കോവിഡ് പഠിപ്പിച്ച സാമ്പത്തിക പാഠങ്ങള്‍; സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഒരു തിരിഞ്ഞു നോട്ടം
അടിസ്ഥാന സാമ്പത്തിക ആസൂത്രണങ്ങള്‍ ജീവിതത്തില്‍ പാലിക്കേണ്ടതിന്റെ അനിവാര്യത വലിയൊരു വിഭാഗം പേര്‍ക്കും ഈ കോവിഡ് കാലത്ത് ബോധ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ലോകത്തിന്റെ എല്ലാ ഭാഗത്തുള്ള മനുഷ്യര്‍ക്കും കോവിഡ് രോഗ വ്യാപനത്തിന്റെ ഒന്നാം ഘട്ടം വലിയ സാമ്പത്തിക പ്രയാസങ്ങളാണ് സമ്മാനിച്ചത്. അതിന് മുമ്പ് സമീപ കാലത്തൊന്നും ഇത്രയും വലിയ അളവിലുള്ള തൊഴില്‍ നഷ്ടങ്ങളോ ശമ്പളം വെട്ടിക്കുറയ്ക്കുന്ന സാഹചര്യമോ ഇന്ത്യയിലും ഉണ്ടായിട്ടില്ല. എങ്കിലും കോവിഡ് കാലം നമ്മളെ പഠിപ്പിച്ച സാമ്പത്തിക പാഠങ്ങളും അനവധിയാണ്.
അടിസ്ഥാന സാമ്പത്തിക ആസൂത്രണങ്ങള്‍ ജീവിതത്തില്‍ പാലിക്കേണ്ടതിന്റെ അനിവാര്യത വലിയൊരു വിഭാഗം പേര്‍ക്കും ഈ കോവിഡ് കാലത്ത് ബോധ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പ്രതീക്ഷിക്കാതെ കടന്നുവരുന്ന അടിയന്തിര സാമ്പത്തിക ആവശ്യങ്ങളെ അഭിമുഖീകരിക്കുവാന്‍ ഒരു എമര്‍ജന്‍സി ഫണ്ട് തയ്യാറാക്കി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും, ആരോഗ്യ,ജീവിത പരിരക്ഷ ഉറപ്പുനല്‍കുന്ന ലൈഫ് ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ മടിക്കാതെ വാങ്ങിക്കേണ്ടതിന്റെയും, നിക്ഷേപങ്ങള്‍ ഉണ്ടായിരിക്കേണ്ടതിന്റെയും ജീവിത ശൈലിയ്ക്കായി കടം വാങ്ങി പണം കണ്ടെത്തരുത് എന്നു തുടങ്ങി ഇക്കാലയളവില്‍ നാം പഠിച്ച നിരവധി പാഠങ്ങളുണ്ട്.
മുന്നൊരുക്കങ്ങള്‍ വേണം
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളുടെയും ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെയും വില്‍പ്പനയില്‍ ഉണ്ടായ വര്‍ധനവും വ്യക്തികള്‍ മോറട്ടോറിയം തെരഞ്ഞെടുക്കുന്നത് കൂടിയതും പലരും ഇത്തരത്തില്‍ ഒരു സാമ്പത്തിക പ്രയാസത്തെ നേരിടാന്‍ തക്കതായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നില്ല എന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. ഒരാളുടെ ജീവിതത്തില്‍ ഒരൊറ്റ തവണയൊക്കെ മാത്രമേ ഇത്തരത്തില്‍ സാമ്പത്തികമായി പൂര്‍ണമായും തളര്‍ത്തുന്ന സംഭവങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ളൂ. അതിനുള്ള സാധ്യതകളും വളരെ വിരളമാണ്. എന്നാല്‍ അവയുടെ വരവ് നമുക്ക് മുന്‍കൂട്ടി പ്രവചിക്കുവാനും സാധിക്കുകയില്ല. എന്നാല്‍ അത്തരമൊരു സംഭവത്തിന്റെ വരവ് നമ്മുടെ കുടുംബത്തിന്റെ സാമ്പത്തിക നിലയെ എന്നന്നേക്കുമായി തകര്‍ത്തേക്കാം. യഥാര്‍ഥത്തില്‍ ആളുകള്‍ക്ക് സാമ്പത്തിക ആസൂത്രണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ അറിയാത്തതല്ല കാര്യം, അവര്‍ അതിന് അര്‍ഹിച്ച പ്രാധാന്യം നല്‍കുന്നില്ല എന്നതാണ്. സാമ്പത്തിക വിദഗ്ധരും ഇതേ കാര്യമാണ് പറയുന്നത്. കോവിഡ് മഹാമാരിയില്‍ നിന്നും നമ്മള്‍ പഠിച്ച സാമ്പത്തിക പാഠങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം. ഒപ്പം അവ ഇനിയൊരിക്കലും മറക്കാതിരിക്കാനും ശ്രദ്ധിക്കാം.
