വെറും 2,320 രൂപ മതി, 10 ലക്ഷത്തിൻ്റെ ചിട്ടി പുഷ്പം പോലെ അടക്കാം.. കെഎസ്എഫ്ഇയുടെ കിടിലൻ ചിട്ടി
കെഎസ്എഫ്ഇ ചിട്ടികൾ കേരളത്തിലെ ഏറ്റവും മികച്ച നിക്ഷേപ ഓപ്ഷനുകളിലൊന്നാണ്. ഒരേ സമയം നിക്ഷേപത്തിൻ്റെയും വായ്പയുടെയും സ്വഭാവമുള്ള ചിട്ടികൾ വിവിധ കാലാവധിയിൽ ലഭ്യമാണ്. പെട്ടെന്ന് പണത്തിന് ആവശ്യമില്ലാത്തവർക്ക് എപ്പോഴും 100 മാസത്തെ സാധാരണ ചിട്ടിയിൽ ചേരുന്നതാണ് നല്ലത്. ഇത് ഏകദേശം 9 വർഷത്തോളം കാലാവധി കണക്കാക്കേണ്ടി വരുന്നു. 100 മാസത്തെ ചിട്ടികൾ ദീർഘകാല ചിട്ടികളാണ്.
സ്ഥിരമായി എല്ലാ മാസവും അടക്കാൻ 10,000 രൂപയുണ്ടോ? എങ്കിൽ പ്രതിമാസം 10,000 രൂപ അടയ്ക്കുന്ന 100 മാസത്തെ 10 ലക്ഷത്തിന്റെ ചിട്ടിയിൽ ചേരാം. ദീർഘകാലത്തേക്ക് വലിയൊരു തുക സ്വന്തമാക്കാനാവും. സാധാരണയായി വീട് വെക്കാനും, വീടിൻ്റെ അറ്റകുറ്റപ്പണികൾക്കും, മക്കളുടെ വിദ്യാഭ്യാസത്തിനുമെല്ലാം ആളുകൾ ചിട്ടിയിലൂടെ പണം സമ്പാദിക്കാറുണ്ട്..
100 മാസത്തിൽ 10 ലക്ഷം ചിട്ടി
ഇതൊരു ദീർഘകാല ചിട്ടിയാണ്. അതിനാൽ കൂടുതൽ ലാഭവിഹിതം കിട്ടാൻ സാധ്യതയുള്ള ചിട്ടിയാണിത്. ഈ 100 മാസത്തെ ചിട്ടിയിൽ ഏകദേശം 1.5 ലക്ഷം രൂപ വരെ ഡിവിഡൻഡ് കിട്ടാൻ സാധ്യതയുണ്ട്. ദീർഘകാല ചിട്ടികൾ ആദ്യ മാസങ്ങളിൽ തന്നെ ലഭിക്കുന്നത് നല്ലതാണ്. സാമ്പത്തിക ആവശ്യങ്ങൾക്ക് വായ്പ എടുക്കുന്നതിനേക്കാൾ നേട്ടം ഇത്തരം ചിട്ടികളിലൂടെ നേടാം. അതിനാൽ ആദ്യ മാസങ്ങളിൽ പണം ലഭിച്ചാൽ നിങ്ങളുടെ ആവശ്യങ്ങൾ പെട്ടെന്ന് പൂർത്തീകരിക്കാൻ സാധിക്കുന്നു.
ഇതൊരു സാധാരണ ചിട്ടിയാണ്, അതിനാൽ ലേലത്തിൽ 30% താഴ്ത്തി വിളിക്കാൻ നിരവധി ആളുകളുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെയാണ് ആ മാസത്തെ ഭാഗ്യവാനെ കണ്ടെത്തുന്നത്. എന്നാൽ കൂടുതൽ ആളുകളില്ലെങ്കിൽ 30% താഴ്ത്തി ചിട്ടി വിളിച്ചെടുക്കാം. ഈ ചിട്ടിയുടെ ഫോർമാൻ കമ്മീഷൻ 50,000 രൂപയാണ്. ഈ ഫോർമാൻ കമ്മീഷൻ ഉൾപ്പെടെയാണ് ചിട്ടി 30 ശതമാനം താഴ്ത്തി വിളിക്കുന്നത്. ഇതിനു പുറമേ ഈ ചിട്ടി ലഭിച്ചാൽ ജിഎസ്ടിയായി 9,000 രൂപയും, 236 രൂപ ഡോക്യുമെന്റേഷൻ ചാർജും ഈടാക്കും.

