കിസാൻ ക്രെഡിറ്റ് കാർഡ്: കുറഞ്ഞ പലിശയിൽ 12 മാസത്തേക്ക് വായ്പ തിരിച്ചടക്കാം, കോടികളാണ് നിലവിലെ നേട്ടം
രാജ്യത്ത് കർഷകർക്ക് ഏറെ പ്രധാന്യം നൽകിക്കൊണ്ട് നിരവധി പദ്ധതികൾ സർക്കാർ അവതരിപ്പിക്കുന്നുണ്ട്. ഇത്തവണ 2025ലെ കേന്ദ്ര ബജറ്റിൽ കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി) സ്കീമിന് ആകർഷകമായ പ്രഖ്യാപനങ്ങളായിരുന്നു ധനമന്ത്രി നിർമ്മലാ സീതാരാമൻ നടത്തിയത്. അതായത് നിലവിലെ 3 ലക്ഷം രൂപാ വായ്പാ പരിധിയിൽ നിന്ന് 5 ലക്ഷമായി ഉയർത്തുമെന്നാണ് സർക്കാർ പ്രഖ്യാപനം. ഇത് കർഷകരുടെ സാമ്പത്തിക പ്രതിസന്ധികളെ ഒരു പരിധി വരെ ഇല്ലാതാക്കാൻ സഹായിക്കും.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഓപ്പറേറ്റീവ് കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) അക്കൗണ്ടുകൾക്ക് കീഴിലുള്ള തുക 2014 മാർച്ചിൽ 4.26 ലക്ഷം കോടിയായിരുന്നുവെങ്കിൽ 2024 ഡിസംബറിലെ കണക്ക് അനുസരിച്ച് 10.05 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ട്. അതായത് ഇരട്ടിയിലധികമായി ഉയർന്നു. കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി വാഗ്ദാനം ചെയ്യുന്ന താങ്ങാവുന്ന പ്രവർത്തന മൂലധന വായ്പകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.
ഇത് കാർഷിക മേഖലയിലെ വായ്പകളുടെ ഉപയോഗം വർദ്ധിക്കാൻ വഴിയൊരുക്കുന്നു, ഒപ്പം കർഷകർ വ്യാപകമായി സ്ഥാപനേതര വായ്പകളെ ആശ്രയിക്കുന്നതിൽ നിന്ന് വ്യതിചലിക്കാനും കാരണമാവുന്നു. കാരണം ഉയർന്ന വായ്പയും താരതമ്യേന കുറഞ്ഞ പലിശ നിരക്കുമാണ്.
എന്താണ് കിസാൻ ക്രെഡിറ്റ് കാർഡ്?
കർഷകർക്ക് വിത്തുകൾ, വളങ്ങൾ, കീടനാശിനികൾ തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും വിള ഉൽപാദനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും പണ ആവശ്യമാണ്. ഇത്തരം ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 1998- ൽ ആരംഭിച്ച പദ്ധതിയാണ് കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി). ഇത് നിങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ വാഗ്ദാനം ചെയ്യുന്നു. ഇവിടെ വായ്പാ തുകയുടെ തിരിച്ചടവ് 12 മാസത്തേക്കാണ്.

കെ.സി.സിയുടെ വളർച്ച..
2004-ൽ, കൃഷിയേതര, അനുബന്ധ പ്രവർത്തനങ്ങൾക്കുള്ള നിക്ഷേപ വായ്പ ഉപയോഗിച്ച് കർഷകരെ സഹായിക്കുന്നതിനായി ഈ പദ്ധതി വിപുലീകരിച്ചു. മൃഗസംരക്ഷണം, ക്ഷീരോൽപ്പാദനം, മത്സ്യബന്ധനം എന്നീ അനുബന്ധ പ്രവർത്തനങ്ങളുടെ മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിനായിട്ടാണ് 2019 ൽ കെ.സി.സി പദ്ധതിയിൽ വീണ്ടും പരിഷ്കാരങ്ങൾ നടത്തി.
മോഡിഫൈഡ് ഇന്ററസ്റ്റ് സബ്‌വെൻഷൻ സ്കീം (MISS) പ്രകാരം, കെ.സി.സി വഴി 3 ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാർഷിക വായ്പകൾ നൽകുന്നതിന് ബാങ്കുകൾക്ക് 1.5 ശതമാനം പലിശ സബ്‌വെൻഷൻ സർക്കാർ നൽകുന്നു. ഇത് പ്രതിവർഷം 7 ശതമാനം ഇളവ് പലിശ നിരക്കിലാണ് എന്നത് ശ്രദ്ധേയം.
നിലവിലെ കണക്ക് പ്രകാരം വായ്പകൾ കൃത്യസമയത്ത് തിരിച്ചടയ്ക്കുന്ന കർഷകർക്ക് 3 ശതമാനം അധിക ഇൻസെന്റീവ് നൽകും. അതായത് ഇവിടെ കർഷകരുടെ പലിശ നിരക്ക് 4 ശതമാനമായി കുറയും എന്നർത്ഥം. ചെറുകിട കർഷകർക്കും മറ്റും തടസ്സരഹിതമായ വായ്പ ഉറപ്പാക്കിക്കൊണ്ട് 2 ലക്ഷം രൂപ വരെയുള്ള വായ്പകൾ ഈട് നൽകാതെ തന്നെ ഉറപ്പാക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ 2 ലക്ഷത്തിനു മുകളിലുള്ള വായ്പക്ക് ഈട് നൽകണം.
കിസാൻ ക്രെഡിറ്റ് കാർഡ് ഓരോ വർഷങ്ങളിലും വിവിധ മാറ്റങ്ങളാണ് നൽകിയത്. 2013-14 ലെ ബജറ്റിൽ 21,933.50 കോടി രൂപയിൽ നിന്ന് 2025-26 ലെ കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്ക്കുള്ള വിഹിതം ആറ് മടങ്ങ് വർദ്ധിച്ച് 1,27,290 കോടി രൂപയായി. ഇത് കാർഷിക മേഖലയുടെ വലിയ വളർച്ചയിലേക്കുള്ള വഴിയൊരുക്കുന്നു. നിലവിലെ പ്രഖ്യാപനങ്ങൾ അനുസരിച്ച് ഈ നയത്തിന്റെ ഗുണം 7.7 കോടി കർഷകർക്ക് നേട്ടം ലഭിക്കുമെന്നാണ് സർക്കാർ പറയുന്നത്.


Click it and Unblock the Notifications