ആസ്തികള്‍ അടിയന്തിര ആവശ്യങ്ങള്‍ക്കുള്ളതല്ല
വായ്പ എടുത്തിട്ടുള്ള മിക്ക വ്യക്തികളും മോറട്ടോറിയം തിരഞ്ഞെടുത്തുവെന്നാണ് ബാങ്കുകള്‍ പറയുന്നത്. അടിയന്തിര സാഹചര്യങ്ങളില്‍ വിനിയോഗിക്കുവാനായി തങ്ങളുടെ അക്കൗണ്ടില്‍ മതിയായ പണം ഉണ്ടായിരിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചുവെന്നും ബാങ്കുകള്‍ വ്യക്തമാക്കുന്നു. വായ്പ എടുത്തിരിക്കുന്ന വ്യക്തികള്‍ക്ക് അടിയന്തിര ആവശ്യങ്ങള്‍ വരികയാണെങ്കില്‍ അത് നിര്‍വഹിക്കുന്നതിനായി മറ്റ് ആസ്തികള്‍ സ്വന്തമായി ഇല്ലാത്തതിനാലല്ല ഇങ്ങനെ ഒരു തീരുമാനം. ആ ആസ്തികള്‍ ഇത്തരമൊരു സമയത്ത് പെട്ടെന്ന് പണമാക്കി മാറ്റുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണെന്നും ബാങ്കുകള്‍ കൂട്ടിച്ചേര്‍ത്തു.
എമര്‍ജന്‍സി ഫണ്ട് എന്ത് ? എങ്ങിനെ?
പെട്ടെന്ന് ഒരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടു എന്ന് കരുതുക. പുതിയ ജോലി കണ്ടെത്തി വരുമാനം വന്ന് തുടങ്ങുവാന്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നും വിചാരിക്കുക. ഒരു വര്‍ഷത്തെ ജീവിതച്ചിലവിനായി ചുരുങ്ങിയത് 6 ലക്ഷം രൂപയെങ്കിലും നിങ്ങള്‍ക്ക് വേണം. സ്വന്തമായി വീടും കുറച്ച് സ്വര്‍ണവുമൊക്കെ നിങ്ങള്‍ക്ക് ഉണ്ട്. വീട് വിറ്റാല്‍ ആവശ്യമായതിനേക്കാള്‍ ഏറെ അധികം തുക ലഭിക്കുമെങ്കിലും നിങ്ങളത് വില്‍ക്കാന്‍ തയ്യാറാകുമോ? ഇല്ല എന്ന് തന്നെയാകും ഉത്തരം. പിന്നെ സ്വര്‍ണത്തിന്റെ കാര്യത്തില്‍ വലിയ വൈകാരിക മൂല്യങ്ങളൊക്കെ കാണുന്ന ഇന്ത്യന്‍ പാരമ്പര്യത്തില്‍ മുന്‍പിന്‍ നോക്കാതെ കൈയ്യിലുള്ള സ്വര്‍ണം വിറ്റൊഴിവാക്കാനും നിങ്ങള്‍ക്ക് സാധിക്കും. അപ്പോള്‍ പെട്ടെന്ന് ഒരു ദിവസം വലിയൊരു തുക കണ്ടെത്താന്‍ എന്താണൊരു മാര്‍ഗം. അതിനുള്ള ഉത്തരമാണ് എമര്‍ജന്‍സി ഫണ്ടുകള്‍. എമര്‍ജന്‍സി ഫണ്ട് കരുതുന്ന്ത പെട്ടെന്ന് വലിയൊരു തുക നമുക്ക് ആവശ്യമായി വരുമ്പോള്‍ എളുപ്പം പണം കണ്ടെത്താന്‍ സാധിക്കുന്നു.
എമര്‍ജന്‍സി ഫണ്ട് തയ്യാറാക്കുമ്പോള്‍
- ചുരുങ്ങിയത് 12 മാസത്തെ നിങ്ങളുടെ ചിലവ് കണക്കാക്കിയാകണം എമര്‍ജന്‍സി ഫണ്ട് തയ്യാറേക്കേണ്ടത്. അതില്‍ കൂടുതലായി എത്ര തുക വകയിരുത്താന്‍ സാധിക്കുന്നുവോ അത്രയും നല്ലത്.