ഈ ചിട്ടി 30% താഴ്ത്തി വിളിച്ചാൽ ലഭിക്കുന്നത് 7 ലക്ഷം രൂപയാണ്. എന്നാൽ പരമാവധി 9.50 ലക്ഷം രൂപ വരെ കിട്ടാൻ സാധ്യതയുണ്ട്. ഈ ചിട്ടിത്തുക പെട്ടെന്ന് ആവശ്യമുള്ളവർക്ക് മേൽവായ്പയ്ക്കുള്ള ജാമ്യം കൊടുത്ത് പണം പിൻവലിക്കാം.. എന്നാൽ സാമ്പത്തിക ആവശ്യം പെട്ടെന്ന് ഇല്ലാത്തവർക്ക് കെഎസ്എഫ്ഇയിൽ തന്നെ നിക്ഷേപിച്ച് നിക്ഷേപം വളർത്താൻ സാധിക്കും. അതിനെ കുറിച്ച് വിശദമായി പരിശോധിക്കാം.
ലാഭവിഹിതം എത്രയാണ്?
10 ലക്ഷത്തിൻ്റെ ഈ ചിട്ടിയിൽ ആദ്യ മാസം അടക്കേണ്ടത് 10,000 രൂപയാണ്. എന്നാൽ രണ്ടാമത്തെ മാസം മുതൽ 7,500 രൂപ അടച്ചാൽ മതി. അതായത് ചിട്ടി ആദ്യ 50 മാസം വരെയെങ്കിലും 30% താഴ്ത്തി വിളിക്കാനാണ് സാധ്യത. അതിനാൽ ലാഭവിഹിതം 2,500 രൂപ ലഭിക്കുന്നു. അതിനാൽ രണ്ടാമത്തെ മാസം മുതൽ 10,000 എന്ന വലിയ തുക കരുതേണ്ടതില്ല.
പക്ഷേ ചിട്ടിക്കാലാവധി അവസാനിക്കുന്നതു വരെ ഇതേ തുകയിൽ മുന്നോട്ട് പോവില്ല. 8000, 9000, മുതൽ കാലാവധി അവസാനിക്കാറാവുമ്പോൾ 10000 രൂപ വരെ പ്രതിമാസം അടക്കേണ്ടി വരും.
ചിട്ടിത്തുക കെഎസ്എഫ്ഇയിൽ നിക്ഷേപിക്കാം...
നിലവിൽ കെഎസ്എഫ്ഇയുടെ സിഎസ്ഡിടി അനുസരിച്ച് ചിട്ടിത്തുക നിക്ഷേപിച്ചാൽ 9% പലിശ ലഭിക്കും. ഈ 10 ലക്ഷത്തിൻ്റെ കെഎസ്എഫ്ഇ ചിട്ടിയിൽ നിക്ഷേപിച്ചാൽ എത്ര രൂപ പലിശ കിട്ടും.? നിങ്ങൾ ചിട്ടി ആരംഭിച്ച് ആദ്യ ലേലത്തിൽ തന്നെ 30% താഴ്ത്തി വിളിച്ചാൽ 7 ലക്ഷം ലഭിക്കും. ഈ 7 ലക്ഷത്തിൽ നിന്ന് ജിഎസ്ടിയും ഡോക്യുമെന്റേഷൻ ചാർജും ഈടാക്കിയാൽ നിങ്ങൾക്ക് ലഭിക്കുന്നത് 6,90,764 രൂപയാണ്.
ഈ തുക കെഎസ്എഫ്ഇ സിഎസ്ഡിടിയിൽ നിക്ഷേപിച്ചാൽ ഒരു വർഷത്തെ പലിശയിനത്തിൽ ലഭിക്കുന്നത് 62168 രൂപയാണ്. അതായത് പ്രതിമാസം 5180 രൂപ ലഭിക്കും. ആദ്യ ചിട്ടിയിൽ തന്നെ ചിട്ടിത്തുക ലഭിച്ച് അത് രണ്ടാമത്തെ മാസം തന്നെ കെഎസ്എഫ്ഇയിൽ നിക്ഷേപിക്കുമ്പോൾ മൂന്നാമത്തെ മാസം മുതലാണ് ഈ പലിശ ലഭിച്ചു തുടങ്ങുന്നത്. ലാഭവിഹതവും നിക്ഷേപത്തിലെ പ്രതിമാസ പലിശയും കണക്കാക്കിയാൽ മൂന്നാം മാസം മുതൽ നിങ്ങൾ ചിട്ടിയിലേക്ക് 2320 രൂപ മാത്രം അടച്ചാൽ മതി.
നിങ്ങൾ കാലാവധി അവസാനിക്കുന്നതു വരെ ഈ ചിട്ടി വിളിക്കാതെ നിക്ഷേപം തുടരാനാണ് ആഗ്രഹം എങ്കിൽ പരമാവധി തുകയായ 9.5 ലക്ഷം ഉറപ്പാക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications


