സാമ്പത്തിക വിദ്യാഭ്യാസം എന്നത് ഇന്നത്തെ ജെൻ സീ തലമുറയ്ക്കും യുവ പ്രൊഫഷണലുകൾക്കും നേടിയെടുക്കാവുന്ന ഏറ്റവും മൂല്യവത്തായ നൈപുണ്യങ്ങളിൽ ഒന്നാണ്. എന്നിരുന്നാലും, ലോകമെമ്പാടും ഇത് വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ല. നമ്മുടെ സാമ്പത്തിക ശീലങ്ങളിൽ പലതും രൂപപ്പെടുന്നത് കൗമാരകാലത്തോ അല്ലെങ്കിൽ യൗവനത്തിന്റെ ആദ്യഘട്ടങ്ങളിലോ ആണ്.

സാമ്പത്തിക കാര്യങ്ങളിൽ എത്ര നേരത്തെ ആത്മവിശ്വാസം വളർത്തിയെടുക്കുന്നുവോ, അത്രത്തോളം മികച്ച രീതിയിൽ സ്വന്തം സാമ്പത്തിക ഭാവി അറിവോടും നിശ്ചയദാർഢ്യത്തോടും കൂടി കൈകാര്യം ചെയ്യാൻ യുവാക്കൾക്ക് സാധിക്കും. നേരത്തെ തന്നെ സാമ്പത്തിക അറിവ് നേടുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും, ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന മികച്ച സാമ്പത്തിക തീരുമാനങ്ങൾക്ക് അത് എങ്ങനെ അടിത്തറയാകുന്നു എന്നും അറിയാം.
ആഗോളതലത്തിൽ സാമ്പത്തിക വിദ്യാഭ്യാസം എന്തുകൊണ്ട് പ്രധാനമാണ്?
വിവിധ രാജ്യങ്ങളിലെ സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ അഭാവം, പ്രത്യേകിച്ച് സെഡ് ജനറേഷനിൽ പെട്ട യുവാക്കളെ തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സാമ്പത്തിക ഘട്ടങ്ങൾ നേരിടാൻ പ്രാപ്തരല്ലാതാക്കുന്നു. ബജറ്റ് തയ്യാറാക്കുന്നതിനെക്കുറിച്ചോ, സമ്പാദ്യവും ഊഹക്കച്ചവടവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചോ അടിസ്ഥാനപരമായ അറിവില്ലാത്ത കൗമാരക്കാരും നവതൊഴിലന്വേഷകരും ഉയർന്ന പലിശയുള്ള കടക്കെണിയിൽ അകപ്പെടാൻ സാധ്യതയുണ്ട്. ഇത് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപങ്ങളായ വീട് വാങ്ങുന്നതിനെയോ ഒരു കുടുംബം തുടങ്ങുന്നതിനെയോ വൈകിപ്പിക്കുകയും, അവരുടെ ജീവിതകാലത്തെ മുഴുവൻ സാമ്പത്തിക ഗതിയെത്തന്നെ ബാധിക്കുകയും ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും വലിയ യുവജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, യുവാക്കൾക്ക് സാമ്പത്തിക വിദ്യാഭ്യാസം നൽകുക എന്നത് ഒരു സാമൂഹിക ആവശ്യകതയും സാമ്പത്തിക അവസരവുമാണ്. സാമ്പത്തിക കാര്യങ്ങളിൽ ആത്മവിശ്വാസവും അറിവുമുള്ള യുവാക്കൾ നിക്ഷേപങ്ങൾ നടത്താനും, പുതിയ സംരംഭങ്ങൾ തുടങ്ങാനും, രാജ്യത്തിന്റെ സുസ്ഥിരമായ വളർച്ചയ്ക്ക് സംഭാവന നൽകാനും കൂടുതൽ താല്പര്യം കാണിക്കുന്നു. എന്നിരുന്നാലും, ഇന്ത്യയിൽ ഇപ്പോഴും സാമ്പത്തിക സാക്ഷരതയിൽ വലിയൊരു വിടവ് നിലനിൽക്കുന്നുണ്ട്. 'നാഷണൽ സെന്റർ ഫോർ ഫിനാൻഷ്യൽ എഡ്യൂക്കേഷൻ' റിപ്പോർട്ട് പ്രകാരം, വികസിത രാജ്യങ്ങളിലെ ശരാശരി 52 ശതമാനമാണെന്നിരിക്കെ ഇന്ത്യയിലെ മുതിർന്നവരിൽ 27 ശതമാനം പേർക്ക് മാത്രമാണ് സാമ്പത്തിക സാക്ഷരതയുള്ളത്. യുവാക്കളെ സാമ്പത്തിക അറിവുകളും വൈദഗ്ധ്യവും കൊണ്ട് സജ്ജരാക്കേണ്ടതിന്റെ അനിവാര്യതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ ആവശ്യം