- എമര്‍ജന്‍സി ഫണ്ടില്‍ നിന്നും ആദായം പ്രതീക്ഷിക്കരുത്.
- നിങ്ങള്‍ക്ക് വിശ്വസ്തമായ ഏതെങ്കിലും ബാങ്കില്‍ 4 മുതല്‍ 6 ശതമാനം വരെ പലിശ നിരക്ക് ലഭിക്കുന്ന സേവിംഗ്‌സ് അക്കൗണ്ടില്‍ ഈ തുക നിക്ഷേപിക്കാം.
- ഏതെങ്കിലും നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിനേക്കാല്‍ പ്രാധാന്യം എമര്‍ജന്‍സി ഫണ്ട് കരുതുന്നതിനുണ്ട്.
- നിങ്ങള്‍ക്ക് അപര്യാപ്തമായ എമര്‍ജന്‍സി ഫണ്ടും ഒപ്പം മറ്റേതെങ്കിലും തരത്തിലുള്ള നിക്ഷേപവുമുണ്ടെങ്കില്‍ തത്ക്കാലത്തേക്ക് നിക്ഷേപം അവസാനിപ്പിച്ച് ആ തുക കൂടി വകയിരുത്തി എമര്‍ജന്‍സി ഫണ്ടില്‍ മതിയായ തുക ഉറപ്പുവരുത്തുന്നതാണ് അഭികാമ്യം.
ഇന്‍ഷുറന്‍സ് കവറേജുകളോട് മുഖം തിരിക്കേണ്ട
എത്ര തുകയുടെ കവറേജ് ലഭിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ വേണമെന്ന് കൃത്യമായ നിബന്ധനകളോ കണക്കുകളോ ഇല്ല. നിലവില്‍ ഒരു പത്ത് ലക്ഷം രൂപയുടെ ആരോഗ്യ പോളിസി മതിയാകും. എങ്കിലും നിങ്ങള്‍ 25 ലക്ഷം രൂപയുടെ ഒരു പോളിസിയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ 35 മുതല്‍ 53 ശതമാനം വരെ അധികം തുക അതിനായി ചിവഴിക്കേണ്ടി വരും. 50 വയസ്സിന് മുകളിലുള്ള ഒരു വ്യക്തിയ്ക്ക് 10 ലക്ഷം രൂപയുടെ ഒരു ഇന്‍ഷുറന്‍സ് പോളിസിയ്ക്കായി ചിലവിടേണ്ടി വരുന്നത് ഏകദേശം 20,000 രൂപയോളമാണ്. 25 ലക്ഷം രൂപയുടേതാണ് പോളിസി എങ്കില്‍ പ്രതിവര്‍ഷം 26,000 രൂപ മുതല്‍ 27,000 രൂപ വരെയാണ് ചിലവ് വരിക.
കവറേജ് തുക കണ്ടെത്തുവാന്‍
ലൈഫ് ഇന്‍ഷുറന്‍സ് പരിഗണിക്കുമ്പോള്‍, നിങ്ങള്‍ക്കാവശ്യമായ കവറേജ് തുക കണ്ടെത്തുന്നതിനായി പല മാര്‍ഗങ്ങളുമുണ്ട്. അതിലൊന്നാണ് ഇന്‍കം റീപ്ലേസ്‌മെന്റ് വാല്യൂ. ഇത് പ്രകാരം നിങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന വരുമാനത്തെ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്നതിനായുള്ള റിട്ടയര്‍മെന്റ് വരെയുള്ള വര്‍ഷങ്ങള്‍ കൊണ്ട് ഗുണിക്കുകയാണ് ചെയ്യുക. ഉദാഹരണത്തിന് നിങ്ങളുടെ നിലവിലുള്ള വരുമാനം 12 ലക്ഷം രൂപയും നിങ്ങള്‍ റിട്ടയര്‍ ചെയ്യുവാന്‍ ഇനി 25 വര്‍ഷങ്ങള്‍ ശേഷിക്കുന്നു എന്നും കരുതുക. അപ്പോള്‍ നിങ്ങള്‍ക്കാവശ്യമായ ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് 12,00,000x25 = 3 കോടി രൂപയായിരിക്കും. മറ്റൊരു രീതിയുള്ളത് ഹ്യൂമന്‍ ലൈഫ് വാല്യൂ മെത്തേഡ് ആണ്. ഇതില്‍ നിങ്ങളുടെ ഇപ്പോഴത്തെ പ്രായം, വരുമാനം, നിലവിലുള്ള സേവിംഗ്‌സുകള്‍, വായ്പ്പകള്‍, ഭാവിയില്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള അധിക വരുമാനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് കവറേജ് തുക കണ്ടെത്തുന്നത്.
