സ്ത്രീകൾക്കു വേണ്ടി നിരവധി പ്രത്യേക പദ്ധതികൾ സർക്കാർ അവതരിപ്പിക്കാറുണ്ട്. അവയെല്ലാം സ്ത്രീകളുടെ സാമ്പത്തിക സുരക്ഷക്കും മുന്നേറ്റത്തിനും വേണ്ടിയാണ്. അത്തരത്തിൽൽ എൽഐസി സ്ത്രീകൾക്കായി ആരംഭിച്ച പ്രത്യേക പദ്ധതിയാണ് എൽഐസി ബീമ സഖി. എൽഐസി അഥവാ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കും സാമ്പത്തിക സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്നു. അതിനാൽ നിരവധി പദ്ധതികൾ എൽഐസി അവതരിപ്പിക്കാറുണ്ട്.
പൊതുമേഖലാ ലൈഫ് ഇൻഷുറൻസ് കമ്പനിയായ എൽഐസി അവതരിപ്പിക്കുന്ന എൽഐസി ബീമ സഖി എന്ന സ്കീമിലൂടെ സ്ത്രീകൾക്ക് പ്രതിമാസം കുറഞ്ഞത് 7,000 രൂപ വരെ ലഭിക്കും. കഴിഞ്ഞ വർഷം ഡിസംബർ 9 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി അവതരിപ്പിച്ചത്. സ്ത്രീകളെ ശാക്തീകരിക്കുകയും അതിന് അനുസരിച്ച് സമ്പാദിക്കാൻ സഹായിക്കുകയും ചെയ്യുവാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
എന്താണ് എൽഐസി ബീമ സഖി?
സ്ത്രീകൾക്ക് മാത്രമുള്ള ഒരു പദ്ധതിയാണിത്. സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചത്. അതായത് ഈ സ്കീമിനു കീഴിൽ അപേക്ഷിച്ച സ്ത്രീകൾക്ക് എൽഐസി ഏജന്റുമാരാകാനും സാമ്പത്തികമായി സ്വതന്ത്രരാകാനും പരിശീലനം നൽകും. ഇന്ത്യയിലെ പിന്നോക്ക മേഖലകളിലെ ആളുകൾക്ക് ഇൻഷുറൻസ് ഉറപ്പാക്കുന്നതിനും ഇൻഷുറൻസിൻ്റെ പ്രാധാന്യം വളർത്തുന്നതിനും ബീമ സഖി സ്കീം സഹായിക്കുമെന്ന് എൽഐസി പ്രതീക്ഷിക്കുന്നു.

എൽഐസി ബീമ സഖി സ്കീമിൻ്റെ യോഗ്യത അറിയാം...
ഈ സ്കീമിൽ സ്ത്രീകൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു. എന്നാൽ അപേക്ഷിക്കുന്ന സ്ത്രീകൾ പത്താം ക്ലാസ് യോഗ്യത നേടിയിരിക്കണം. സ്ത്രീകളുടെ പ്രായ പരിധി 18നും 70 വയസ്സിനിടയിലാവണം. അതിനാൽ പ്രായ പൂർത്തിയായ സ്ത്രീകൾക്ക് ഇവിടെ അപേക്ഷിച്ച് തുടങ്ങാം. ബിരുദ പഠനം പൂർത്തിയാക്കിയ ബീമ സഖികൾക്ക് എൽഐസി ഏജന്റുമാരായി ജോലി ചെയ്യാനുള്ള അവസരം ഇതിലൂടെ ലഭിക്കും. മാത്രമല്ല ഡെവലപ്‌മെന്റ് ഓഫീസറുടെ റോളിലേക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
പക്ഷേ നിലവിലുള്ള ഏജന്റിന് എംസിഎ ആയി അപേക്ഷിക്കാൻ കഴിയില്ല. കൂടാതെ, നിലവിലുള്ള ഏജന്റുമാരുടെയോ ജീവനക്കാരുടെയോ ബന്ധുക്കൾക്ക് എംസിഎ ആയി നിയമനത്തിന് അർഹതയുണ്ടായിരിക്കില്ല.
സ്റ്റൈപ്പൻഡ് എത്ര ലഭിക്കും?
ഈ പദ്ധതിയിൽ ചേർന്നാൽ ആദ്യത്തെ മൂന്ന് വർഷത്തേക്ക് എൽഐസി ഒരു നിശ്ചിത സ്റ്റൈപ്പൻഡ് നൽകും. ഇത് പോളിസി വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന കമ്മീഷന് പുറമേ ലഭിക്കുന്നതാണ് എന്നത് ശ്രദ്ധേയമാണ്. സ്ത്രീകൾക്ക് പ്രതിമാസ വരുമാനം 7,000 രൂപയിൽ ആരംഭിക്കും. ആദ്യ വർഷം പ്രതിമാസം 7,000 രൂപ ലഭിക്കും. രണ്ടാം വർഷം പ്രതിമാസ പേയ്‌മെന്റ് 6,000 രൂപയായിരിക്കും. മൂന്നാം വർഷമാകുമ്പോഴേക്കും തുക 5,000 രൂപയായി കുറയും. എങ്കിലും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുന്നു.
പക്ഷേ രണ്ടാം വർഷത്തിൽ സ്റ്റൈപ്പൻഡിന് അർഹത നേടുന്നതിന്, നിങ്ങൾ ആദ്യ വർഷത്തിൽ കുറഞ്ഞത് 65 ശതമാനം പോളിസികൾ പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ ഈ പദ്ധതിയിൽ ചേരുമ്പോൾ നിങ്ങളുടെ സ്കിൽ ഡെവലപ്മെൻ്റും വളരുന്നു.
ഓൺലൈനായി അപേക്ഷിക്കാം....
1. ആദ്യം https://licindia.in/test2 എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
2. വെബ്സൈറ്റിൻ്റെ ഏറ്റവും താഴെ ക്ലിക്ക് ഫോർ ബീമാ സഖി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
3. ആ ഓപ്ഷൻ തിരഞ്ഞെടുത്താൽ അപേക്ഷാ ഫോം സ്ക്രീനിൽ തുറക്കും, അതിൽ നിങ്ങളുടെ വിവരങ്ങൾ പൂരിപ്പിക്കുക.
4. എല്ലാ വിവരങ്ങളും പൂരിപ്പിച്ച് കൃത്യമായി പരിശോധിക്കുക. അതിനു ശേഷം ക്യാപ്ച നൽകി സബ്മിറ്റ് ചെയ്യുക.


Click it and Unblock the Notifications