ക്രെഡിറ്റ് കാർഡുകളുടേയും ക്രെഡിറ്റ് സ്കോറുകളുടേയും ലോകമാണിത്. പണത്തിനൊപ്പം നിരവധി ഓഫറുകളും കിഴിവുകളും ക്രെഡിറ്റ് കാർഡ് നൽകുന്നു. ഏറ്റവും സൂക്ഷമതയോടെ ഉപയോഗിക്കുന്ന ഒരാൾക്ക് ഏറ്റവും ഉപയോഗ പ്രദമായ ഒരു വസ്തുവാണ് ക്രെഡിറ്റ് കാർഡ്, ഒരു പക്ഷെ പണക്കാരനായ ഒരു കൂട്ടുകാരനെപ്പോലെ. എന്നാൽ മറുവശത്ത് അലസമായി ഉപയോഗിച്ചാൽ വലിയ സാമ്പത്തിക ബാധ്യതയാണ് ക്രെഡിറ്റ് കാർഡ് സമ്മാനിക്കുക. ഒരു പക്ഷെ ആ സാമ്പത്തിക ബാധ്യത വർഷങ്ങളോളം പിന്തുടരും.
ക്രെഡിറ്റ് കാർഡ് ബിൽ കൃത്യസമയത്ത് അടയ്ക്കുണന്നത് ഉയർന്ന ക്രെഡിറ്റ് സ്‌കോർ ലഭിക്കാൻ പ്രധാനപ്പെട്ടതാണ്. എന്നാൽ ചിലരെങ്കിലും ക്രെഡിറ്റ് കാർഡിന്റെ പേയ്മെന്റ് തുക ചെറുതായിരിക്കുമ്പോൾ അത് കൃത്യമായി തിരിച്ചടയ്ക്കാൻ തയ്യാറാകില്ല. ഒന്നോ രണ്ടോ ദിവസത്തേക്ക് പേയ്‌മെന്റ് മുടങ്ങിയാലും 100 രൂപ ഫൈൻ അടച്ചാൽ മതിയെന്നാണ് അവരുടെ ചിന്ത. എന്നാൽ ആ വീഴ്ച ഗുരുതരമായി ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമെന്ന് ആരും ചിന്തിക്കുന്നില്ല. ക്രെഡിറ്റ് സ്കോർ കുറയുന്നത് ഭാവിയിൽ വലിയ തിരിച്ചടിയുണ്ടാക്കുന്ന കാര്യമാണ്. കാരണം വായ്പയെടുക്കുന്ന സമയത്ത് കുറഞ്ഞ ക്രെഡിറ്റ് സ്കോർ വലിയ പ്രതിസന്ധിയുണ്ടാക്കും.

ബാങ്കുകളിൽ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വായ്പയെടുക്കുമ്പോൾ ആദ്യം പരിശോധിക്കപ്പെടുന്നത് വായ്പയെടുക്കുന്നയാളുടെ ക്രെഡിറ്റ് സ്‌കോറാണ്. ഉയർന്ന ക്രെഡിറ്റ് സ്കോർ, അതായത് ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യമായി തിരിച്ചടയ്ക്കുന്നയാൾക്ക് താരതമ്യേന കുറഞ്ഞ പലിശ നിരക്കിൽ ലോൺ ലഭിക്കും. എന്നാൽ കുറഞ്ഞ ക്രെഡിറ്റ് സ്കോർ, അതായത് ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യമായി തിരിച്ചടയ്ക്കാത്ത വ്യക്തിയുടെ വായ്പയ്ക്ക് ഉയർന്ന പലിശ നൽകേണ്ടി വന്നേക്കാം. ഭവന വായ്പ എടുക്കുമ്പോൾ കുറഞ്ഞ ക്രെഡിറ്റ് സ്കോർ കാരണം ലക്ഷങ്ങളുടെ നഷ്ടമുണ്ടാകും. വിശദമായി കാര്യങ്ങൾ പരിശോധിക്കാം.
ഭവന വായ്പയുമായി ക്രെഡിറ്റ് സ്കോർ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ഭവന വായ്പയ്ക്കായി ധനകാര്യ സ്ഥാപനത്തെ സമീപിക്കുമ്പോൾ ആദ്യം പരിശോധിക്കുന്നത് ക്രെഡിറ്റ് ചരിത്രവും സിബിൽ സ്‌കോറു (ക്രെഡിറ്റ് സ്‌കോർ)മാണ്. 350 നും 900 നും ഇടയിലാണ് സാധാരണ സിബിൽ സ്കോറുണ്ടാവുക. 800-ഉം അതിനുമുകളിലും ഉള്ള സിബിൽ സ്‌കോർ ഏറ്റവും മികച്ചതാണ്. അങ്ങനെയുള്ള സിബിൽ സ്കോറുള്ള വ്യക്തിക്ക് വളരെ കുറഞ്ഞ പലിശ നിരക്കിൽ ഭവന വായ്പ ലഭിക്കും. കാരണം ഉയർന്ന സിബിൽ സ്കോറുള്ള വ്യക്തിയുടെ തിരിച്ചടവ് ശേഷിയും ഉയർന്നതാണ്.
