ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരിക്കും. മക്കളുടെ പഠനം, മകളുടെ കല്യാണം, റിട്ടയർമെന്റ് ജീവിതം, സ്വന്തമായി വീട് വാങ്ങുക... അങ്ങനെ ലക്ഷ്യങ്ങൾ പലതാണ്. എന്നാൽ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഏറ്റവും സുരക്ഷിതമായ ഇടങ്ങളിൽ നിക്ഷേപിക്കണം എന്നതിൽ ആർക്കും രണ്ടഭിപ്രായം ഉണ്ടാകില്ല. സുരക്ഷയ്ക്കൊപ്പം കാലാവധി പൂർത്തിയാകുമ്പോൾ ഉറപ്പുള്ള വരുമാനം നൽകണം. അതുകൊണ്ടാണ് പലരും തങ്ങളുടെ പണം സർക്കാരിന്റെ പിന്തുണയുള്ള നിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കുന്നത്.
സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ള ആളുകൾക്ക്, അതായത് വ്യത്യസ്ത വരുമാനമുള്ളയാളുകൾക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപങ്ങൾ പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളിലുണ്ട്. സർക്കാർ പിന്തുണയോടെയുള്ള പദ്ധതികൾ എന്ന നിലയിൽ ഈ പദ്ധതി സുരക്ഷയും നല്ല വരുമാനം വാഗ്ദാനം ചെയ്യുന്നു. വിരമിക്കലിന് ശേഷമുള്ള സ്ഥിര വരുമാനത്തെക്കുറിച്ച് ആശങ്കയുള്ളവർക്ക് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ ചേരാം.

പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി
ലഘു സമ്പാദ്യ പദ്ധതിയാണ് പോസ്റ്റ് ഓഫിസ് മാസവരുമാന പദ്ധതി അഥവാ എംഐഎസ് സ്‌കീം. ഇത് പ്രകാരം നിക്ഷേപിക്കുന്ന തുകയുടെ പലിശ പ്രതിമാസം ലഭിക്കുകയും, നിക്ഷേപിച്ച തുക മുഴുവൻ കാലാവധിയിൽ ലഭിക്കുകയും ചെയ്യും. വ്യക്തിഗത അക്കൗണ്ടും പ്രായ പൂർത്തിയായവർക്ക് ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. കുറഞ്ഞത് 1000 രൂപ ഉപയോഗിച്ച് ഒരു അക്കൗണ്ട് തുറക്കാം. പ്രായപൂർത്തിയാവാത്തവരുടെ പേരിൽ രക്ഷിതാക്കൾക്കും അക്കൗണ്ട് ആരംഭിക്കാം. പ്രായപൂർത്തിയാകാത്ത ഒരാൾക്ക് വേണ്ടി ഒരു രക്ഷിതാവ് തുറക്കുന്ന അക്കൗണ്ടിന്റെ പരിധി പ്രത്യേകമായിരിക്കും.
1000 രൂപയുടെ ഗുണിതങ്ങളായി 9 ലക്ഷം രൂപ വരെ സിംഗിൾ അക്കൗണ്ടിൽ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷമാണ് പരിധി.ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് അക്കൗണ്ടുടമകൾക്ക് തുല്യ പങ്കാളിത്തമായിരിക്കും.
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ ഗുണങ്ങൾ
1. എല്ലാ മാസവും ഉറപ്പായ വരുമാനം.
2. ഫിക്സഡ് ഡിപ്പോസിറ്റുകൾ പോലുള്ള മറ്റ് സ്ഥിര വരുമാന സ്രോതസ്സുകളേക്കാൾ ഉയർന്ന പലിശ നിരക്ക്.
3. 1000 രൂപ മുതൽ അക്കൗണ്ട് ആരംഭിക്കാം
4. നിക്ഷേപ കാലാവധി അഞ്ച് വർഷം
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിക്ക് വർഷത്തിൽ 7.4 ശതമാനം പലിശ നൽകുന്നുണ്ട്. പ്രതിമാസത്തിൽ പലിശ വിതരണം ചെയ്യും. സേവിംഗ്സ് അക്കൗണ്ടിലേക്കാണ് പലിശ ക്രെഡിറ്റ് ചെയ്യുക. നിക്ഷേപം ആരംഭിച്ച് 1 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് പിന്‍വലിക്കാന്‍ സാധിക്കില്ല. 1 വര്‍ഷം പൂര്‍ത്തിയാക്കി 3 വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുമ്പോള്‍ നിക്ഷപിച്ച തുകയില്‍ നിന്ന് 2 ശതമാനം പിഴയായി ഈടാക്കും. 3-5 വര്‍ഷത്തിനിടെ പിന്‍വലിച്ചാല്‍ നിക്ഷേപത്തിന്റെ 1 ശതമാനം പിഴ ഈടാക്കും.
കാൽക്കുലേറ്റർ
9 ലക്ഷം രൂപ വ്യക്തിഗത അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിലൂടെ മാസം 9,250 രൂപ ലഭിക്കും. എന്നാൽ ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം നിക്ഷേപിച്ചാൽ മാത്രമെ മാസം 9,250 രൂപ ലഭിക്കുകയുള്ളു. ആദ്യ നിക്ഷേപം നടത്തി ഒരു മാസത്തിനു ശേഷം പണം ലഭിച്ചു തുടങ്ങും.
എങ്ങനെ അക്കൗണ്ടെടുക്കാം
അപേക്ഷ ഫോം, കെവൈസി ഫോം എന്നിവ പൂരിപ്പിച്ച് ആധാർ കാർഡ്, പാൻ കാർഡ് എന്നിവ സഹിതം പോസ്റ്റ് ഓഫീസിൽ സമർപ്പിച്ചാൽ പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതിയുടെ അക്കൗണ്ടെടുക്കാം. പ്രായപൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനും പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ ചേരാം. 10 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് വേണ്ടി രക്ഷിതാവിന് അക്കൗണ്ടൈടുക്കാം. 10 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സ്വന്തം പേരിലും അക്കൗണ്ടെടുക്കാം.


Click it and Unblock the Notifications