്കും.
മികച്ച നിക്ഷേപ പദ്ധതി
കുറഞ്ഞ റിസ്‌കില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ പോര്‍ട്ട്‌ഫോളിയോവില്‍ ആസ്തി വിന്യാസം നടത്തുമ്പോള്‍ തീര്‍ച്ചയായും പരിഗണിക്കാവുന്ന മികച്ച നിക്ഷേപ പദ്ധതി തന്നെയാണ് ട്രഷറി സ്ഥിര നിക്ഷേപങ്ങള്‍. വ്യക്തിഗത നിക്ഷേപമായതിനാല്‍ യാതൊരുവിധ ട്രഷറി നിയന്ത്രണവും ഇതിന് ബാധകമല്ല. നിക്ഷേപിക്കുന്ന സമയത്ത് എത്രയാണോ നിരക്ക് അതേ നിരക്കില്‍ ത്തന്നെ കാലാവധി അവസാനിക്കുന്നതു വരെ പലിശ ലഭിക്കുകയും ചെയ്യും.
പലിശ നിരക്ക്
സ്ഥിര നിക്ഷേപത്തിന് ഒരു വര്‍ഷത്തിനു മുകളിലാണ് നിക്ഷേപമെങ്കില്‍ 8.5 ശതമാനമാണ് പലിശ നിരക്ക്. 181 ദിവസം മുതല്‍ 365 ദിവസം വരെയള്ള നിക്ഷേപത്തിന് 8 ശതമാനവും 91 ദിവസം മുതല്‍ 180 ദിവസം വരെയുള്ളതിന് 7.25 ശതമാനവും 46 ദിവസം മുതല്‍ 90 ദിവസം വരെയുള്ളതിന് 6.5 ശതമാനവുമാണ് പലിശ നിരക്ക്.
അക്കൗണ്ട് ആരംഭിക്കുവാന്‍
ട്രഷറിയില്‍ അക്കൗണ്ട് ആരംഭിക്കുവാന്‍ നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനായിരിക്കണം എന്ന നിബന്ധനകള്‍ ഒന്നുമില്ല. ഏതൊരാള്‍ക്കും ട്രഷറി അക്കൗണ്ടുകള്‍ ആരംഭിക്കുവാനും നിക്ഷേപം നടത്തുവാനും സാധിക്കും. നിങ്ങളുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖയുമായി നിങ്ങളുടെ തൊട്ടടുത്തുള്ള ട്രഷറി ഓഫീസില്‍ ചെല്ലുക മാത്രമാണ് ട്രഷറി അക്കൗണ്ട് തുറക്കുന്നതിന് നിങ്ങള്‍ ചെയ്യേണ്ടത്.
ട്രഷറി സേവിംഗ്‌സ് അക്കൗണ്ട്
ട്രഷറി സ്ഥിര നിക്ഷേപം ആരംഭിക്കുന്നതിനായി ആദ്യം നിങ്ങള്‍ ഒരു സേവിംഗ്‌സ് അക്കൗണ്ട് തുറക്കേണ്ടതുണ്ട്. ടിഎസ്ബി അഥവാ ട്രഷറി സേവിംഗ്‌സ് അക്കൗണ്ട് എന്നാണ് ഈ സേവിംഗ് അക്കൗണ്ട് അറിയപ്പെടുന്നത്. ഏതെങ്കിലും ഒരു തിരിച്ചറിയില്‍ രേഖയും, ആധാറാണ് കൂടുതല്‍ അഭികാമ്യമായിട്ടുള്ളത്, നിങ്ങളുടെ ഒരു ഫോട്ടോയുമാണ് അക്കൗണ്ട് ആരംഭിക്കുന്നതിനായി ആവശ്യമുള്ള രേഖകള്‍. രണ്ട് പേജ് ഫോമുകളും നിങ്ങള്‍ പൂരിപ്പിച്ച് നല്‍കേണ്ടതായുണ്ട്.
കെവൈസി ഫോമും ടിഎസ്ബിയ്ക്കായുള്ള അപേക്ഷാ ഫോറവും
അതില്‍ ഒന്ന് കെവൈസി ഫോമും മറ്റേത് ടിഎസ്ബിയ്ക്കായുള്ള അപേക്ഷാ ഫോറവുമാണ്. തിരിച്ചറിയല്‍ രേഖയ്‌ക്കൊപ്പം ഈ ഫോമുകള്‍ പൂരിപ്പിച്ച് നല്‍കിയാല്‍ ഉദ്യോഗസ്ഥര്‍ അവ പരിശോധിക്കുന്നതിനും മറ്റ് ഓഫീസ് പ്രക്രിയകള്‍ക്കുമായി കുറച്ച് സമയം ആവശ്യമാണ്. ഇത് 30 മിനുട്ട് മുതല്‍ 1 മണിക്കൂര്‍ വരെയാകാം. അക്കൗണ്ടിലെ മിനിമം ബാലന്‍സ് തുകയായി 100 രൂപ കൂടി നിങ്ങള്‍ അക്കൗണ്ട് തുറക്കുന്ന സമയത്ത് നല്‍കേണ്ടതുണ്ട്.
