ജോലിയിൽ നിന്നും വിരമിച്ച ശേഷമുള്ള ജീവിതം സുഗമമാകണമെങ്കിൽ സാമ്പത്തിക പിന്തുണ അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ റിട്ടയർമെൻ്റ് ആസൂത്രണം ചെയ്യാൻ ആളുകൾ ഇന്ന് ഓഹരി വിപണിയിലും സർക്കാർ പദ്ധതികളിലും നിക്ഷേപിക്കുന്നു. ഓഹരി വിപണിയിലെ അപകടസാധ്യത കണക്കിലെടുത്ത് മിക്കവരും സർക്കാർ പദ്ധതികൾ തിരഞ്ഞെടുക്കുന്നു. നിങ്ങൾക്കും റിസ്‌ക് എടുക്കാൻ താൽപ്പര്യമില്ലെങ്കിൽ, വിരമിക്കലിന് ഒരു നിശ്ചിത തുക വേണമെങ്കിൽ എൽഐസിയുടെ ഒരു പദ്ധതിയിൽ ചേരാം. ഏതാണ് ആ പദ്ധതി എന്നാണോ, അതാണ് എൽഐസി സരൾ പെൻഷൻ പദ്ധതി.
എൽഐസി സരൾ പെൻഷൻ പദ്ധതി
എല്ലാ പ്രായക്കാർക്കും അനുയോജ്യമായ പദ്ധതിക( ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് ഉണ്ടെന്നതാണ് യഥാർഥ്യം. എന്നാൽ 40- 80 വയസ്സ് പ്രായമുള്ളവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന പ്ലാൻ ആണ് സരൾ പെൻഷൻ യോജന. ഒരു തവണ മാത്രമേ ഇതിൽ നിക്ഷേപിക്കാൻ കഴിയൂ, ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കുമെന്നതാണ് ഇതിൻ്റെ പ്രത്യേകത. എൽഐസി സരൾ പെൻഷൻ പ്ലാൻ ഒരു റിട്ടയർമെൻ്റ് പ്ലാൻ എന്ന നിലയിൽ വളരെ ജനപ്രിയമാണ്.
ഒരു വ്യക്തി ഒരു സ്വകാര്യ മേഖലയിലോ സർക്കാർ വകുപ്പിലോ ജോലി ചെയ്യുകയും വിരമിക്കുന്നതിന് മുമ്പ് തൻ്റെ പിഎഫ് ഫണ്ടും ഗ്രാറ്റുവിറ്റി തുകയും അതിൽ നിക്ഷേപിച്ചാൽ, അയാൾക്ക് ജീവിതകാലം മുഴുവൻ എല്ലാ മാസവും പെൻഷൻ്റെ ആനുകൂല്യം ലഭിക്കുന്നു.

കുറഞ്ഞത് 1000 രൂപ
കുറഞ്ഞത് 1000 രൂപ മുതൽ തുടങ്ങുന്ന പെൻഷൻ ഓപ്ഷനുകൾ കൊണ്ട് സമ്പന്നമാണ് ഈ സ്‌കീം. നിങ്ങളുടെ നിക്ഷേപത്തിന് അനുസരിച്ച് ഈ പെൻഷൻ തുക ഉയരും. പരമാവധി പെൻഷന് പരിധിയില്ല. പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക, വാർഷിക പെൻഷൻ ഓപ്ഷനുകൾ സ്‌കീം വാഗ്ദാനം ചെയ്യുന്നുണ്ട്.
അക്കൗണ്ടുകൾ രണ്ട് തരം
സിംഗിൾ അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും സരൾ സ്‌കീം വാഗ്ദാനം ചെയ്യുന്നുണ്ട്. സിംഗിൾ അക്കൗണ്ടിന് കീഴിൽ പോളിസിയുടമ ജീവിച്ചിരിക്കുന്നിടത്തോളം കാലം പെൻഷൻ കിട്ടും. അദ്ദേഹത്തിന്റെ മരണത്തോടെ നിക്ഷേപ തുക നോമിനിക്കു കിട്ടും. ജോയിന്റ് അക്കൗണ്ട് ദമ്പതികൾക്കും മറ്റും അനുയോജ്യമാണ്. ഇവിടെ പോളിസിയുടമ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവൻ/ അവൾക്ക് പെൻഷൻ കിട്ടും. പോളിയുടമ മരിച്ചാൽ പങ്കാളിക്ക് തുടർന്ന് പെൻഷൻ കിട്ടും. ഇനി രണ്ട് പേരും മരിക്കുന്ന സാഹചര്യം ഉണ്ടായാൽ നിക്ഷേപ തുക നോമിനിക്ക് കിട്ടും.

12000 രൂപ പെൻഷൻ എങ്ങനെ ലഭിക്കും...?
എൽഐസിയുടെ സരൾ പെൻഷൻ യോജനയിൽ, നിങ്ങൾക്ക് എല്ലാ മാസവും 12,000 രൂപയെങ്കിലും വാർഷികമായി നേടാൻ സാധിക്കും. ഈ പോളിസി പ്ലാൻ പ്രകാരം, ഒരു തവണ പ്രീമിയം അടച്ച് ഏതൊരു പൗരനും വാർഷിക, അർദ്ധ വാർഷിക, ത്രൈമാസ, പ്രതിമാസ പെൻഷൻ ലഭിക്കും. എൽഐസി കാൽക്കുലേറ്റർ അനുസരിച്ച്, 40 വയസ്സുള്ള ഏതെങ്കിലും വ്യക്തി 30 ലക്ഷം നിക്ഷേപിച്ചാൽ അയാൾക്ക് എല്ലാ മാസവും 12,388 രൂപ പെൻഷൻ ലഭിക്കും.
നിങ്ങൾക്ക് വായ്പയും എടുക്കാം
എൽഐസിയുടെ ഈ പ്ലാൻ വാങ്ങാൻ, നിങ്ങൾ www.licindia.in സന്ദർശിക്കണം. ഈ പോളിസിക്ക് കീഴിൽ 6 മാസം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ, ആവശ്യമെങ്കിൽ നിങ്ങൾക്ക് ഇത് സറണ്ടർ ചെയ്യാനും കഴിയും. സറണ്ടർ ചെയ്യുമ്പോൾ നിബന്ധകൾക്കു വിധേയമായി അതുവരെ കൈപ്പറ്റിയ ആനുകൂല്യങ്ങളും മറ്റും കിഴിച്ച് ബാക്കിയുള്ള നിക്ഷേപ തുകയാകും ലഭിക്കുക. കൂടാതെ, ഈ സ്കീമിന് കീഴിൽ വായ്പയും എടുക്കാം. എന്നിരുന്നാലും, വായ്പ തുക നിങ്ങളുടെ നിക്ഷേപത്തെ ആശ്രയിച്ചിരിക്കും.


Click it and Unblock the Notifications