12500 രൂപയുണ്ടെങ്കിൽ കോടീശ്വരനാകാം, ഇതാണ് സുരക്ഷിത വഴി, ഇന്നു തന്നെ തുടങ്ങുന്നോ
കോടീശ്വരനാവുക എന്നത് എല്ലാവരുടേയും ലക്ഷ്യമാണ്. കോടി രൂപ സമ്പാദിച്ച് ഇഷ്ടമുള്ള വാഹനം വാങ്ങുന്നതും വിനോദ യാത്ര പോകുന്നതും എത്ര തവണ സ്വപ്നം കണ്ടിട്ടുണ്ടാകും അല്ലേ. എന്നാൽ ഒരു ശരാശരി ശമ്പളക്കാരന് കോടീശ്വരനാകണമെങ്കിൽ ബംബർ ലോട്ടറി അടിക്കേണ്ടി വരും എന്നതാണ് എല്ലാവരും കരുതിയിരിക്കുന്നത്. എന്നാൽ അതുമാത്രമല്ല വഴി. ലോട്ടറി അടിക്കുന്നത് പോലെ 24 മണിക്കൂർ കൊണ്ട് കോടീശ്വരനകാൻ കഴിയുമെന്നല്ല, മറിച്ച് കൃത്യമായ സാമ്പത്തിക ആസൂത്രണമുണ്ടായാൽ കുറച്ച് വർഷങ്ങൾ കൊണ്ട് ഏത് ശരാശരി ശമ്പളക്കാരനും കോടീശ്വരനാകാം. വിശദമായി അറിയാം.
പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട്
ഉയർന്നതും എന്നാൽ സുസ്ഥിരവുമായ വരുമാനം നേടാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കിടയിൽ ജനപ്രിയമായ ഒരു ദീർഘകാല നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് അഥവാ പിപിഎഫ്. ദീർഘകാല സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക സുരക്ഷിതത്വം നൽകുന്നതിനും ലക്ഷ്യമിട്ട് 1968-ൽ ധനമന്ത്രാലയത്തിൻ്റെ നാഷണൽ സേവിംഗ്സ് ഇൻസ്റ്റിറ്റ്യൂട്ട് അവതരിപ്പിച്ച സർക്കാർ പിന്തുണയുള്ള ഒരു സമ്പാദ്യ പദ്ധതിയാണിത്.

പരമാവധി ഒന്നര ലക്ഷം രൂപ
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളിൽ ഉടമകൾക്ക് ഇഷ്ടാനുസരണം നിക്ഷേപം നടത്താം. ഓരോ നിക്ഷേപകർക്കും എത്ര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ഈ പദ്ധതിയിൽ നിക്ഷേപം നടത്താം. എന്നാൽ ഒരു വ്യക്തി അക്കൗണ്ടുകളിൽ പ്രതിവർഷം കുറഞ്ഞത് 500 രൂപയും പരമാവധി 1,50,000 രൂപയും നിക്ഷേപിക്കേണ്ടതാണ്. കൂടാതെ പി പി എഫ് നിക്ഷേപകർക്ക് പലിശയ്ക്ക് മേൽ പലിശയ്ക്കും അർഹതയുണ്ട്. അത് നിക്ഷേപത്തിലൂടെ കൂടുതൽ വരുമാനം നൽകുന്നു. സർക്കാരിന്റെ പിന്തുണയുള്ളതിനാൽ പിപിഎഫ് 100 ശതമാനം സുരക്ഷിതമായ നിക്ഷേപം കൂടിയാണ്.
നികുതി ഇളവ്
പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ കാലാവധി 15 വർഷമാണ്. എന്നാൽ ഒരു അക്കൗണ്ട് ഉടമയ്ക്ക് മെച്യൂരിറ്റി കാലയളവിന് മുമ്പും അക്കൗണ്ട് ക്ലോസ് ചെയ്യാൻ കഴിയും.
