കെ.എസ്.എഫ്.ഇ ചിട്ടികൾ എല്ലാ നിക്ഷേപകർക്കും ഒരുപോലെ സാമ്പത്തിക നേട്ടം വാഗ്ദാനം ചെയ്യുന്നു. ഒരു ബാങ്ക് ലോൺ വഴി പണം എടുക്കുന്നതിലും ലളിതമായി കെ.എസ്.എഫ്.ഇയിലൂടെ വലിയ തുക സമ്പാദിക്കാം. കെ.എസ്.എഫ്.ഇ എന്നത് വെറും ചിട്ടിക്കമ്പനിയല്ല. എന്നാൽ കെ.എസ്.എഫ്.ഇ എന്ന പേര് ജനകീയമായത് ചിട്ടിയുടെ പേരിലാണ്. നിലവിൽ ഒട്ടനവധി ചിട്ടികളാണ് കെ.എസ്.എഫ്.ഇ നിക്ഷേപകർക്കായി വാഗ്ദാനം ചെയ്യുന്നത്.
100 മുതൽ 120 മാസം വരെയുള്ള ചിട്ടികളാണ് കെ.എസ്.എഫ്.ഇയിൽ ഉള്ളത്. ഒരേ സമയം ഒരു വായ്പാ സ്വഭാവവും എന്നാൽ നിക്ഷേപ സ്കീം പോലെ പ്രവർത്തിക്കുകയും ചെയ്യുന്ന കെ.എസ്.എഫ്.ഇ ചിട്ടികൾ സാധാരണക്കാർക്കും ബിസിനസുകാർക്കും ഒരേപോലെ നേട്ടം നൽകുന്നു.
നിങ്ങൾക്ക് 50 ലക്ഷം വേണോ? എങ്കിൽ കെ.എസ്.എഫ്.ഇയുടെ സാധാരണ ചിട്ടിയിലൂടെ പലിശയില്ലാതെ സ്വന്തമാക്കാം. 50 ലക്ഷം എന്നത് പലരുടേയും ലക്ഷ്യം ആയിരിക്കും. ചിലർക്ക് പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായിരിക്കും ഈ ചിട്ടിയിൽ ചേരുന്നത്. എന്നാൽ ശ്രദ്ധിക്കേണ്ടത് ഇത് 100 മാസത്തെ കാലാവധിയുള്ള ചിട്ടിയാണ്. അതായത് 9 വർഷം വരെയാണ് ചിട്ടിയുടെ കാലാവധി വരുന്നത്. നിങ്ങളുടെ തിരിച്ചടവ് ശേഷിക്ക് അനുസരിച്ച് ഈ ചിട്ടിയിൽ ചേരാം....
50 ലക്ഷത്തിൻ്റെ സാധാരണ ചിട്ടി...
100 മാസത്തെ കാലാവധിയിൽ ഏതൊരു നിക്ഷേപകനും ചേരാവുന്ന ചിട്ടിയാണിത്. ഇവിടെ പ്രതിമാസം 50,000 രൂപ തിരിച്ചടവായിരിക്കും. ഭൂമി വാങ്ങുക, കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിന്, വിവാഹത്തിന്, വീട് വാങ്ങിക്കുന്നതിന് തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് ഈ തുക ഉപയോഗിക്കാം. ഇത്തരം വലിയ സാമ്പത്തിക ലക്ഷ്യങ്ങൾ ഉള്ളവർക്ക് ഇതൊരു നല്ല തിരഞ്ഞെടുപ്പായിരിക്കും.
ഇവിടെ ലേലത്തിൽ നിങ്ങൾ 30% താഴ്ത്തി വിളിച്ചാൽ 35 ലക്ഷം വരെയാണ് ലഭിക്കുന്നത്. എന്നാൽ കാലാവധി അവസാനിക്കുന്നതു വരെ നിക്ഷേപിച്ചാൽ നിങ്ങൾക്ക് 47 ലക്ഷം വരെയും ലഭിക്കും. ഒരുപക്ഷേ ആദ്യ ലേലത്തിൽ 30% താഴ്ത്തി വിളിക്കാൻ ഒന്നിലധികം ആളുകളുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുക.