ജെൻ സീ തലമുറയിൽ ജോലിയിൽ പ്രവേശിക്കുന്നവർക്കും പ്രായോഗികമായ സാമ്പത്തിക വിദ്യാഭ്യാസം നൽകുന്നത് വെറും സിദ്ധാന്തങ്ങളേക്കാൾ കൂടുതൽ ഉപയോഗപ്രദമായ നൈപുണ്യങ്ങൾ പഠിപ്പിക്കുന്നതിലൂടെയായിരിക്കണം. വരവ് ചെലവുകൾ കൃത്യമായി അറിഞ്ഞിരിക്കുക എന്നതാണ് സാമ്പത്തിക അച്ചടക്കത്തിന്റെ ആദ്യപടി. ഇതിനായി 50/30/20 എന്ന ലളിതമായ രീതി പിന്തുടരാവുന്നതാണ്. അതായത്, 50% വാടക, ഭക്ഷണം തുടങ്ങിയ ഒഴിവാക്കാൻ പറ്റാത്ത അത്യാവശ്യ കാര്യങ്ങൾക്കായി മാറ്റിവയ്ക്കുക. വിനോദം, യാത്രകൾ തുടങ്ങിയ വ്യക്തിപരമായ താൽപ്പര്യങ്ങൾക്കായി 30% മാറ്റിവയ്ക്കാം. 20% ഭാവിയിലേക്ക് കരുതി വയ്ക്കാം. ഒരു മാസത്തെ നിങ്ങളുടെ ചെലവുകൾ എഴുതി സൂക്ഷിക്കുന്നത് നൂറ് ക്ലാസുകളിൽ ഇരുന്ന് പഠിക്കുന്നതിനേക്കാൾ വലിയ മാറ്റം നിങ്ങളിൽ കൊണ്ടുവരും.
സാമ്പത്തിക ഭദ്രതയ്ക്ക് ക്രെഡിറ്റ് സ്കോർ പ്രധാനമാണ്. നല്ല ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടെങ്കിൽ കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭിക്കും. എന്നാൽ അശ്രദ്ധമായ കടംവാങ്ങൽ പിഴകളിലേക്കും വലിയ മാനസിക സമ്മർദ്ദത്തിലേക്കും നിങ്ങളെ നയിക്കും. സ്റ്റുഡന്റ് ലോണുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ എടുക്കുമ്പോൾ അവ കൃത്യമായി തിരിച്ചടയ്ക്കാനുള്ള പ്ലാൻ മുൻകൂട്ടി തയ്യാറാക്കുക. അവയെ പെട്ടെന്നുള്ള ആവശ്യങ്ങൾക്കുള്ള എളുപ്പവഴിയായി കാണരുത്.
ഡിജിറ്റൽ ടൂളുകളുടെയും ഫിൻടെക്സ്വീകാര്യതയുടെയും പങ്ക്
ജെൻ സി, യുവ പ്രൊഫഷണലുകൾ എന്നിവർ പണം കൈകാര്യം ചെയ്യുന്ന രീതിയിൽ ഫിൻടെക് വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ബഡ്ജറ്റിംഗ് ആപ്പുകൾ, യുപിഐ, ഡിജിറ്റൽ വാലറ്റുകൾ, മൈക്രോ-ഇൻവെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ എന്നിവ പണം കൈമാറുന്നതും, എസ്‌ഐപി ആരംഭിക്കുന്നതും അല്ലെങ്കിൽ സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന ബാക്കി തുക നിക്ഷേപമായി മാറ്റുന്നതും എളുപ്പമാക്കിയിരിക്കുന്നു.
ഈ സൗകര്യം ഒരു 'ഇരട്ടത്തലയുള്ള വാൾ' പോലെയാണ്: തൽക്ഷണ പേയ്‌മെന്റുകളും 'ബൈ നൗ പേ ലേറ്റർ' ഓഫറുകളും അനാവശ്യമായ ചിലവുകൾക്ക് പ്രേരിപ്പിച്ചേക്കാം. സാങ്കേതികവിദ്യയെ പാടെ ഉപേക്ഷിക്കുകയല്ല ഇതിനുള്ള പരിഹാരം; മറിച്ച് ചില നിയമങ്ങൾ കൂടി ഇതിനോടൊപ്പം ചേർക്കുക എന്നതാണ്. ഉദാഹരണത്തിന്, പ്രതിമാസ പരിധികൾ നിശ്ചയിക്കുക, കൃത്യമായ ഇടവേളകളിൽ ചിലവുകൾ പരിശോധിക്കുക, സർവീസ് ചാർജുകളെക്കുറിച്ച് ബോധവാന്മാരാവുക എന്നിവ പ്രധാനമാണ്.
