വ്യത്യസ്ത നിക്ഷേപ മാർഗങ്ങളുണ്ടെങ്കിലും ഏറ്റവും സൗകര്യപ്രദമായ നിക്ഷേപമാർഗം പ്രതിമാസ നിക്ഷേപമാണ്. മാസത്തിൽ നിശ്ചിത തുക നിക്ഷേപത്തിലേക്ക് മാറ്റുന്നത് വഴി ചിട്ടയായ നിക്ഷേപം തുടങ്ങാനും നല്ലൊരു തുക സമ്പാദിക്കാനും സാധിക്കും. അനുയോജ്യമായതും മികച്ച റിട്ടേൺ ലഭിക്കുന്നതുമായ പദ്ധതികൾ തിരഞ്ഞെടുക്കുക എന്നതാണ് ഓരോരുത്തരും ചെയ്യേണ്ടത്.
ദീർഘകാലത്തേക്ക് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപമാണ് ആവർത്തന നിക്ഷേപങ്ങൾ (recurring deposits). സ്ഥിരമായ ആദായം നല്‍കുന്നവയാണ് ആവർത്തന നിക്ഷേപങ്ങള്‍. ഇത്തരം അക്കൗണ്ടുകളില്‍ ഉപയോക്താവ് തുക ഗഢുക്കളായി നല്‍കുകയും മെച്യൂരിറ്റി കാലാവധി എത്തുമ്പോള്‍ മെച്യൂരിറ്റി തുക സ്വീകരിക്കുകയുമാണ് ചെയ്യുക. ഉപയോക്താവ് ഏത് വിഭാഗത്തില്‍പ്പെടുന്നു, തെരഞ്ഞെടുക്കുന്ന കാലാവധി എത്ര എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് ബാങ്കുകള്‍ ആര്‍ഡികള്‍ക്ക് നല്‍കുന്ന പലിശ നിരക്ക് നിശ്ചയിക്കുന്നത്.

18 വയസ്സിനു മുകളിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് ബാങ്കുകള്‍ ആവർത്തന നിക്ഷേപം വാഗ്ദാനം ചെയ്യുന്നത്. ഒരു നിശ്ചിത തുക നിക്ഷേപിക്കാന്‍ ഉപയോക്താക്കള്‍ക്ക് കാലാവധി തിരഞ്ഞെടുക്കാവുന്നതാണ്, സാധാരണയായി 6 മാസം മുതല്‍ 10 വര്‍ഷം വരെയാണ് കാലാവധി. നിക്ഷേപങ്ങളുടെ പലിശ ലളിതമായോ കൂട്ടുപലിശയായോ കണക്കാക്കാം. കാലാവധി അവസാനിക്കുമ്പോള്‍ ഒറ്റത്തവണയായി തുക പിന്‍വലിക്കാം. ചില സ്‌കീമുകള്‍ പണം വീണ്ടും നിക്ഷേപിക്കാനും അവസരം നല്‍കുന്നുണ്ട്.
ശമ്പളം വാങ്ങുന്നവരും ശമ്പളമില്ലാത്തവരും ഉൾപ്പെടെയുള്ള ഉപഭോക്താക്കൾക്ക് ആവർത്തന നിക്ഷേപ അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളും പോസ്റ്റ് ഓഫീസുകളും ഉൾപ്പെടെ ധാരാളം ധനകാര്യ സ്ഥാപനങ്ങൾ ഉണ്ട്. നിക്ഷേപങ്ങളുടെ സവിശേഷതകൾ ഏതാണ്ട് സമാനമാണെങ്കിലും, പലിശ നിരക്കുകളിലും ആനുകൂല്യങ്ങളിലും സ്ഥാപനങ്ങൾക്കനുസരിച്ച് വ്യത്യസമുണ്ടാകും. പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപങ്ങൾക്ക് വ്യത്യസ്തമായ പലിശനിരക്കുകൾ ഉണ്ട്. ബാങ്കുകളും അവരുടേതായ പലിശനിരക്കുകളാണ് നൽകുന്നത്.
പോസ്റ്റ് ഓഫീസുകളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ 5 വർഷത്തെ ആവർത്തന നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യാം.
പോസ്റ്റ് ഓഫീസ്
പോസ്റ്റ് ഓഫീസിൽ 5 വർഷത്തെ കാലാവധിയുള്ള ആവർത്തന നിക്ഷേപ അക്കൗണ്ട് തുറക്കാനുള്ള ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ്. ഉയർന്ന തുകയ്ക്ക് പരിധിയില്ല. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, ആവർത്തന നിക്ഷേപങ്ങക്ക് പ്രതിവർഷം 6.7 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സാധാരണ നിക്ഷേപകർക്ക് പ്രതിവർഷം 6.50 ശതമാനം മുതൽ 6.80 ശതമാനം വരെ പലിശ നിരക്ക് നൽകുന്നു, മുതിർന്ന പൗരന്മാർക്ക് 7 ശതമാനം മുതൽ 7.50 ശതമാനം വരെ പലിശ നിരക്ക്. ആവർത്തന നിക്ഷേപത്തിന്റെ ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ്. 1 മുതൽ 10 വർഷം വരെയാണ് കാലാവധി
എച്ച്‌ഡിഎഫ്‌സി ബാങ്ക്
ആവർത്തന നിക്ഷേപങ്ങളുടെ പലിശ നിരക്ക് സാധാരണ ഉപഭോക്താക്കൾക്ക് 4.5 ശതമാനം മുതൽ 7 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 5 ശതമാനം മുതൽ 7.75 ശതമാനം വരെയുമാണ്. 6 മാസം മുതൽ 10 വർഷം വരെയാണ് അക്കൗണ്ടിന്റെ കാലാവധി. 1,000 രൂപയാണ് കുറഞ്ഞ നിക്ഷേപം.
ആവർത്തന നിക്ഷേപങ്ങളുടെ സവിശേഷതകള്‍:
1. ആവർത്തന നിക്ഷേപങ്ങള്‍ സമ്പാദ്യശീലം വളര്‍ത്തുന്നു
2. 18 വയസ്സ് മുതല്‍ അക്കൗണ്ട് ആരംഭിക്കാം
3. ക്രമേണ നിക്ഷേപിക്കുന്ന തുകയില്‍ വര്‍ധനവ് വരുത്താം
4. കാലാവധി തീരുന്നതിനു മുമ്പ് തന്നെ തുക പിന്‍വലിക്കാന്‍ അനുവദിച്ചേക്കാവുന്ന ബാങ്കുകളുണ്ട്.
5. സ്ഥിര നിക്ഷേപത്തിന് തുല്യമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
കാൽക്കുലേറ്റർ
പ്രതിമാസം 20,000 രൂപ 10 വർഷത്തേക്ക് നിക്ഷേപിച്ചാൽ 24 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നത്. 7 ശതമാനം പലിശ നിരക്കിൽ കാലാവധിയിൽ 34,74,034 രൂപ പിൻവലിക്കാൻ സാധിക്കും.


Click it and Unblock the Notifications