പുതിയ വർഷം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. 2023ലെ നഷ്ടങ്ങളിൽ ആശങ്കപ്പെടാതെ കൂടുതൽ കരുത്തോടെ മുന്നോട്ട് പോകേണ്ട വർഷമാണ് 2024. പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ കൃത്യമായ സാമ്പത്തിക ആസൂത്രണം നടപ്പിലാക്കിത്തുടങ്ങിയാൽ വലിയ മുന്നേറ്റം നേടാൻ സാധിക്കും. 2024 ൽ സാമ്പത്തിക വിജയം നേടാൻ സഹായിക്കുന്ന 6 സാമ്പത്തിക ആസൂത്രണങ്ങൾ പരിശോധിക്കാം.
1. സേവിംഗ്സ്
വരുമാനത്തേക്കാൾ ചിലവാക്കുക എന്നതാണ് മലയാളിയുടെ ഒരു രീതി. ആറ്റിൽ കളഞ്ഞാലും അളന്ന് കളയണമെന്ന പഴമൊഴി പലപ്പോഴും ആരും ഓർക്കാറില്ല. അതുകൊണ്ടു തന്നെ ഭാവിയിലേക്ക് ഒന്നും കരുതിവയ്ക്കില്ല. അനാവശ്യ ചിലവാക്കലുകൾ നിർത്തുക. വരവറിഞ്ഞ് മാത്രം ചിലവാക്കുക. പുതുവർഷം മുതൽ ചിലവാക്കും മുൻപ് ഭാവിയിലേക്കുള്ളതും കരുതി വയ്ക്കുക. ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം എങ്കിലും സേവിംഗ്സിലേക്ക് മാറ്റിവയ്ക്കുമെന്ന ഉറച്ച തീരുമാനം എടുക്കുക.

2.നിക്ഷേപം
സാമ്പത്തിക ആസൂത്രണത്തിൽ ഒരു വ്യക്തിയെ ഏറ്റവും കൂടുതൽ സഹായിക്കുന്നത് അയാളുടെ നിക്ഷേപമാണ്. ഭാവിയിലെ ചിലവുകൾ മുൻകൂട്ടിക്കണ്ട് അതിന് അനുയോജ്യമായ നിക്ഷേപ രീതി കണ്ടെത്തുക. ചെറുകിട നിക്ഷേപ പദ്ധതികളിലോ ദീർഘകാല നിക്ഷേപ പദ്ധതികളിലോ അംഗങ്ങളാവുക. വിപണിയിലെ ചാഞ്ചാട്ടങ്ങളെ കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നവരാണെങ്കിൽ ഷെയർ മാർക്കറ്റ് നിക്ഷേപങ്ങളും വളരെ നല്ലതാണ്. അതുകൊണ്ടുതന്നെ പുതുവർഷം മുതൽ സമ്പാദ്യം മൂലധനമാക്കി മാറ്റാൻ കഴിയുന്ന വിവിധ നിക്ഷേപ പദ്ധതികളുടെ ഭാഗമാകുക.
3. ജോലി സ്ഥിരത
മെച്ചപ്പെട്ട വേതനം ലഭിക്കുന്ന ജോലികൾ തേടുന്നത് സ്വാഭാവികമാണ്. എന്നാൽ ഇടയ്ക്കിടെ ജോലി മാറുന്നത് പ്രൊഫഷണൽ പ്രൊഫൈലിനെ പ്രതികൂലമായി ബാധിക്കും. അത് കൊണ്ട് തൊഴിൽ സ്ഥിരതയ്ക്ക് മുൻഗണന നൽകും എന്നാ തീരുമാനവും പുതുവർഷത്തിൽ എടുക്കുക. ജോലി മാറ്റാൻ തീരുമാനിക്കുന്നതിന് മുമ്പ് ജോലി സ്ഥലം, പ്രൊഫൈൽ, നികുതി പ്രത്യാഘാതങ്ങൾ, സൗകര്യങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കുക. നന്നായി ചിന്തിക്കുന്ന സമീപനം അനാവശ്യ സങ്കീർണതകളില്ലാതെ കരിയർ വളർച്ച ഉറപ്പാക്കുന്നു.
4. ഉത്തരവാദിത്തമുള്ള കടം വാങ്ങൽ
പുതിയ കാലത്തെ വിപണിയിൽ നിരവധി ക്രെഡിറ്റ് കാർഡുകളും വായ്പ ഓപ്ഷനുകളും ഉണ്ട്. അതുകൊണ്ടുതന്നെ അനാവശ്യമായി ഇവ ഉപയോഗിക്കാൻ തോന്നിയേക്കാം. അതുകൊണ്ടുതന്നെ ക്രെഡിറ്റ് കാർഡുകൾ ആവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കുമെന്ന് തീരുമാനം എടുക്കുക. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം വായ്പയെടുക്കുക.
5. സർക്കാർ നയങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക
സർക്കാർ നയങ്ങളും നിയന്ത്രണങ്ങളും ധനകാര്യത്തിൽ കാര്യമായ സ്വാധീനം ചെലുത്തും. അതുകൊണ്ടു തന്നെ നികുതി നിയമങ്ങൾ, റിട്ടയർമെന്റ് പ്ലാനുകൾ, മറ്റ് സാമ്പത്തിക നിയന്ത്രണങ്ങൾ എന്നിവയിലെ മാറ്റങ്ങളെ കുറിച്ച് അറിയണ്ടത് അത്യന്ത്യാപേക്ഷിതമാണ് . ഗവൺമെന്റ് നയങ്ങൾ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കുന്നതിലൂടെ, നിങ്ങൾക്ക് മികച്ച തീരുമാനം എടുക്കാനും ക്രമീകരണങ്ങൾ പ്രയോജനപ്പെടുത്താനും കഴിയും. നിങ്ങളുടെ സാമ്പത്തിക ആസൂത്രണത്തെ ബാധിച്ചേക്കാവുന്ന ഏതെങ്കിലും നയപരമായ മാറ്റങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമെന്ന് ഉറപ്പാക്കാൻ ഒരു സാമ്പത്തിക ഉപദേഷ്ടാവുമായി കൂടിയാലോചിക്കുന്നത് നല്ലതാകും
6. സമയബന്ധിതമായ ആദായ നികുതി ഫയലിങ്
ആദായനികുതി റിട്ടേണുകൾ (ഐടിആർ) നിശ്ചിത സമയപരിധിക്കുള്ളിൽ ഫയൽ ചെയ്യുക. അതുവഴി വൈകി ഫയലിംഗുമായി ബന്ധപ്പെട്ട പിഴകളും നിയമ പ്രശ്നങ്ങളും ഒഴിവാക്കാം.
മുകളിൽ സൂചിപ്പിച്ച 6 കാര്യങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ പുതുവർഷത്തിൽ ഒരു പരിധി വരെ സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ ജീവിക്കാൻ സാധിക്കും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. സാമ്പത്തിക ആസൂത്രണം എന്നത് ഒരു ദിവസം കൊണ്ടോ, ഒരു മാസം കൊണ്ടോ പൂർത്തിയാകുന്ന ഒന്നല്ല. നിരന്തര പരിശ്രമത്തിലൂടെ മാത്രമേ സാമ്പത്തിക ആസൂത്രണം നടപ്പിലാക്കാനും അതുവഴി സാമ്പത്തിക അച്ചടക്കം കൈവരിക്കാനും സാധിക്കുകയുള്ളൂ.


Click it and Unblock the Notifications