തികച്ചും നികുതി രഹിതമായതും ആകർഷകമായ പലിശ നിരക്കുകളും റിട്ടേണുകളും നൽകുന്നതായിരുന്നു പിപിഎഫുകൾ. പിപിഎഫിൽ നിന്നും ലഭിക്കുന്ന പലിശ വരുമാനം ആദായ നികുതിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു. പിപിഎഫ് അക്കൗണ്ടിന്റെ ബാലൻസ് പൂർണമായും വെൽത്ത് ടാക്‌സിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പിപിഎഫ് വഴി കോടീശ്വരനാകാം
പിപിഎഫിലെ വാർഷിക നിക്ഷേപത്തിൻ്റെ പരമാവധി പരിധി 1.5 ലക്ഷം രൂപയണെന്ന് നേരത്തെ പറഞ്ഞല്ലോ. അത്തരമൊരു സാഹചര്യത്തിൽ കോടീശ്വരനാകാൻ എല്ലാ വർഷവും പിപിഎഫിൽ ഇത്രയും പണം നിക്ഷേപിക്കേണ്ടിവരും. മാസാടിസ്ഥാനത്തിൽ കണക്കാക്കിയാൽ പ്രതിമാസം 12,500 രൂപ പിപിഎഫിൽ നിക്ഷേപിക്കണമെന്ന് സാരം.
പിപിഎഫ് സ്കീം 15 വർഷത്തിനുള്ളിൽ മെച്യൂരിറ്റി ആകും. എന്നാൽ മെച്യുരിറ്റിക്ക് ശേഷം നിക്ഷേപം 5 വർഷത്തെ ബ്ലോക്കിൽ രണ്ട് തവണ നീട്ടുക. അതായത് പ്രതിവർഷം 1,50,000 രൂപയുടെ നിക്ഷേപം 25 വർഷത്തേക്ക് തുടരേണ്ടിവരും. 7.10 ശതമാനം പലിശയാണ് നിലവിൽ പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് നൽകുന്നത്.
25 വർഷം കൊണ്ട് ആകെ നിക്ഷേപിക്കുന്ന തുക 37,50,000 രൂപയും പലിശയായി 65,58,015 രൂപ ലഭിക്കും. അതായത് 25 വർഷത്തിന് ശേഷം പിപിഎഫിൽ നിന്ന് 1,03,08,015 രൂപ ലഭിക്കും.
25 വർഷം കൊണ്ട് കോടീശ്വരനായിട്ട് എന്ത് കാര്യമെന്നായിരിക്കും ഒരു പക്ഷെ നിങ്ങൾ ചിന്തിക്കുന്നത്. ഒന്നാലോചിച്ച് നോക്കൂ. 30 ആം വയസിൽ പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് നിക്ഷേപം ആരംഭിക്കുന്ന ഒരു വ്യക്തിക്ക് റിട്ടയർമെന്റിന് 5 വർഷം മുൻപ് 1 കോടി രൂപ കണ്ടെത്താൻ സാധിക്കുന്നു എന്നത് അത്ര ചെറിയ കാര്യമാണോ. അതു കൊണ്ടു തന്നെ കൃത്യമായി കാര്യങ്ങൾ ആസൂത്രണം ചെയ്താൽ ഭാവി ജീവിതം ഭദ്രമാക്കാൻ കഴിയും.
അക്കൗണ്ട് എവിടെ തുറക്കാം
ഒരു കാര്യം പ്രത്യേകം ഓർക്കുക ഹിന്ദു ജോയിന്റ് ഫാമിലിയിലുള്ളവർക്കോ നോൺ റസിഡന്റ് ഇന്ത്യക്കാർക്കോ പിപിഎഫ് അക്കൗണ്ടുകൾ തുറക്കാൻ അർഹതയില്ല. അതുപോലെ ഒരാൾക്ക് ഒരു സമയം ഒരു പിപിഎഫ് അക്കൗണ്ട് തുറക്കാനേ അർഹതയുള്ളൂ. പ്രധാനപ്പെട്ട ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ അക്കൗണ്ട് തുടങ്ങുന്നതിലൂടെ നിങ്ങൾക്ക് ഈ പദ്ധതിയുടെ ഭാഗമായി പണം നിക്ഷേപിക്കാൻ കഴിയും.
സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾക്കും ഇപിഎഫ്ഒയിൽ അംഗങ്ങളായ ജീവനക്കാർക്കും ഏറ്റവും അനുയോജ്യമായ നിക്ഷേപ ഓപ്ഷനാണ് പി പി എഫ്.വിപണിയുടെ സ്ഥിതിഗതികൾ വിലയിരുത്തി ഓരോ പാദത്തിലും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള പലിശ എത്രയെന്ന് കേന്ദ്ര സർക്കാർ തീരുമാനിക്കും.


Click it and Unblock the Notifications