സ്ഥിര നിക്ഷേപം ആരംഭിക്കുവാന്‍
അക്കൗണ്ട് ആരംഭിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അതിന്റെ ചെക്ക് ബുക്ക് ലഭിക്കും. പിന്നീട് ട്രഷറി സ്ഥിര നിക്ഷേപം ആരംഭിക്കുന്നതിനായുള്ള മറ്റൊരും അപേക്ഷാ ഫോറം വാങ്ങി പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. ടിഎസ്ബിയ്ക്കായി പൂരിപ്പിച്ചു നല്‍കിയ അപേക്ഷാ ഫോറത്തിന് സമാനമാണിതും. സ്ഥിര നിക്ഷേപ കാലാവധി, നിക്ഷേപ തുക എന്നിവ മാത്രമാണ് അധികമായി നല്‍കേണ്ടുന്ന വിവരങ്ങള്‍. പണമായോ ചെക്കായോ നിങ്ങള്‍ക്ക് നിക്ഷേപിക്കേണ്ടുന്ന തുക ട്രഷറിയില്‍ സമര്‍പ്പിക്കാവുന്നതാണ്.
പലിശ എല്ലാ മാസവും 1ന്
നിക്ഷേപ തുക പണമായാണ് നല്‍കുന്നതെങ്കില്‍ ആ സമയത്ത് തന്നെ നിങ്ങളുടെ സ്ഥിര നിക്ഷപം ആരംഭിക്കുവാന്‍ സാധിക്കും. ചെക്ക് ആയാണ് തുക നല്‍കുന്നതെങ്കില്‍ സ്ഥിര നിക്ഷേപം ആരംഭിക്കുന്നതിനായി നിങ്ങള്‍ 3 ദിവസം കാത്തിരിക്കേണ്ടതുണ്ട്. പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയിക്കഴിഞ്ഞാല്‍ നിങ്ങള്‍ സ്ഥിര നിക്ഷേപ ഫോറം സമര്‍പ്പിക്കാം. എല്ലാ മാസവും ഒന്നാം തീയ്യതി പലിശ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.
കേരളത്തില്‍ എവിടെ നിന്നും പലിശ പിന്‍വലിക്കാം
കൂട്ടുപലിശ സംവിധാനം ഇവിടെ ലഭ്യമല്ല. ഓരോ മാസവും ലഭിക്കുന്ന പലിശ തുക അതേ അക്കൗണ്ടിലേക്ക് ഒരു പ്രതിമാസ എസ്‌ഐപി ആരംഭിക്കുവാന്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം. കേരളത്തിലെ ഏതു ട്രഷറിയില്‍ നിന്നു വേണമെങ്കിലും നിക്ഷേപകര്‍ക്കു പലിശ പിന്‍വലിക്കാം. ചെക്ക്, മൊബൈല്‍ ബാങ്കിങ് മുഖേന നിക്ഷേപകര്‍ക്കു പലിശ പിന്‍വലിക്കാന്‍ സൗകര്യമുണ്ട്. ട്രഷറിയില്‍ വളരെ തിരക്കുള്ള സമയത്തും കാലാവധിയെത്തിയ തുക എത്രയായാലും പിന്‍വലിക്കാം.
മികച്ച സേവനങ്ങള്‍
പൊതുമേഖലാ ബാങ്കുകളായ എസ്ബിഐ, യൂണിയന്‍ ബാങ്ക് തുടങ്ങിയ മുഖ്യധാരാ ബാങ്കുകളോട് കിട പിടിക്കുന്നതാണ് ട്രഷറിയിലെ സേവനങ്ങളും. അതിനാല്‍ അത്തരമൊരു ആശങ്ക കാരണം ട്രഷറി നിക്ഷേപങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നതില്‍ അര്‍ഥമില്ല. ഓണ്‍ലൈനായി ഇടപാടുകള്‍ നടത്തുന്നതിനായി https://tsbonline.kerala.gov.in/ യുആര്‍എല്‍ സന്ദര്‍ശിക്കാവുന്നതാണ്.


Click it and Unblock the Notifications