മോഷ്ടിക്കപ്പെടുന്നതോ മറ്റു രീതിയില്‍ നഷ്ടപ്പെടുന്നതോ ഒഴിവാക്കാന്‍ ആളുകള്‍ സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും രേഖകളുമൊക്കെ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്നതു സാധാരണമാണ്. ഇങ്ങനെ സൂക്ഷിക്കുന്നതിന് ഏറ്റവും കുറഞ്ഞ നിരക്ക്, ലോക്കറിന്റെ വലുപ്പം, ലഭ്യത എന്നിവ നോക്കിയാണ് ആളുകള്‍ ബാങ്കുകള്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ സ്വര്‍ണം സുരക്ഷിതമായി സൂക്ഷിക്കാനും പലിശ നേടാനും കഴിയുന്ന മറ്റൊരു സാധ്യത കൂടിയുണ്ടെന്ന് എത്രപേര്‍ക്ക് അറിയാം? സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ് ബി ഐ)യുടെ പുതുക്കിയ സ്വര്‍ണനിക്ഷേപ പദ്ധതി (ആര്‍-ജിഡിഎസ്)യാണ് ഈ അവസരമൊരുക്കുന്നത്.
എന്താണ് ആര്‍-ജിഡിഎസ്, എങ്ങനെ നിക്ഷേപിക്കാം?
ഈ സ്‌കീം പ്രകാരം നിങ്ങളുടെ സ്വര്‍ണം, ആഭരണങ്ങള്‍, നാണയങ്ങള്‍ എന്നിവയെല്ലാം സുരക്ഷിതമായി നിക്ഷേപിക്കാം. അതിനു ബാങ്ക് പലിശ വരുമാനം നല്‍കും. മുംബൈയിലെ നോഡല്‍ ശാഖയിലോ എസ്ബിഐ വെബ്‌സൈറ്റില്‍ പറയുന്ന നിര്‍ദിഷ്ട ശാഖകളിലോ നിക്ഷേപം നടത്താം. ഇതിന് ഈ ശാഖകളില്‍ ഏതെങ്കിലുമൊന്ന് സന്ദര്‍ശിച്ച് സ്വര്‍ണനിക്ഷേപ അപേക്ഷാ ഫോം പൂരിപ്പിച്ച് ഒപ്പിട്ട് കെവൈസി രേഖകള്‍ സഹിതം നല്‍കണം.

നിക്ഷേപിക്കാന്‍ മൂന്ന് വഴികള്‍
ആര്‍-ജിഡിഎസ് പ്രകാരം മൂന്ന് വിഭാഗങ്ങളിലായി സ്വര്‍ണം നിക്ഷേപിക്കാം. ആദ്യ വിഭാഗത്തില്‍ ഒന്നു മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിക്ഷേപിക്കാന്‍ കഴിയുക. ഇത് ഹ്രസ്വകാല ബാങ്ക് നിക്ഷേപം (എസ്ടിബിഡി) എന്ന് അറിയപ്പെടുന്നു. അഞ്ച് മുതല്‍ ഏഴു വരെ വര്‍ഷം കാലാവധിയുള്ള ഇടക്കാല സര്‍ക്കാര്‍ നിക്ഷേപം (എംടിജിഡി) ആണ് രണ്ടാമത്തേത്. മൂന്നാമത്തെ വിഭാഗമായ ദീര്‍ഘകാല സര്‍ക്കാര്‍ നിക്ഷേപ (എല്‍ടിജിഡി) വിഭാഗത്തില്‍ 12-15 വര്‍ഷത്തേക്കാണ് നിക്ഷേപം സ്വീകരിക്കുക.
എത്ര പലിശ ലഭിക്കും?
ഹ്രസ്വകാല നിക്ഷേപ വിഭാഗത്തില്‍ ഒരു വര്‍ഷത്തേക്കു 0.55 ശതമാനവും രണ്ടു വര്‍ഷത്തിനും അതിനുമുകളിലും 0.60 ശതമാനവുമാണ് എസ്ബിഐ നല്‍കുന്ന വാര്‍ഷിക പലിശ. ഇടക്കാല വിഭാഗത്തില്‍ 2.25 ശതമാനവും ദീര്‍ഘകാല നിക്ഷേപ വിഭാഗത്തില്‍ 2.50 ശതമാനവും പലിശ ലഭിക്കും.
എഫ്ഡി മെച്യൂരിറ്റി കാലയളവ് കഴിഞ്ഞാല്‍, പലിശ സഹിതം സ്വര്‍ണം തിരിച്ചെടുക്കാം. ഇക്കാര്യത്തില്‍ രണ്ട് ഓപ്ഷനുകളുണ്ട്. ഒന്നുകില്‍ സ്വര്‍ണത്തിന്റെ രൂപത്തില്‍ തിരികെ എടുക്കാം. നിക്ഷേപ സര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞിരിക്കുന്ന അത്രയും അളവ് സ്വര്‍ണം കട്ടി രൂപത്തില്‍ തിരികെ ലഭിക്കും. അല്ലെങ്കില്‍ സ്വര്‍ണത്തിന്റെ നിലവിലെ മൂല്യത്തിന് തുല്യമായ പണം സ്വീകരിക്കാം.
ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതിയുടെ ഭാഗമായി 2015ലാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍-ജിഡിഎസ് ആരംഭിച്ചത്. 1999-ലെ സ്വര്‍ണനിക്ഷേപ പദ്ധതിക്കു പകരമായാണ് ആര്‍-ജിഡിഎസ് നിലവില്‍ പദ്ധതി നിലവില്‍ വന്നത്. നിലവില്‍ പദ്ധതിക്കുകീഴില്‍ ടിഡിഎസ് കിഴിവ് ഇല്ല.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications