ഏറ്റവും സുരക്ഷിതമായ നിക്ഷേപം സ്ഥിര നിക്ഷേപരമാണ്. വിപണിയിലെ ചാഞ്ചാട്ടങ്ങൾ ബാധിക്കാതെ ഉറപ്പായ വരുമാനം സ്ഥിര നിക്ഷേപത്തിലൂടെ ലഭിക്കും. ബാങ്കുകൾ 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യാറുണ്ട്. അതുകൊണ്ടു തന്നെ സാമ്പത്തിക ലക്ഷ്യത്തിനനുസരിച്ച് പണം നിക്ഷേപരിക്കാൻ സാധിക്കും. അതോടൊപ്പം പലിശ നിരക്കും പ്രധാനപ്പെട്ടതാണ്. പലിശ നിരക്ക്, ഉപഭോക്തൃ സൗഹൃദ സേവനങ്ങൾ, വിശ്വാസീയത തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് സ്ഥിര നിക്ഷേപത്തിന് ഏത് സ്ഥാപനം തിരഞ്ഞെടുക്കണെന്ന് നിക്ഷേപകർ തീരുമാനിക്കുന്നത്.
രാജ്യത്തെ വമ്പൻന്മാരായ ബാങ്കുകൾക്ക് പുറമെ ചെറുകിട ധനകാര്യ ബാങ്കുകളും സ്ഥിര നിക്ഷേപങ്ങൾക്ക് നല്ല പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിവർഷം 8 ശതമാനം വരെ പലിശ നിരക്കാണ് ചെറുകിട ധനകാര്യ ബാങ്കുകൾ നിക്ഷേപകർക്ക് നൽകുന്നത്. അത്തരത്തിൽ ഉയർന്ന പലിശ നൽകുന്ന 5 ചെറുകിട ധനകാര്യ ബാങ്കുകളെ പരിചയപ്പെടാം

1. ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക്
ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക് നിക്ഷേപകർക്ക് ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് പ്രതിവർഷം 7.15 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. 400 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 7.60 ശതനമാനം പലിശ നേടാം. മുതിർന്ന പൗരന്മാർക്ക് 400 ദിവസത്തെ നിക്ഷേപത്തിന് പ്രതിവർഷം 8.10 ശതമാനം പലിശ ലഭിക്കും.
2. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
ഒരു വർഷം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 8.20 ശതമാനം പലിശയാണ് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 444 ദിവസം കാലാവധിയുള്ള നിക്ഷേപത്തിന് പ്രതിവർഷം 8.50 ശതമാനം പലിശ ലഭിക്കും. 888 ദിവസത്തെ നിക്ഷേപത്തിന് 8.25 ശതമാനം പലിശ ലഭിക്കും. അതേ സമയം 5 വർഷം നിക്ഷേപ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനം പലിശ മാത്രമാണ് ലഭിക്കുന്നത്.
3. ഉത്കർഷ് സ്മോൾ ബാങ്ക്
ഒരു വർഷത്തെ നിക്ഷേപങ്ങൾക്ക് ഇത് പ്രതിവർഷം 8 ശതമാനം പലിശ ഉത്കർഷ് സ്മോൾ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 2 മുതൽ 3 വർഷം വരെയുള്ള കാലയളവിലെ നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശയായ 8.50 ശതമാനം ലഭിക്കും. അതേസമയം, മുതിർന്ന പൗരന്മാർക്ക് 2-3 വർഷത്തെ നിക്ഷേപത്തിന് പ്രതിവർഷം 9.10 ശതമാനം പലിശയ്ക്ക് അർഹതയുണ്ട്. 3-4 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് പ്രതിവർഷം 8.85 ശതമാനം പലിശയും ഉത്കർഷ് സ്മോൾ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
4. ജന സ്മോൾ ഫിനാൻസ് ബാങ്ക്
ഒരു വർഷത്തെ നിക്ഷേപത്തിന് 8 ശതമാനം പലിശ ജന സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 2-3 വർഷം വരെയുള്ള കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 8.5 ശതമാനം പലിശയാണ് ലഭിക്കുക. 2-3 വർഷത്തെ കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന് 9 ശതമാനം പലിശ ലഭിക്കാൻ മുതിർന്ന പൗരന്മാർക്ക് അർഹതയുണ്ട്.
5. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്
12 മാസത്തെ സ്ഥിരനിക്ഷേപത്തിന് 8.25 ശതമാനം പലിശ ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 560 ദിവസത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശയായ 8.25 ശതമാനവും നൽകുന്നു.അതേസമയം, മുതിർന്ന പൗരന്മാർക്ക് ഈ പലിശ നിരക്കുകളേക്കാൾ കൂടുതലായി 50 ബേസിസ് പോയിന്‍റ് പലിശയ്ക്ക് അർഹതയുണ്ട്.
സ്ഥിര നിക്ഷേപം നടത്തുന്നതിന് മുൻപ് സ്ഥാപനത്തെക്കുറിച്ച് കൃത്യമായി മനസിലാക്കണം. ക്രിസില്‍, കെയര്‍ തുടങ്ങിയ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തന ചരിത്രം വിലയിരുത്തി റേറ്റിംഗ് നല്‍കാറുണ്ട്. നിങ്ങളുടെ നിക്ഷേപം സുരക്ഷിതമാക്കാന്‍ ഇതിലൂടെ കഴിയും. അതോടൊപ്പം വായ്പാ സൗകര്യം, പലിശ നിരക്ക്, നിക്ഷേപ കാലാവധി തുടങ്ങിയ കാര്യങ്ങളും കൃത്യമായി മനസിലാക്കണം


Click it and Unblock the Notifications