ലൈഫ് ഇന്‍ഷുറന്‍സിന്റെ നയപ്രകാരം നിങ്ങളുടെ ഇന്‍ഷുറന്‍സ് കവറേജ് നിങ്ങളുടെ വാര്‍ഷിക വരുമാനത്തിന്റെ ചുരുങ്ങിയത് 10 മുതല്‍ 15 മടങ്ങ് വരെ ആയിരിക്കണം.
നിക്ഷേപകര്‍ പക്വത കൈവരിക്കുന്നത് അനുഭവത്തിലൂടെയാണ്
വിപണിയിലുണ്ടാകുന്ന പെട്ടെന്നുള്ള ചാഞ്ചാട്ടങ്ങള്‍ക്ക് അനുസരിച്ച് പരിഭ്രമിച്ച് ഓഹരികള്‍ വില്‍ക്കുന്ന നിക്ഷേപകനാണ് നിങ്ങളെങ്കില്‍ സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ക്ക നേരെ കണ്ണടക്കുയാണ് നിങ്ങള്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡിന്റെ തുടക്ക കാലത്ത് മുതലുള്ള ഓഹരി വിപണിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്കത് വ്യക്തമാകും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് ഉണ്ടാക്കുന്നതിനുള്ള പ്രധാന മാര്‍ഗം വിപണിയിലെ ചാഞ്ചാട്ടങ്ങളില്‍അമിത പരിഭ്രമം കാണിക്കാതെ നിക്ഷേപങ്ങള്‍ തുടരുക എന്നതാണ്.
ജീവിതശൈലിയ്ക്കായ് പണം കടം വാങ്ങാതിരിക്കുക
ഭവന വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍ തുടങ്ങിയ വായ്പകള്‍ നമുക്ക് ഒഴിച്ചു കൂടാന്‍ സാധിക്കാത്ത വായ്പ്പകളുടെ ഗണത്തില്‍ പെടുത്താവുന്നവയാണ്. അതിനൊപ്പം തന്നെ ധാരാളം ലൈഫ് സ്റ്റൈല്‍ വായ്പകളും നമുക്ക് ചുറ്റും ഇന്ന് കാണാന്‍ സാധിക്കും. നമ്മള്‍ അതില്‍ ചെന്ന് പെടാനുള്ള സാധ്യതകളും വളരെയേറെയാണ്.
വീട്ടിലേക്കൊരു പുതിയ ഫ്രിഡ്‌ജോ, എസിയോ മറ്റോ വാങ്ങാന്‍ ചെന്നാല്‍ അവിടെയും കാണാം പുജ്യം പലിശ നിരക്കില്‍ വായ്പ ലഭിക്കുമെന്ന്. ഓഫര്‍ കൂടുതല്‍ അകര്‍ഷകമാക്കുന്നതിനായി ചിലപ്പോള്‍ അതിനൊപ്പം കിഴിവുകളും ക്യാഷ് ബാക്ക് ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ടാകും. ഓണ്‍ലൈന്‍ ഷോപ്പിംഗിലും സ്ഥിതി വ്യത്യസ്തമല്ല. ഒപ്പം ക്രെഡിറ്റ് കാര്‍ഡിന് സമാനമായി വായ്പ ലഭ്യമാക്കുന്ന അപ്ലിക്കേഷുകളും നിരവധിയുണ്ട്.
ജീവിത ശൈലീ ആവശ്യങ്ങള്‍ക്കായുള്ള ഇത്തരം വായ്പകള്‍ സ്വീകരിക്കാതിരിക്കുന്നതാണ് നല്ലത്. അതിനി എത്ര മികച്ച ഓഫര്‍ ആണെന്ന് തോന്നിയാലും. ഇനി അഥവാ ഇത്തരം വായ്പകള്‍ എടുക്കുകയാണെങ്കില്‍ കൃത്യമായും ഒരു മാസത്തിനകം അടച്ചുതീര്‍ക്കാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം എടുക്കുക.


Click it and Unblock the Notifications


