നറുക്കെടുപ്പിലൂടെ 6.8 ലക്ഷം കിട്ടും, കെഎസ്എഫ്ഇയുടെ ഒരു കിടിലൻ മൾട്ടിഡിവിഷൻ ചിട്ടി- ചേരുന്നോ?
കെഎസ്എഫ്ഇ ചിട്ടികൾ നിക്ഷേപകർക്കിടയിൽ ജനപ്രിയമാണ്. വ്യത്യസ്ത കാലാവധിയുള്ള ചിട്ടികളാണ് കെഎസ്എഫ്ഇ എപ്പോഴും അവതരിപ്പിക്കുന്നത്. സാധാരണ ചിട്ടി പോലെ മൾട്ടിഡിവിഷൻ ചിട്ടികളിലും ആളുകൾ അംഗമാവുന്നുണ്ട്. സാധാരണ ചിട്ടിയിൽ നിന്നും വ്യത്യസ്തമായി മൾട്ടിഡിവിഷനിൽ ഓരോ മാസവും 4 പേർക്കാണ് ചിട്ടി കിട്ടുന്നത്. 4 പേരിൽ ഒരാൾക്ക് മുഴുവൻ ചിട്ടിത്തുകയും നറുക്കെടുപ്പിലൂടെ ലഭിക്കുന്നു.
മൾട്ടിഡിവിഷനിൽ ചേരാൻ താത്പര്യമുള്ളവർക്ക് കെഎസ്എഫ്ഇ പുതിയൊരു ചിട്ടി ആരംഭിച്ചിട്ടുണ്ട്. പ്രതിമാസം 12,000 രൂപ നിക്ഷേപിച്ച് 60 മാസത്തെ കാലാവധിയുള്ള 7,20,000 രൂപയുടെ മൾട്ടി ഡിവിഷൻ ചിട്ടിയാണിത്. ആദ്യ മാസങ്ങളിൽ 4ൽ മൂന്ന് പേർക്ക് 35% വരെ താഴ്ത്തി വിളിക്കാൻ പറ്റിയ രീതിയിലാണ് ഈ ചിട്ടിയുള്ളത്. അതായത് 35% വരെ താഴ്ന്ന് പോകുമ്പോൾ രണ്ടാമത്തെ മാസം മുതൽ നിങ്ങൾ ചിട്ടിയിലേക്ക് പ്രതിമാസം അടക്കേണ്ടി വരുന്നത് 9300 രൂപയാണ്.
മിഡിൽ ക്ലാസുകാർക്ക് ചേരാവുന്ന മികച്ച ചിട്ടികളിലൊന്നാണിത്. മൾട്ടിഡിവിഷനിൽ നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ 5% ഫോർമാൻ കമ്മീഷൻ ഒഴികേ മൊത്തം തുകയും നറുക്കിലൂടെ നേടാനാവും. എന്നാൽ നിങ്ങളുടെ സാമ്പത്തിക ആവശ്യത്തിന് അനുസരിച്ച് ഈ ചിട്ടിയെ സമീപിക്കാം. പെട്ടെന്ന് സാമ്പത്തിക ആവശ്യം വന്നാൽ ലേലത്തിൽ പങ്കെടുത്ത് ചിട്ടി വിളിക്കുക.
ചിട്ടി വിളിച്ചാൽ എന്തു ചെയ്യും?
നിങ്ങൾക്ക് പണത്തിന് അത്യാവശ്യമുണ്ടെങ്കിൽ ലേലത്തിൽ ചിട്ടി വിളിച്ചെടുക്കാം. കെഎസ്എഫ്ഇ ആവശ്യപ്പെടുന്ന ജാമ്യം നൽകാനുണ്ടെങ്കിൽ ആ പണം ഉടനടി പിൻവലിക്കാം. എന്നാൽ കെഎസ്എഫ്ഇ ചിട്ടിയെ ഒരു മികച്ച സമ്പാദ്യ മാർഗമായി കാണുന്നവർക്ക് ഈ ചിട്ടിത്തുക കെഎസ്എഫ്ഇയിൽ തന്നെ ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇൻ ട്രസ്റ്റിൽ നിക്ഷേപിക്കുന്നത് ഉചിതമായിരിക്കും. നിങ്ങൾ ചിട്ടി നിക്ഷേപിക്കുന്ന മാസം മുതൽ ബാക്കി ചിട്ടിക്കാലാവധി അവസാനിക്കുന്നതു വരെ പ്രതിവർഷം 8.50% പലിശ നേടാം. ഇത് സാധാരണ എഫ്.ഡി പലിശയേക്കാൾ ഉയർന്നതാണ്.