30 ശതമാനം കിഴിവിൽ എത്ര മാസം വരെ ലേലം വിളിക്കുന്നുണ്ടോ അത്രയും നാൾ 35 ലക്ഷം രൂപയാണ് ലഭിക്കുക. പിന്നീട് അത് 38 ലക്ഷവും, 40 ലക്ഷവും, 45 ലക്ഷവും അവസാനം 47 ലക്ഷം വരെയും എത്തും.
കെ.എസ്.എഫ്.ഇ തന്നെ നിക്ഷേപിക്കാം...
ചിട്ടിയിൽ ചേർന്ന് ആദ്യത്തെ മാസം 50,000 രൂപ അടക്കണം. എന്നാൽ ആദ്യ ലേലത്തിൽ തന്നെ നിങ്ങൾക്ക് ചിട്ടി കിട്ടിയാൽ ആ തുക പിൻവലിക്കാതെ കെ.എസ്.എഫ്.ഇയിൽ തന്നെ നിക്ഷേപിക്കാം. നിലവിലെ പലിശ അനുസരിച്ച് 8.75 ശതമാനം പലിശ നിരക്കോടെ നിങ്ങൾക്ക് ആ നിക്ഷേപത്തിൽ നിന്ന് വരുമാനം ഉറപ്പാക്കാം. അതായത് രണ്ടാമത്തെ മാസം ചിട്ടിപ്പണം കിട്ടിയാൽ അപ്പോൾ തന്നെ നിക്ഷേപിച്ചാൽ ഇതിൽ പലിശത്തുക ലഭിച്ചു തുടങ്ങുക മൂന്നാമത്തെ മാസം മുതലാണ്.
ലേലത്തിൽ 30 ശതമാനം കിഴിവിൽ ചിട്ടി വിളിച്ചാൽ രണ്ടാമത്തെ മാസം മുതൽ അടക്കേണ്ടത് 37,500 രൂപയായിരിക്കും.
നിക്ഷേപത്തിലൂടെ പലിശ എത്ര?
ആദ്യ ചിട്ടിയിൽ ജി.എസ്.ടിയും ഡോക്യുമെൻ്റേഷൻ ചാർജും ഈടാക്കിയാൽ ലഭിക്കുന്നത് 34,54,764 രൂപയാണ്. ഈ തുകയ്ക്ക് ഒരു വർഷത്തേക്ക് ലഭിക്കുന്ന പലിശ തുക 3,02,291 രൂപയാണ്. അതായത് ഓരോ മാസവും 25,190 രൂപയാണ് പലിശയായി ലഭിക്കുക. ഈ പലിശയും ഡിവിഡൻ്റും കിഴിച്ചാൽ മൂന്നാമത്തെ മാസം മുതൽ 12,310 രൂപയാണ് പ്രതിമാസ തുക നിങ്ങൾക്ക് അടക്കേണ്ടി വരുന്നത്. അതായത് പലിശ തുക പ്രതിമാസ തിരിച്ചടവിലേക്ക് ഈടാക്കും..
നിക്ഷേപത്തിലൂടെ മൊത്തം കാലാവധിയിൽ നിങ്ങൾക്ക് ലഭിക്കുന്ന പലിശ 24,68,620 ലക്ഷം ഉറപ്പാക്കാം. ഈ ചിട്ടിയിലൂടെ ഏകദേശം 6 ലക്ഷത്തിലധികം ഡിവിഡൻ്റ് കിട്ടാൻ സാധ്യതയുണ്ട്. സാധാരണ ഒരു ബാങ്ക് ലോൺ എടുത്താൽ നിങ്ങൾക്ക് മുതലിനേക്കാൾ ഉയർന്ന പലിശ അടക്കേണ്ടി വരും.


Click it and Unblock the Notifications