എന്നാൽ 650 നും 800 ഇടയിൽ സിബൽ സ്കോറുള്ള വ്യക്തിക്ക് ഭവന വായ്പ ലഭിക്കും. പക്ഷെ ഉയർന്ന പലിശ നിരക്ക് നൽകേണ്ടി വരും. അതേ സമയം 650 അല്ലെങ്കിൽ അതിൽ താഴെയുള്ള ക്രെഡിറ്റ് സ്കോർ വളരെ മോശമാണ്. അത്തരക്കാർ, തിരിച്ചടവ് ശേഷി വളരെ കുറഞ്ഞവരാണ്. അതുകൊണ്ടു തന്നെ ഒരു പക്ഷെ ഭവന വായ്പ ലഭിച്ചെന്നും വരില്ല. അതായത് ക്രെഡിറ്റ് സ്കോർ കുറയുമ്പോൾ വായ്പയുടെ പലിശ നിരക്ക് ഉയരും. ഒരു ഹോം ലോൺ എടുക്കുമ്പോൾ അതിന്റെ തിരിച്ചടവ് ദീർഘകാലമായിരിക്കും. അങ്ങനെ കണക്ക് കൂട്ടിയാൽ പലിശ നിരക്കിൽ 1 ശതമാനം മാറ്റം വരുത്തിയാൽപ്പോലും തിരിച്ചടവ് തുക ഗണ്യമായി ഉയരുമെന്ന് സാരം.
ഒരു ഉദാഹരണം നോക്കാം : 9.5 ശതമാനം പലിശ നിരക്കിൽ 70 ലക്ഷം രൂപ 20 വർഷത്തേക്ക് ഭവന വായ്പ എടുത്തെന്ന് കരുതുക. പ്രതിമാസ ഇഎംഐ 65,249 രൂപയായിരിക്കും. 85,59,804 രൂപ പലിശയിനത്തിൽ മാത്രം തിരിച്ചടയ്ക്കണം. അതായത് 70 ലക്ഷം രൂപയ്ക്ക് 20 വർഷം കൊണ്ട് 1,56,59,804 രൂപ തിരിച്ചടയ്ക്കണം. എന്നാൽ പലിശ നിരക്ക് 8.5 ശതമാനമാണെങ്കിലോ, പ്രതിമാസ ഇഎംഐ 60,748 രൂപയായി കുറയും. പലിശയായി നൽകേണ്ടി വരുന്നത് 75,79,430 രൂപയും മൊത്തം തിരിച്ചടവ് 1,45,79,430 രൂപ. അതായത് പലിശ നിരക്കിലെ 1 ശതമാനം വ്യത്യാസം കൊണ്ട് 10,80,374 രൂപ (ഏകദേശം 11 ലക്ഷം രൂപ) കൂടുതൽ നൽകേണ്ടി വരും. പലിശ നിരക്കിലെ വ്യത്യാസം കൂടുതലാണെങ്കിൽ, തിരിച്ചടവ് തുകയിലെ വ്യത്യാസം വളരെ വലുതായിരിക്കുമെന്നർത്ഥം.
മറ്റൊരുദാഹരണം നോക്കാം: 20 വർഷത്തേക്ക് 50 ലക്ഷം രൂപയുടെ ഭവന വായ്പയ്‌ക്കായി ബാങ്കുകളെ സമീപിക്കുന്നു എന്ന് കരുതുക. അ അപേക്ഷകന്റെ ക്രെഡിറ്റ് സ്കോർ 800 ആണെങ്കിൽ, 8.50 ശതമാനം നിരക്കിൽ വായ്പ ലഭിക്കും. അതായത് ഇഎംഐ 43, 391 രൂപയും മൊത്തം പലിശ 54.13 ലക്ഷം രൂപയും. എന്നാൽ ക്രെഡിറ്റ് സ്കോർ 700 ആണെങ്കിൽ വായ്പയുടെ പലിശ ഒരു പക്ഷെ 10.50 ശതമാനമായിരിക്കും. അതായത് ഇഎംഐ 49,919 രൂപയും ആകെ പലിശ 69.80 ലക്ഷം രൂപയും. അതായത് ക്രെഡിറ്റ് സ്കോറിൽ 100 പോയിന്റ് കുറഞ്ഞാൽ നഷ്ടം 16 ലക്ഷം രൂപ. അതുകൊണ്ടു തന്നെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ, ക്രെഡിറ്റ് ബാലൻസ് കൃത്യസമയത്ത് തിരിച്ചടയ്ക്കണം. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടാകുന്നത് സാമ്പത്തികമായ ലാഭത്തിനും കാരണമാകും.


Click it and Unblock the Notifications