വിദേശ പഠനം അല്ലെങ്കിൽ തൊഴിൽ മേഖലയിലേക്കുള്ള പ്രവേശം
വിദേശത്ത് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾ കറൻസി മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ, രാജ്യാന്തര ഇടപാട് ഫീസുകൾ, ഇൻഷുറൻസ്, അടിയന്തര സാഹചര്യങ്ങൾക്കുള്ള കരുതൽ ധനം എന്നിവ മുൻകൂട്ടി പ്ലാൻ ചെയ്യേണ്ടത് അത്യാവശ്യമാണ്. പണം ഒന്നിച്ച് മാറ്റുന്നതിന് പകരം ഘഡുക്കളായി മാറ്റുന്നത് അപ്രതീക്ഷിത നഷ്ടങ്ങൾ കുറയ്ക്കാൻ സഹായിക്കും. കൂടാതെ, കുറഞ്ഞ നിരക്കിലുള്ള സ്റ്റുഡന്റ് ബാങ്കിംഗ് സേവനങ്ങളും പ്രയോജനപ്പെടുത്താവുന്നതാണ്.
ആദ്യമായി ശമ്പളം ലഭിച്ചു തുടങ്ങുന്ന ഒരു യുവാവ്, 3 മുതൽ 6 മാസത്തെ ചിലവുകൾക്കുള്ള തുക അടിയന്തര നിധിയായി മാറ്റിവെക്കുക, സ്വന്തം ശമ്പളത്തിന്റെ ഘടന കൃത്യമായി മനസ്സിലാക്കുക, ചെറിയൊരു ഭാഗം തുടക്കത്തിലേ നിക്ഷേപങ്ങൾക്കായി മാറ്റിവെക്കുക തുടങ്ങിയ സ്മാർട്ടായ ശീലങ്ങൾ വളർത്തിയെടുക്കണം. ഇത് ദീർഘകാലാടിസ്ഥാനത്തിൽ സമ്പത്ത് കെട്ടിപ്പടുക്കാൻ സഹായിക്കും.
നിക്ഷേപങ്ങൾ നേരത്തെ തുടങ്ങുന്നതിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം സമയവും കൂട്ടുപലിശയുടെ ഗുണവുമാണ്. മാസം തോറും ചെറിയ തുകയാണെങ്കിൽ പോലും നേരത്തെ നിക്ഷേപിച്ചു തുടങ്ങുന്നത് വലിയ മാറ്റമുണ്ടാക്കും. നിക്ഷേപ തീരുമാനങ്ങൾ വൈകിപ്പിക്കുന്നത് തുടക്കത്തിൽ നമ്മൾ നടത്തുന്ന ചെറിയ ത്യാഗങ്ങളെക്കാൾ വലിയ നഷ്ടമാകും ഭാവിയിൽ വരുത്തിവെക്കുക.
സാമ്പത്തിക ആത്മവിശ്വാസം എന്നത് ലളിതവും ആവർത്തിച്ചുള്ളതുമായ ചില പ്രവൃത്തികളിലൂടെ നേടിയെടുക്കേണ്ട ഒന്നാണ്: പണമിടപാടുകൾ കൃത്യമായി രേഖപ്പെടുത്തുക, കൃത്യസമയത്ത് സമ്പാദിക്കുക, ക്രെഡിറ്റ് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുക, ഡിജിറ്റൽ സംവിധാനങ്ങൾ അച്ചടക്കത്തോടെ കൈകാര്യം ചെയ്യുക എന്നിവയാണവ. ഇന്ത്യയുടെ പുതുതലമുറയ്ക്ക്, മികച്ച അടിസ്ഥാന വിദ്യാഭ്യാസവും ഡിജിറ്റൽ സാമ്പത്തിക സേവനങ്ങളുടെ ലഭ്യതയും വിദഗ്ധരുടെ മാർഗനിർദ്ദേശങ്ങളും ഉണ്ടെങ്കിൽ അവരുടെ ചെറിയ തീരുമാനങ്ങളെ വലിയ നേട്ടങ്ങളാക്കി മാറ്റാൻ സാധിക്കും.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം



Click it and Unblock the Notifications