എത്ര രൂപ വരെ ചിട്ടി കിട്ടും?
7,20,000 രൂപയുടെ ഈ ചിട്ടിയുടെ ഫോർമാൻ കമ്മീഷൻ 36,000 രൂപയാണ്. അപ്പൊ ഈ 36,000 രൂപയുടെ 18% ആണ് ജിഎസ്ടി. ഒപ്പം ഇതിൽ ഡോക്യുമെൻ്റേഷൻ ചാർജും ഈടാക്കും. മൾട്ടിഡിവിഷനിൽ എല്ലാ മാസവും ഒരാൾക്ക് നറുക്കെടുപ്പിലൂടെ മുഴുവൻ തുകയും ലഭിക്കുന്നു. ഇതിൽ 5% ഫോർമാൻ കമ്മീഷൻ ഈടാക്കിയാൽ ഒരാൾക്ക് ലഭിക്കുന്നത് 6,84,000 രൂപയാണ്. ബാക്കി മൂന്ന് പേർക്ക് 35% താഴ്ത്തി ചിട്ടി വിളിച്ചാൽ ഓരോരുത്തർക്കും 4,68,000 രൂപയും ലഭിക്കുന്നു.
വലിയൊരു സാമ്പത്തിക ലക്ഷ്യമുള്ളവർക്ക് ഈ ചിട്ടി മികച്ച തിരഞ്ഞെടുപ്പായിരിക്കും. ഇത് കൃത്യം 5 വർഷത്തെ കാലാവധിയാണ്. ആദ്യത്തെ നറുക്കെടുപ്പിൽ തന്നെ നിങ്ങളുടെ പേര് നറുക്കിൽ വീണാൽ ഒറ്റയടിക്ക് 6.8 ലക്ഷം ലഭിക്കും. ഇത് കെഎസ്എഫ്ഇയിൽ തന്നെ നിക്ഷേപിച്ചാൽ വലിയൊരു തുക പലിശയിനത്തിലും നേടാനാവും.
ഈ ചിട്ടി എവിടെ കിട്ടും?
കെഎസ്എഫ്ഇ പട്ടാമ്പി, കൂറ്റനാട് ബ്രാഞ്ചിൽ ആരംഭിച്ച മൂന്ന് വ്യത്യസ്ത ചിട്ടികളിലൊന്നാണിത്. ഈ മൾട്ടിഡിവിഷൻ ഏറെ പ്രത്യേകതകളുള്ള ചിട്ടിയാണ്. സാധാരണ 6 ലക്ഷം, 7 ലക്ഷം, 8 ലക്ഷം എന്നിങ്ങനെയാണ് ചിട്ടിത്തുക നൽകുന്നത്. എന്നാൽ ഇത് 7,20,000 രൂപയാണ്.
കെഎസ്എഫ്ഇ ഹാർമണി ചിട്ടീസ് 2025
ഏപ്രിൽ 1 മുതൽ 2026 ഫെബ്രുവരി വരെയുള്ള കെഎസ്എഫ്ഇയുടെ പുതിയ സ്കീമാണ് കെഎസ്എഫ്ഇ ഹാർമണി ചിട്ടീസ് 2025. ഏപ്രിൽ 1 മുതൽ ആരംഭിച്ച ചിട്ടികളെല്ലാം ഈ സ്കീമിൻ്റെ കീഴിലാണ്. ഈ പദ്ധതി പ്രകാരം ബമ്പർ സമ്മാനം നേടുന്ന 100 ഭാഗ്യശാലികൾക്ക് സിംഗപ്പൂരിലേക്കുള്ള യാത്രയാണ് ലഭിക്കുന്നത്. മാത്രമല്ല ബ്രാഞ്ച് അടിസ്ഥാനത്തിൽ ഫ്യുവൽ കാർഡും ലഭിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications


